കോവിഡ്-19 ( കൊറോണ വൈറസ് ) മരണം 3000 കടന്നു.

0
873

കോവിഡ്-19 ( കൊറോണ വൈറസ് ) ബാധിച്ച് ലോകത്ത് മരണം 3000 കടന്നു.
65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്.

69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചു. ഇതേത്തുടർന്ന് ട്രംപ് ഭരണകൂടം യാത്രാനിരോധനം കൂടുതൽ കർശനമാക്കി. ദക്ഷിണകൊറിയയിൽ 3736 പേർക്കാണ് രോഗബാധ. 20 പേർ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതർ ആയിരം കടന്നു. അവിടെ 1128 രോഗികളിൽ 29 പേരും ഇറാനിൽ 978-ൽ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് യു.എസ്. കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 14 ദിവസം ഇറാനിൽ താമസിച്ചവർക്കും യു.എസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പും നൽകി.

വാഷിങ്ടൺ സ്റ്റേറ്റിലെ കിങ് കൗണ്ടിയിൽ 50 വയസ്സ് പ്രായമുള്ളയാളാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഓസ്ട്രേലിയയിലും കഴിഞ്ഞദിവസം ആദ്യമരണം റിപ്പോർട്ടുചെയ്തു. ജപ്പാൻ പിടിച്ചുവെച്ച ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലുണ്ടായിരുന്ന എഴുപത്തിയെട്ടുകാരനാണ് പെർത്തിലെ ആശുപത്രിയിൽ മരിച്ചത്.

ദക്ഷിണകൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ വൈറസ് കൂടുതൽപേരിലേക്ക് പടരുന്നതും മരണം വർധിക്കുന്നതുമാണ് ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ഖത്തർ, നൈജീരിയ, എക്വഡോർ അടക്കമുള്ള രാജ്യങ്ങളിലേക്ക് വൈറസ് എത്തിയതും വെല്ലുവിളിയുയർത്തുന്നുണ്ട്. അതിനൊപ്പമാണ് വിദേശയാത്ര നടത്തുകയോ, വൈറസ് ബാധിച്ചവരുമായി ബന്ധപ്പെടുകയോ ചെയ്യാത്തവർക്കും രോഗം ബാധിക്കുന്നത്.

ചൈനയിൽ 35 പേരും ദക്ഷിണകൊറിയയിൽ മൂന്നുപേരും ഇറാനിൽ പതിനൊന്നുപേരും ജപ്പാൻ, തായ്ലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഓരോപേർ വീതവുമാണ് കഴിഞ്ഞദിവസം മരിച്ചത്. പുതുതായി രണ്ടുപേർക്കുകൂടി വൈറസ് റിപ്പോർട്ടുചെയ്തതോടെ പാകിസ്താൻ അഫ്ഗാനിസ്താൻ അതിർത്തി അടച്ചു. യൂറോപ്പിലും തെക്കേ അമേരിക്കയിലും മധ്യേഷ്യയിലും വൈറസ് പുതിയ രാജ്യങ്ങളിലേക്കും പടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here