നൂതന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍

0
557

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍. രക്തധമനിയില്‍ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തില്‍ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതുവഴി ചികിത്സാ ചിലവ് ഗണ്യമായി കുറയ്ക്കാമെന്നാണ് പ്രതീക്ഷ

ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് എന്ന പ്രോജക്ടിലൂടെയാണ് രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന സ്റ്റെന്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെസ് ബോര്‍ഡിന്റെ മാതൃകയിലുള്ള ശ്രീചിത്ര സ്റ്റെന്റിലെ ഇഴകള്‍  ചുരുങ്ങിപ്പോവുകയോ  വളച്ചാല്‍ പൊട്ടിപ്പോവുകയോ ഇല്ല. ഇന്ത്യയില്‍ ഇത്തരം സ്‌റ്റെന്റുകള്‍ നിര്‍മ്മിക്കുന്നില്ല.  ഇറക്കുമതി ചെയ്യുന്ന രക്തയോട്ടം തിരിച്ചുവിടാന്‍ ഉപയോഗിക്കുന്ന സ്‌റ്റെന്റിന്റെ വില 7 മുതൽ 8 ലക്ഷം രൂപ വരെയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്തിരിക്കുന്ന സ്റ്റെന്റുകള്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലെ നാഷണല്‍ എയ്‌റോസ്‌പെയ്‌സ് ലബോറട്ടറീസിന്റെ നിറ്റിനോള്‍ കമ്പികള്‍ ഉപയോഗിച്ചാണ് സ്‌റ്റെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ശ്രീചിത്ര ബിഎംടി വിങ്ങിലെ ഡോ. സുജേഷ് ശ്രീധരന്‍,  ഡോ. ജയദേവന്‍ ഇ ആര്‍,  ഡോ.സന്തോഷ് കുമാര്‍,  കെ.മുരളീധരന്‍ സി.വി   എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌റ്റെന്റും ഇത് സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്റ്റെന്റിനും അത് സ്ഥാപിക്കുന്നതിനുള്ള സംവിധാനത്തിനും പേറ്റന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here