പക്ഷിപ്പനി സ്ഥരീകരിച്ച കോഴിക്കോട് മേഖലയില്‍ കാക്കകളും കൊക്കുകളും ചത്തുവീഴുന്നു. വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കുന്ന വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് കാക്കകളും കൊക്കുകളും ചാവുന്നത്. ഒരു കിലോമീറ്റര്‍ പരിധിവിട്ട് വളര്‍ത്തുപക്ഷികളെ പിടികൂടി കൊന്നതും നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായി.
കാക്കളും കൊക്കുകളും ചത്തിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. വളര്‍ത്തുപക്ഷികളെ വീട്ടിലെത്തി പിടികൂടി കൊല്ലുന്നവര്‍ കണ്മുന്പില് പക്ഷികള്‍ ചത്ത് കിടന്നിട്ട് അവയെ എടുത്തുമാറ്റാനോ പരിശോധനയ്ക്ക് സാമ്പിള്‍ ശേഖരിക്കാനോ തയ്യാറായില്ല.
ഒരു കിലോമീറ്റര്‍ ആകാശദൂരം കണക്കാക്കിയാണ് വളര്‍ത്തുപക്ഷികളെ കൊല്ലുന്നത്. എന്നാല്‍ ഈ പരിധി വിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തെന്നാണ് ആക്ഷേപം. നിശ്ചിത പരിധിവിട്ട് വളര്‍ത്തുപക്ഷികളെ കൊല്ലുകയില്ലെന്നും ചത്തുവീഴുന്ന പക്ഷികളില്‍നിന്ന് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.