കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.

0
1145

കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തി.കോസ്റ്റൽ പോലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്.
വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ
നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ്.

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈ സമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു.തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കണ്ണനല്ലൂർ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയെ കാണാതായ സംഭവം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി തിരച്ചിലും നടത്തി. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റിൽ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here