ഓരോ വനിതാ ദിനവും ഒരോ ഓർമ്മപ്പെടുത്തലാണ്. സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിൽ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ. തങ്ങളുടെ കഴിവുകളും അവകാശങ്ങളും തിരിച്ചറിഞ്ഞ് തുല്യരാവുക എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള ആഹ്വാനം കൂടിയാണ് വനിതാ ദിനാഘോഷം. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവയെ സംരക്ഷിക്കുന്നതിനും ചുഷണങ്ങളിൽ നിന്നും മോചിതരാവുന്നതിനും സ്ത്രീകൾ നടത്തിയ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ വനിതാ ദിനവും. തൊഴിലിടങ്ങളിലും,വീട്ടിലും, സമൂഹത്തിലും എന്നുവേണ്ട എല്ലാ ഇടങ്ങളിലും ചൂഷണത്തിന് വിധേയരാകേണ്ടി വരുന്ന ഒരു കൂട്ടം സ്ത്രീകള്‍ ഇന്നും നമ്മുടെ ചുറ്റിനുമുണ്ട്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ പ്രക്ഷോഭത്തിന്റെ ഓർമ്മയിലാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയാണ് ഈ ദിവസത്തെ ഒരു അന്തർദേശീയ വനിതാദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവെച്ചത്. 1911 -ൽ ഓസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും വനിതാ ദിനം ആദ്യമായി ആഘോഷിച്ചു. 1975ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനത്തെ അംഗീകരിച്ചു. വിവാഹവും കുട്ടികളെ വളര്‍ത്തലും അടുക്കള ജോലിയും മാത്രമായി ഒതുങ്ങുകയല്ല, മറിച്ച് തങ്ങള്‍ക്ക് തങ്ങളുടേതായ ഇടം കണ്ടെത്തേണ്ടതുണ്ട് ഓരോ സ്ത്രീയ്ക്കും. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള പ്രചോദനമാകട്ടെ ഓരോ വനിതകള്‍ക്കും ഈ വനിതാദിനാഘോഷം. എല്ലാ വനിതകള്‍ക്കും അമൃത ടിവി വെബ് ഡെസ്കിന്റെ വനിതാ ദിനാശംസകള്‍.