പ്രേമവിവാഹങ്ങൾക്കു പിന്നിൽ എന്ത്?
ലൗ ജിഹാദ് വിഷയം കത്തിനിൽക്കുമ്പോൾ ഒരു സംഭവകഥ.
പണ്ടത്തെ പോലെയല്ല, ഇന്നൊരു പ്രേമ വിവാഹം രണ്ടു വ്യക്തികളെയോ രണ്ടു കുടുംബങ്ങളെയോ അല്ല ബാധിക്കുന്നത്, ഒരു പക്ഷെ സമുദായങ്ങളെയോ, ഒരു നാടിനെയോ അതോ രാജ്യത്തെ തന്നെയോ ബാധിക്കുന്ന വിഷയമാകാറുണ്ട്. എലാ പ്രേമ വിവാഹങ്ങളും ലൈല-മജ്നു, സലിം-അനാർക്കലി, റോമിയോ-ജൂലിയറ്റ് പ്രേമങ്ങളെ പോലെ പരിശുദ്ധ പ്രേമമാണോ അതോ മറ്റു ഘടകങ്ങൾക്ക് അതിൽ പങ്കുണ്ടോ? അമൃത ടിവിയിലെ ജനോപകാര പരമ്പരയായ കഥയല്ലിത് ജീവിതത്തിലെ ഒരു സംഭവത്തെ ആധാരമാക്കി ഒന്നു വിശകലനം ചെയ്യാം.
ട്രെയിൻ – ഫേസ്ബുക്ക് പ്രേമം
ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഒരപരിചിത ആൺകുട്ടിയെ ഒരു പെൺകുട്ടി പ്രേമിച്ചു വിവാഹം കഴിക്കുമോ? വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷെ അത് സംഭവിച്ചു. മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു ആൺകുട്ടിയും, ക്രിസ്ത്യാനിയായ ഒരു പെൺകുട്ടിയും ഒരു അമ്പലത്തിൽ വച്ച് താലികെട്ടി. ഒരുപക്ഷെ ഒരു സാമുദായിക ലഹളയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു സംഭവം.
ഇങ്ങനെ ഒരു അപരിചിതനെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കണമെങ്കിൽ ആ പെൺകുട്ടിയുടെ ജീവിത പശ്ചാത്തലം എന്തായിരിക്കും?
താളപ്പിഴകളുടെ കുടുംബ ചിത്രം
ഭാര്യ ഭർത്താക്കന്മാർ തമ്മിലെ സ്വരച്ചേർച്ചയില്ലായ്മ ഇന്ന് അപൂർവമല്ല. ചെറിയ ഈഗോ മുതൽ മദ്യപാനം പോലുള്ള ആസക്തികൾ വരെ പല കാര്യങ്ങൾ മനഃശാസ്ത്രജ്ഞർ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റേതാപിതാക്കൾ തമ്മിലുള്ള ഈ സ്വരച്ചേർച്ചയില്ലായ്മ മക്കൾ മുതലെടുക്കുന്നത് ഇന്ന് മിക്ക കുടുംബങ്ങളിലും കാണാവുന്നതാണ്. ഇതിനു പുറമെ, കൗമാരത്തിലേക്കെത്തുന്നതോടെ മക്കളുമായി മാതാപിതാക്കളുടെ ആശയവിനിമയം കുറയുന്നതും മക്കളും മാതാപിതാക്കളുമായുള്ള ബന്ധം വഷളാക്കുന്നു.
മകളും അമ്മയുമൊ അതോ മരുമകളും അമ്മായി അമ്മയുമൊ?
പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ മാതാപിതാക്കളുടെ വിലക്കുകൾ മറികടന്ന് സ്വാതന്ത്ര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നത് തെറ്റായി കാണാനാവില്ല. സ്വന്തമായ വ്യക്തിത്വം രൂപപ്പെടുന്നതിന്റെ ഒരു പടിയായി അതിനെ കാണാം. പക്ഷെ പൊങ്ങിപ്പറക്കുന്ന പട്ടത്തിന്റെ ചരട് മാതാപിതാക്കളുടെ കയ്യിൽ ഉണ്ടെന്നു മക്കൾ ഉറപ്പുവരുത്തണം. അതോടൊപ്പം മക്കൾക്ക് ഉയർന്നു പറക്കാൻ ആവശ്യമായ വിധത്തിൽ ചുറ്റുപാടുകൾക്കനുസരിച് വിവേകത്തോടെ പട്ടത്തിന്റെ ചരട് അയച്ചു കൊടുക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. ചരട് പൊട്ടാതെ മുകളിലേക്ക് കുതിച്ചാലേ ഉയരങ്ങളിലെത്താനാവൂ എന്ന യാഥാർഥ്യം രണ്ടുപേർക്കും വേണം.
കുടുംബത്തിലെ അസ്വാരസ്യങ്ങൾ മൂടിവയ്ക്കണോ?
പ്രശ്നങ്ങൾ തലപൊക്കി തുടങ്ങുമ്പോഴേ അത് ശരിയായ വിധത്തിൽ കൈകാര്യം ചെയ്താൽ എളുപ്പത്തിൽ പരിഹരിക്കാനാവും. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ സങ്കീർണമാവുമെന്നാണ് പല പ്രശ്നങ്ങളും പരിഹരിക്കാൻ ബുദ്ധിമുട്ടാവുന്നത്. ആദ്യ പടിയായി അടുത്തറിയാവുന്ന, പക്വതയുള്ള, കൂടുതൽ ലോക പരിചയമുള്ള ആരോടെങ്കിലും സഹായം തേടാം. രഹസ്യങ്ങളെല്ലാം വിളിച്ചുപറയുകയോ, ഭാര്യയുടെയോ, ഭർത്താവിന്റെയോ കുറ്റങ്ങളിൽ ഫോക്കസ് ചെയ്തുള്ള സംസാരമോ ആവരുത്. ചിലപ്പോൾ ചെറിയ ചില മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും കുടുംബ സാഹചര്യങ്ങളിലും കൊണ്ടുവരിക വഴി ബന്ധങ്ങൾ ഊഷ്മളമാകാനാവും.
മനശാസ്ത്രഞ്ജന്റെ സഹായം തേടുന്നത് മാനസിക അസുഖം ഉള്ളവർ മാത്രമോ?
നമ്മുടെ നാട്ടിലെ ഒരു തെറ്റിദ്ധാരണയാണ് മനശാസ്ത്ര വിദഗ്ദരുടെ സഹായം തേടുന്നത് മാനസിക അസുഖം ഉള്ളവർ മാത്രമാണെന്നാണത്. പല കുടുംബ പ്രശനങ്ങളും ഒരു വിദഗ്ദ കൗൺസെലറുടെ മുന്നിൽ ഇരുന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളു. നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരാൻ അവർക്കു വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ട്. അവരെ സമീപിക്കുന്നത് ഒരു കുറച്ചിലായി കാണേണ്ട. ഇന്ന് കോർപ്പറേറ്റു ലോകത്ത് മാനസിക സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായും കരിയറിൽ ഉയർച്ചയ്ക്കായും മനഃശാസ്ത്ര വിദഗ്ദരുടെ സഹായം തേടുന്നവർ കൂടി വരികയാണ്.പരസ്പര വിശ്വാസവും സ്നേഹവും ആണ് സമാധാന ജീവിതത്തിന്റെ ആണിക്കല്ലെന്നു മനസിലാക്കി, പ്രശ്നങ്ങൾ തല പൊക്കുമ്പോൾ അവ വഷളാകാൻ കാത്തു നിൽക്കാതെ വേണ്ടതു ചെയ്താൽ മക്കൾ അപകടകരമായ പ്രണയ ബന്ധങ്ങളിൽ ചെന്ന് ചാടുന്നത് ഒഴിവാക്കാം.