കൊല്ലത്ത് നെടുമൺകാവ്, ഇളവൂരിൽ നിന്ന് കാണാതായ എഴുവയസുകാരിയെ ഇതുവരെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ ധധ്യ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല.
വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും അമ്മ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാൻ പോകില്ലെന്നും അമ്മ പറയുന്നു. കുട്ടിയുടെ അച്ഛൻ പ്രദീപ് ഗൾഫിലാണ്. രാവിലെ 11 മണിയോടെയാണ് ദേവനന്ദയെ കാണാതായത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.