കാലാവധി കഴിയാത്ത കെഎസ്ആർടിസി പൊളിക്കൽ; നടപടി നിർത്തിവയ്ക്കാൻ മന്ത്രി
പത്തുവര്‍ഷം മാത്രമായതും ലൈനില്‍ ഒാടുന്നതുമായ കെ.എസ്.ആര്.ടി.സി ബസുകള്‍ പൊളിച്ചുവില്‍ക്കാനുള്ള നടപടികള്‍ ഗതാഗതമന്ത്രി നിര്‍ത്തിവയ്പിച്ചു. വിശദമായ പഠനം നടത്തിയിട്ട് മാത്രം കണ്ടം ചെയ്യേണ്ട ബസുകളുടെ പട്ടിക തയാറാക്കിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥരെ ഒാഫീസില്‍ നേരിട്ടുവിളിച്ചുവരുത്തി മന്ത്രി നിര്‍ദേശം നല്കി.
കാലാവധി തീരാത്ത ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള കെ.എസ്.ആര്.ടി.സിയുടെ തീരുമാനം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. കെ.എസ്.ആര്.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥരെ ഒാഫീസില്‍ വിളിച്ചുവരുത്തി മന്ത്രി വിശദീകരണം തേടി. 990 ബസുകള്‍ സ്പെയര്‍പാട്സുകള്‍ ഇല്ലാത്തതെ ഡോക്കില്‍ കിടക്കുന്നുണ്ടെന്നും തീരുമാനിച്ച 35 എണ്ണം പൊളിച്ചുവിറ്റാല്‍ അവയുടെ പാട്സുകള്‍ മറ്റുള്ളവയ്ക്ക് ഇട്ട് കുറച്ചെങ്കിലും റോഡില്‍ ഇറക്കാമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എണ്‍പതിനായിരം രൂപ ഇന്‍ഷ്വറന്‍സ് അടയ്ക്കാനുണ്ടെന്നും അടച്ചാലും അധികനാള്‍ ഈ ബസുകള്‍ ഒാടിക്കാനാകില്ലെന്നും ഉദ്യോഗ്സ്ഥര്‍ പറയുന്നു. എന്നാല്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകള്‍ എന്തിനാണ് പൊളിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് നടപടി നിര്‍ത്തിവയ്ക്കാനും വിശദമായ പഠനം നടത്താനും മന്ത്രി ആവശ്യപ്പെട്ടത്.
പൊളിക്കാന്‍ തീരുമാനിച്ച 35 ബസുകള്‍ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. എം.ഡി സ്ഥലത്തില്ലാത്തതിനാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. എം.ഡിയെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും യോഗം വിളിക്കും.