ന്യൂഡല്‍ഹി : ഫാസ്ടാഗ് വാങ്ങാത്തവര്‍ക്ക് സൗജന്യമായി നല്കാന് ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഫെബ്രുവരി 15 മുതല്‍ 29 വരെ ഫാസ്ടാഗ് സൗജന്യമായി നല്കാന് ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രജിസ്ട്രേഷന് ഫീസായ 100 രൂപയാണ് സൗജന്യമായി നല്‍കുന്നതെന്നാണ് സൂചന. അതേസമയം വാലിഡായ ആര്‍സി ബുക്കുമായി എത്തുന്നവര്‍ക്കേ സൗജന്യമായി ഫാസ്ടാഗ് നല്‍കൂ എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ആര്‍സി ബുക്കുമായി എന്‍എച്ച് ടോള്‍ പ്ലാസകള്‍, ആര്‍ടിഒ ഓഫീസുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് ഫാസ്ടാഗ് ലഭിക്കും. കൂടാതെ 1033 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചും, മൈ ഫാസ്ടാഗ് ആപ്പ് മുഖേനയും ഫാസ്ടാഗ് നേടാം. കൂടുതല്‍ ആളുകളെ ഫാസ്ടാഗിലേക്ക് ആകര്‍ഷിക്കുകയാണ് ഫാസ്ടാഗ് സൗജന്യമായി നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ജനുവരി 15 മുതലാണ് രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പിക്കിത്തുടങ്ങിയത്. ടോള്‍പ്ലാസയിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഫാസ്ടാഗ് സംവിധാനം ആരംഭിച്ചത്. ടോള്‍ പ്ലാസകളില്‍ ടോള്‍ തുക അക്കൗണ്ട് വഴി കൈമാറുന്ന ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍തുക ആയിരിക്കും ഈടാക്കുക.