കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ വിദേശ ഉംറ തീർഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. ഉംറ തീര്‍ത്ഥാടകര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചു. കൊറോണ ബാധിത മേഖലയില്‍നിന്നുള്ള സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തി. തീരുമാനം കരിപ്പൂരില്‍നിന്ന് ഉള്‍പ്പെടെ ഉംറക്ക് യാത്രതിരിക്കാനെത്തിയ നൂറുകണക്കിന് തീർഥാടകര്‍ക്ക് തിരിച്ചടിയായി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാന്നൂറ് തീർഥാടകര്‍ വിലക്ക് കാരണം വീടുകളിലേക്ക് മടങ്ങി.
ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ 119 ഇന്ത്യക്കാര്‍ നാട്ടിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു. ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു എന്നിവിടങ്ങളില്‍നിന്നുള്ള അഞ്ചുപേര്‍കൂടി സംഘത്തിലുണ്ട്. . 122 ജീവനക്കാരും ആറ് യാത്രക്കാരുമാണ് ഇന്ത്യക്കാരായി കപ്പലിലുണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച 16പേര് ജപ്പാനില്‍ ചികില്‍സയിലാണ്. ഡല്ഹിയിലെത്തിച്ചവര് 14 ദിവസം നിരീക്ഷണത്തില്‍ തുടരും.
ചൈനയിലെ കൊറോണ ബാധിത മേഖലയായ വുഹാനില്‍നിന്ന് 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112പേരെകൂടി ഇന്ന് ഡല്‍ഹിയിലെത്തിക്കും. 15 ടണ്‍ വൈദ്യസഹായ വസ്തുക്കളുമായി വുഹാനിലെത്തിയ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ എത്തിക്കുന്നത്. ഇവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നുള്ള 36 വിദേശികളും ചരക്കുവിമാനത്തില്‍ എത്തുന്നുണ്ട്. ഇവരെയും 14 ദിവസം നിരീക്ഷണത്തിലാക്കും