ദ്രവീകരിച്ച പ്രകൃതി വാതകം (LNG) ഇന്ധനമായി ഉപയോഗിക്കുന്ന ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ ഗതാഗത മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
പെട്രോനെറ് നിർമിച്ച ഈ ബസിൽ 180 കിലോ പ്രകൃതി വാതകം നിറയ്ക്കാവുന്ന ടാങ്കാണുള്ളത്. ഫുൾ ടാങ്ക് ഇന്ധനത്തിൽ ബസിനു 800-900 കിലോമീറ്ററുകൾ സഞ്ചരിക്കാനാവും. ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ LNG ബസിനു 25-30 ശതമാനം വരെ ഇന്ധന ചിലവിൽ ലാഭം ഉണ്ടാകും. കൂടാതെ പരിസ്ഥിതി സൗഹൃദമാണ് ഈ ഇന്ധനം എന്ന ഗുണം കൂടിയുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കൂടുതൽ LNG ബസുകൾ നിരത്തിലിറക്കാനും സ്വകാര്യ LNG ബസുകൾ വാങ്ങുന്നവർക്ക് ഡിസ്കൗണ്ടുകളും പാക്കേജുകളും നൽകാനും പദ്ധതിയുണ്ടെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
LNG വാഹനങ്ങൾ ജനപ്രിയമാക്കാൻ രാജ്യത്ത് സ്ഥാപിക്കുന്ന 28 LNG റീഫില്ലിങ് സ്റ്റേഷനുകളിൽ 4 എണ്ണം കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, എടപ്പാൾ, കണ്ണൂർ എന്നിവിടങ്ങളിൽ സ്ഥാപിക്കാനാണ് തീരുമാനം.
LNG ദീർഘദൂര യാത്രകൾക്ക് ചേർന്ന ഇന്ധനമായതിനാൽ ബസുകളെയും ട്രെയ്ലറുകളെയും ലക്ഷ്യമിട്ടാണ് കേരളത്തിൽ ഈ നാലിടങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സൗകര്യം ഒരുക്കുകയെന്ന് പെട്രോനെറ് കൊച്ചി സീനിയർ മാനേജർ ശ്രീ. സജീവ് നമ്പ്യാർ പറഞ്ഞു. ഭാവിയിൽ KSRTC യും LNG ബസുകൾ നിരത്തിലിറക്കാൻ മുന്നോട്ടു വരുന്നത് LNG യെ കൂടുതൽ ജനകീയമാക്കാനും പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Image courtesy: The Hindu