പുഴയെയും ദേശത്തെയും മഴയെയും അറിവിനെയും സ്ത്രീയായി കാണുന്ന ഒരു രീതി സഹസ്രാബ്ധങ്ങളായി ഭാരതത്തിലുണ്ട്. ഇത് വെറുതെ കവിയുടെ കുസൃതിയല്ല. അതിനൊരു തത്വശാസ്ത്രമുണ്ട്. സദ്ഗുരു മാതാ അമൃതാനന്ദമയി അത് വിശദീകരിക്കുന്നു. അന്തർദേശീയ വനിതാ ദിനത്തിൽ പ്രസിദ്ധീകരിച്ച അമ്മയുടെ വീഡിയോയിൽ നിന്ന്.
“അമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും രണ്ടല്ല ഒന്നാണ്. എവിടെയാണോ കൂടുതൽ സ്നേഹവും കാരുണ്യവും ഉള്ളതായി കാണുന്നത് അവിടെ സ്ത്രീയായി സങ്കല്പിക്കുന്ന സംസ്കാരം ഭാരതത്തിലുണ്ട്. അതുകൊണ്ടാണ് ദേഹമാതാ, ദേശമാതാ, ഭൂമാതാ, വേദ മാതാ, ഗോ മാതാ തുടങ്ങിയ സങ്കൽപ്പങ്ങൾ ഉണ്ടായത്. സ്ത്രീ അബലയാണ് ചപലയാണ് ദുർബലയാണെന്നൊക്കെ കരുതി ക്ഷമയുടെ ചങ്ങലയിൽ ബന്ധിച്ചിരിക്കയാണ്. സ്ത്രീ മനസുവച്ചാൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല.