പാകിസ്ഥാൻ വെട്ടുകിളികൾക്കെതിരെ ചൈനീസ് താറാവ് പടയോ?പാകിസ്ഥാൻ കണ്ട ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണത്തെ ചെറുക്കാൻ ചൈന ഒരു ലക്ഷം താറാവുകളെ അയക്കുന്നു എന്ന വീഡിയോ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏതാണ്ട് 50 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോ വാർത്ത മുഖ്യധാര മാധ്യമങ്ങളായ ടൈമ്, ബിബിസി, സീനെറ്റ് തുടങ്ങിയവയും ഏറ്റുപിടിച്ചിരുന്നു. സംഭവം വെറും കെട്ടുകഥയാണെന്ന് ചൈനീസ് കാർഷിക സർവകലാശാല പ്രൊഫസർ ഴാങ് ലോങ്ങ് വെളിപ്പെടുത്തി.
കെട്ടുകഥ വന്ന വഴി
താറാവുകൾക്ക് കഴിയാൻ വെള്ളം കൂടിയേ തീരുവെന്നും അതിതാപ മേഖലകളായ പാകിസ്താനിലെ മരുഭൂമിയിൽ അവയ്ക്ക് ജീവിക്കാനാവില്ലെന്നും ഴാങ് പറഞ്ഞതായി ദി ഗാർഡിയൻ പത്രം റിപ്പോർട് ചെയ്തു. ഒന്നുരണ്ടു വർഷങ്ങളായി ചൈനീസ് സോഷ്യൽ മീഡിയയിൽ താറാവുകളാണ് താരം. കൗതുകം തോന്നിക്കുന്ന താറാവുകളുടെ ചിത്രങ്ങൾ ഇവിടെ വൈറലാവാറുണ്ട്. ഒരുപക്ഷെ ഇതാവാം ഇത്തരമൊരു വീഡിയോ വൈറലാവാൻ കാരണമായതെന്ന് കരുതുന്നു.
ശരിക്കും താറാവ് പട ഉണ്ടോ?
പാകിസ്ഥാനിലേക്ക് ചൈന താറാവുപടയെ അയക്കാൻ തീരുമാനിച്ച വാർത്ത വ്യാജമാണെങ്കിലും കർഷകരുടെ പേടിസ്വപ്നമായ വെട്ടുക്കിളികളെ തിന്നൊടുക്കാൻ താറാവുകളെ ഉപയോഗിക്കുന്നത് സത്യമാണ്. 20 വർഷങ്ങൾക്കു മുൻപ് ക്സിങ്ങ്ജിയാങ് മേഖലയിൽ വെട്ടുക്കിളികളെ തിന്നൊടുക്കാൻ ചൈന താറാവുകളെ ഉപയോഗിച്ചിട്ടുണ്ട്. അതൊരു പരിധിവരെ വിജയകരമായിരുന്നു എന്ന് ദി ഗാർഡിയൻ റിപ്പോർട് ചെയ്യുന്നു. ഒരു താറാവ് ദിവസം 200 വെട്ടുക്കിളികളെ വരെ തിന്നുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
കടപ്പാട്: futurism.com