ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംശയക്കണ്ണോടെ കാണണോ?

0
1129

ഗൾഫിൽ ജോലി ചെയ്യുന്ന സ്ത്രീകളെ സംശയക്കണ്ണോടെ കാണണോ?

കമൽ സംവിധാനം ചെയ്ത ഗദ്ദാമ എന്ന സിനിമയിൽ കാവ്യാമാധവൻ അവതരിപ്പിക്കുന്ന, ഗൾഫിൽ വീട്ടുജോലി ചെയ്യുന്ന കഥാപാത്രമുണ്ട്, പീഡനങ്ങൾ സഹിക്കാനാവാതെ വീടുവിട്ടോടുന്ന അശ്വതി. ഗൾഫിലെ ജോലി സ്വർഗ്ഗ തുല്യമായി കണ്ടിരുന്ന മലയാളിക്ക് ഗൾഫിലെ കഷ്ടപ്പാടിന്റെ നേർക്കാഴ്ച്ചയായി ഈ ചിത്രം. വീട്ടിലെ ദുരിതം സഹിക്കുന്നതിലും അപ്പുറമാകുമ്പോഴാവും ഒരു വീട്ടമ്മ, അതും രണ്ടു കുഞ്ഞുങ്ങളുടെ അമ്മ, വീട്ടുജോലിക്കായി മണലാരണ്യത്തിലേക്കു തിരിക്കാൻ തീരുമാനമെടുത്തിട്ടുണ്ടാകുക.അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കഥയല്ലിത് ജീവിതം പരമ്പരയിൽ ഭർത്താവിന്റെ മദ്യപാനവും അതേത്തുടർന്നുണ്ടാകുന്ന മർദ്ദനവും കാരണം, സ്വന്തമായി വീടുപോലും ഇല്ലാത്ത ഒരു യുവതി വേറെ ഗതിയില്ലാതെ, ഗൾഫിൽ ജോലിക്കു പോകുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളും ഇപ്പോൾ സംപ്രേഷണം ചെയ്യുന്നുണ്ട്.

കുടുംബം തകർക്കുന്ന സംശയരോഗം
പങ്കാളിയെ സംശയിക്കുക എന്നത് പല വിവാഹ മോചനക്കേസുകൾക്കും കാരണമായിത്തീരാറുണ്ട്. ചെറിയ ചെറിയ സംശയങ്ങളിലൂടെ തുടങ്ങുന്ന ഈ ശീലം പലപ്പോഴും രോഗാവസ്ഥയിലെത്താറുണ്ട്. യാതൊരു തെളിവുകളും ഇല്ലാതെ വെറുതെ സംശയിക്കുകയും, എതിരായ തെളിവുകൾ ഉണ്ടായാൽ പോലും അത് വിശ്വസിക്കാതെ സംശയത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഈ അവസ്ഥയെ ഡെല്യൂഷണൽ ഡിസോർഡർ എന്നാണ് മനഃശാസ്ത്രത്തിൽ പറയുക. സ്വന്തം ജീവിത പങ്കാളിയുടെ ചാരിത്ര്യത്തിൽ സംശയിക്കുന്നതിനെ ഒഥല്ലോ സിൻഡ്രോം എന്ന് വിളിക്കാറുണ്ട്. വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിക്കുന്നത് അത്തരമൊരു രോഗാവസ്ഥയെ ആണ്.

സംശയത്തെ രോഗമാക്കുന്ന മദ്യം!
ചെറുപ്പത്തിലേ എല്ലാ കാര്യങ്ങളും സംശയ ദൃഷ്ടിയോടെ കാണുന്ന ചിലരുണ്ട്. ചിലപ്പോൾ സാഹചര്യങ്ങൾ മാറുന്നതിനനുസരിച് ഈ സ്വഭാവം മാറിയെന്നിരിക്കാം. പക്ഷെ ചിലരിൽ, പ്രത്യേകിച്ച് മദ്യപാനം ശീലമാക്കിയവരിൽ ഇതൊരു രോഗാവസ്ഥയിലേക്കെത്താറുണ്ട്. ജീവിതത്തിൽ വളരെ നോർമലായി പെരുമാറുമെങ്കിലും ഇപ്പോഴും പങ്കാളിയുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ ഓരോ പെരുമാറ്റവും സംശയത്തോടെയാകും അവർ കാണുക. ഇത് ജീവിതം ദുസ്സഹമാക്കും.

ഗൾഫിലെ സദാചാരം
നമ്മുടെ രാജ്യം വിട്ടാൽ പിന്നെ എല്ലാം കുത്തഴിഞ്ഞ ജീവിതം ആണെന്ന് ധാരണയുള്ളവർ നമുക്കിടയിൽ കുറവല്ല. ഇതൊരു വലിയ തെറ്റിദ്ധാരണയാണ്, ലോകം കണ്ടിട്ടില്ലാത്ത, കിണറ്റിലെ തവളകളുടെ ധാരണ. ഗൾഫിൽ എന്നല്ല അമേരിക്കയിൽ പോലും കെട്ടുറപ്പുള്ള കുടുംബങ്ങളാണധികവും. പക്ഷെ സംശയ രോഗത്തിനടിമയായവർ തങ്ങളുടെ പങ്കാളി വിദേശത്ത് അസാന്മാർഗിക ജീവിതം നയിക്കുകയാണെന്നു വെറുതെ അങ്ങ് സ്വപ്നംകാണും. ഉത്തരവാദിത്തമില്ലാത്ത കൂട്ടുകാരോ വീട്ടുകാരോ ഇതിനു വഴിമരുന്നിട്ടാണോ സംശയം ആളിക്കത്തിക്കാനോ കാരണമാകാറുമുണ്ട്.

ജീവിക്കാം, സംശയമില്ലാതെ.
തക്കതായ കാരണങ്ങളില്ലാതെ, വേണ്ട തെളിവുകളില്ലാതെ, ഒരു വാർത്ത കേൾക്കുമ്പോഴോ, മറ്റൊരാൾ തമാശയ്ക്കു പറയുന്ന കാര്യങ്ങളിൽ നിന്നോ നമുക്ക് പങ്കാളിയെപ്പറ്റി സംശയം തോന്നുകയാണെങ്കിൽ വെറുതെ അതിന്റെ പിന്നാലെ പോയി മനസമാധാനം കളയാതിരിക്കുക. സംശയം കാരണം പങ്കാളിയെ പിന്തുടരാനോ മറ്റുള്ളവർ മുഖേന അവരെക്കുറിച്ച് അന്വേഷിക്കാനോ കൂടുതൽ സമയം കളയുന്നുണ്ടെങ്കിൽ, ഇത് നിയന്ത്രിക്കാനാവാതെ വരികയോ ചെയ്‌താൽ ഉടൻ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണുക. അദ്ദേഹം നിങ്ങളുടെ സംശയം ഒരു രോഗമായി വളർന്നോ എന്ന് കണ്ടുപിടിക്കാൻ സഹായിക്കും.തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ ഒരുപക്ഷെ നിങ്ങളുടെ ജീവിതവും കുടുംബത്തിന്റെ ഭാവിയും രക്ഷപ്പെടും. നിങ്ങളുടെ ഉറ്റവരിൽ ഇങ്ങനെയൊരു അവസ്ഥ നിങ്ങൾ കാണുകയാണെങ്കിൽ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി കൗൺസലിങ്ങിനായി ഒരു വിദഗ്ധനെ സമീപിക്കാൻ പ്രേരിപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here