പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ അംഗങ്ങളായി വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍ 39 പേര്‍ക്കും പ്രതിമാസം കിട്ടുന്നത് 500 രൂപയില്‍ താഴെ മാത്രം. പെന്‍ഷന്‍കാര്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിക്കു മുന്നിൽ പങ്കാളിത്ത പെന്ഷന് പുനഃപരിശോധിക്കുന്നതിനായി പരാതിയുമായി എത്തിയിരിക്കുന്നു.
പങ്കാളിത്ത പെന്‍ഷനില്‍ അംഗങ്ങളായുള്ള 72 പേരാണ് ഇതുവരെ വിരമിച്ചത്. വിരമിക്കല്‍ പ്രായമടുത്തപ്പോള് സ്ഥിരപ്പെട്ട ജീവനക്കാരാണ് ഇതില്‍ ഏറെയും. രണ്ടുലക്ഷത്തില്‍ താഴെമാത്രം പെന്ഷന് ഫണ്ടിലുള്ളവര്ക്ക് പെന്ഷന് കിട്ടാനും അര്‍ഹതയില്ല. 1300 രൂപ ക്ഷേമപെന്ഷന് നല്കുന്ന സംസ്ഥാനത്താണ് സര്‍ക്കാര്‍ ജീവനക്കാരായിരുന്ന് വിരമിച്ചവരുടെ ഈ ദുരവസ്ഥ.
പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ 2017 മുതലാണ് വിരമിച്ച് തുടങ്ങിയത്. സ്റ്റാറ്റ്യൂട്ടറി പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ ഇവര്‍ക്ക് ഒരു ദിവസം ജോലി ചെയ്താല്‍ പോലും എക്സ്ഗ്രേഷ്യ പെന്ഷന് ലഭിക്കുമായിരുന്നു. കുറഞ്ഞത് 2750 രൂപയെങ്കിലും അങ്ങനെയെങ്കില്‍ കിട്ടുമായിരുന്നെന്ന് പങ്കാളിത്ത പെന്‍ഷനില്‍ അംഗങ്ങളായ ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാണിച്ചു.