ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. അഞ്ചുകോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാസര്‍കോട് ബേളയിലാണ് ഹൈടെക്ക് ട്രാക്കും വാഹനപരിശോധനകേന്ദ്രവും മോട്ടോര്‍ വാഹനവകുപ്പ് ആരംഭിച്ചിരിക്കുന്നത്.
ഇരുമ്പ് കമ്പികള്‍ക്കിടയിലൂടെ വാഹനം ഒാടിച്ച് എട്ടും എച്ചും ഒക്കെ എടുത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസാകുന്നതൊക്കെ ഇനി പഴങ്കഥ. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഇൗ അത്യാധുനിക ടെസ്റ്റ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. വിസ്തൃതമായ ട്രാക്കിന് ചുറ്റും സ്ഥാപിച്ച സിസിടിവി ക്യാമറകളുടെയും സെന്സറകളുടെയും സഹായത്തൊടെയാണ് ടെസ്റ്റ് നടത്തുക. ചെറിയ ന്യൂനതകള്‍ പോലും തിരിച്ചറിയാന്‍ സാധിക്കുന്ന സാങ്കേതികത്വമാണ് മോട്ടോര്‍വാഹനവകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എട്ടും എച്ചും മാത്രമല്ല ട്രാഫിക് സിഗ്നലുകളിലും കുത്തനെയുളള കയറ്റത്തില്‍ വാഹനം നിര്‍ത്തുന്നതും എല്ലാം കൃത്യമായി നിരീക്ഷിക്കും. ഇങ്ങനെ കുറ്റമതായി വാഹനംമോടിക്കുന്നവര്ക്ക് മാത്രമേ ഇനി ലൈസന്‍സ് ലഭിക്കുകയുളളൂ. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനെ രാജ്യാന്തരനിലവാരത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മേട്ടോര്‍ വാഹനവകുപ്പ് ഇൗ ഹൈടെക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. കാസര്‍കോട് ബേളയില്‍ നിര്‍മിച്ചിരിക്കുന്ന ഹൈടെക്ക് ട്രാക്കിന്റ ഉദ്ഘാടനം ഗതാഗതമന്ത്രി എ,കെ ശശീന്ദ്രന് നിര്‍വഹിച്ചു.
യുഎല്ടിഎസിന്റെ സാങ്കേതിക സഹായത്തോടെ അഞ്ചുകോടി രൂപയോളം ചെലവഴിച്ചാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടത്താനുളള ട്രാക്കിന് പുറമേ വാഹന പരിശോധനയ്ക്കുളള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.