ലോറിയസ് ലോക കായിക പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ക്ക്. 20 വര്‍ഷത്തെ മികച്ച കായിക നിമിഷമെന്ന അംഗീകാരത്തിനാണ് ക്രിക്കറ്റ് ദൈവം അര്‍ഹനായത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായപ്പോള്‍ ലയണല്‍ മെസിയും ലൂയിസ് ഹാമിള്‍ട്ടനും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു.
പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയ ഇതിഹാസത്തിന്റെ ലോകകായിക വേദിയില്‍ പതിറ്റാണ്ടുകളുടെ കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരം. 2011 ലോകകപ്പിന് വിജയത്തിന് ശേഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിന് നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന് പറഞ്ഞു
ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ലോറിയസ് പുരസ്കാരം നേടുന്നത്. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ആറാം ലോകകിരീടം നേടിയ ലൂയിസ് ഹാമിള്‍ട്ടനും ആറാം ബലന് ദി ഓര് നേടിയ ലയണല്‍ മെസിയും പങ്കിട്ടു. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സാണ് മികച്ച വനിത താരം. ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീം ടീം ഓഫ് ദി ഇയറായി.