സച്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ചുറി കുറിച്ച ഐതിഹാസിക ഇന്നിംഗ്സിന് ഇന്ന് പത്ത് വയസ്സ്. 2010 ഫെബ്രുവരി 24 ന് ഗ്വാളിയാറില്‍ നടന്ന ഏകദിനത്തിലാണ് റെക്കോര്‍ഡുകളുടെ സഹയാത്രികനായ സച്ചിന് ഏകദിന ക്രിക്കറ്റില്‍ ബാലികേറാ മലയായി കരുതിയിരുന്ന ഈ നേട്ടം കൈവരിച്ചത്.
147 പന്തുകളില്‍ ഇരട്ട സെഞ്ചുറി തികച്ച സച്ചിന് 25 ബൗണ്ടറികളും മൂന്ന് സിക്സറുകളും പറത്തി ഇന്ത്യയെ 153 റണ്‍സിന് വിജയത്തിലെത്തിക്കുകയായിരുന്നു. സച്ചിന്റെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ 401 റണ്‍സ് കരസ്ഥമാക്കിയ ടീം ഇന്ത്യയുടെ 3 വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വീഴ്ത്താന്‍ സാധിച്ചത്. ഒന്‍പത് റണ്‍സ് നേടി വിരേന്ദര്‍ സേവാഗും 79 റണ്‍സ് നേടി ദിനേശ് കാര്‍ത്തിക്കും 36 റണ്‍സ് കരസ്ഥമാക്കി യൂസഫ് പഠാനും കളമൊഴിഞ്ഞപ്പോളാണ് സച്ചിന് തന്റെ ബാറ്റ്കൊണ്ട് താണ്ഡവമാടി ഈ നേട്ടം കൈവരിച്ചത്. 68 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണി ഈ ചരിത്രമൂഹുര്ത്തത്തിന് സാക്ഷിയായി.
150 റണ്‍സ് എത്തിയതോടെ പേശിവലിവ് ഉണ്ടായിട്ടും പകരം റണ്ണറെ വെക്കാതെയാണ് സച്ചിന് ഇരട്ട സെഞ്ചുറിയിലേക്ക് പാഞ്ഞ് കയറിയത്. സിംബാവേയുടെ ചാള്‍സ് കാവന്ററിയുടെയും പാക്കിസ്താന്റെ സയീദ് അന്‍വറിന്റെയും ഏകദിന റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ടായിരുന്നു നേട്ടം. 37 പന്തുകളില്‍ അര്‍ധസെഞ്ച്വറിയും 90 പന്തുകളില്‍ സെഞ്ച്വറിയും നേടിയ സച്ചിന് പിന്നിട് ശരവേഗത്തിലായിരുന്നു ചരിത്രത്തിലേക്ക് പറന്ന് കയറിയത്.
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ സച്ചിന് പതിവുപോലെ തന്നെ ഹെല്‍മറ്റ് ഊരി സൗമ്യമായി തന്റെ ബാറ്റ് ആകാശത്തേക്ക് ഉയര്‍ത്തി. അഭിനന്ദിക്കാന്‍ വന്ന ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചറിന് കൈ നല്കി ക്രീസിലേക്ക് മടങ്ങുന്ന രംഗം ആരാധകര്‍ ആവേശത്തോടെയാണ് കണ്ടുനിന്നത്.
സച്ചിനു ശേഷം വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ്മ, മാര്ട്ടിന് ഗപ്റ്റില്‍, ക്രിസ് ഗെയില്‍ എന്നിവര്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ചരിത്ര നേട്ടത്തിലേക്കുളള വഴി വെട്ടിയ ക്രിക്കറ്റ് ദൈവത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറി ഇരട്ടി മധുരമുളളത് തന്നെ.