അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്, മെട്രോ സര്‍വീസ് പുനസ്ഥാപിച്ചു.
പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 150ലേറെ പേർ പരുക്കേറ്റ് ചികിത്സയിൽ ആണ്. വടക്കു കിഴക്കൻ ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും രാത്രി വൈകിയും സംഘർഷം തുടര്‍ന്നു. പലയിടങ്ങളിലും ആവശ്യത്തിന് പോലീസ് സേനയെ വിന്യസിക്കാൻ ആയിട്ടില്ല. അതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അര്‍ധരാത്രി ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി പരുക്കറ്റവര്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നൽകിയിട്ടുണ്ട് . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നടത്താനിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കി. സംഘര്‍ഷങ്ങളുടെ പശ്ചാതലത്തിലാണ് തീരുമാനം.
മുസ്തഫാബാദിൽ വീടുകളും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കി. ചാന്ദ്ബാഗിലും, ഗോകുൽപുരിയിലും ഇന്നലെ രാത്രി അക്രമ സംഭവങ്ങൾ അരങ്ങേറി.