കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലുകളും ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി ലക്ഷദ്വീപ് ഭരണകൂടം . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശസഞ്ചാരികൾക്ക് ലക്ഷദ്വീപിൽ പൂർണ വിലക്ക് ഏർപ്പെടുത്തി.
കോവിഡിനെ പ്രതിരോധിക്കാൻ ശക്തമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും എല്ലാ ദ്വീപിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.പി. ബഷീർ ‘മാധ്യമ’ത്തോട് പറഞ്ഞു. വിദേശരാജ്യങ്ങൾ സന്ദർശിച്ചെത്തുന്ന ലക്ഷദ്വീപ് നിവാസികളെ വൈദ്യപരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ 28 ദിവസം ലക്ഷദ്വീപിന് പുറത്ത് നിരീക്ഷണത്തിൽ പാർപ്പിക്കും. അഗത്തി വിമാനത്താവളം, കൊച്ചി, മംഗലാപുരം, ബേപ്പൂർ തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ പരിശോധനക്ക് പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിലവിൽ കൊറോണ ലക്ഷണങ്ങളോടെ ആരും ദ്വീപിൽ നിരീക്ഷണത്തിൽ ഇല്ല.
Image credits: News18 Malayalam