റിപ്പോർട്ടിലെ പരാമർശങ്ങൾ ശരിയല്ലെന്ന റിപ്പോർട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. തോക്കുകൾ കാണാതായെന്ന ആരോപണം ശരിയല്ലെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ പിഴവുസംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോലീസ് വകുപ്പ് എ.ജി.ക്ക് നൽകിയ വിശദീകരണങ്ങൾ പരിശോധിച്ചും പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യുമായും ഇന്റലിജന്റ്സ് മേധാവിയുമായും ബന്ധപ്പെട്ടുമാണ് ആഭ്യന്തരസെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കിയത്.
1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താറില്ല. പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിലെ തെറ്റാണ് ആയുധങ്ങൾ കാണാനില്ലെന്ന പരാമർശത്തിനിടയാക്കിയത്. കണക്കിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലായ്മയാണ്. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ല. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കംപ്യൂട്ടർവത്കരിക്കും.