നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്!

0
730

സിനിമകളിൽ മയക്കുമരുന്ന് കടത്തുകാരെയും അതുപയോഗിച്ചു മാനസിക നില തെറ്റുന്ന യുവതീയുവാക്കളുടെയും കഥകൾ കാണുമ്പോൾ ഇതൊന്നും നമ്മുടെ നാട്ടിൽ സംഭവിക്കുന്നതല്ല എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ. മയക്കുമരുന്നിന്റെ നീരാളിക്കൈകൾ നമ്മുടെ തൊട്ടടുത്തും എത്തിക്കഴിഞ്ഞു.മദ്യം കഴിച്ചാൽ കിക്ക് കിട്ടും പക്ഷെ അതിനുള്ള ചിട്ടവട്ടങ്ങളൊക്കെ ഒരുക്കാൻ മെനക്കേടാണ്. അതിന്റെ മണവും അത് കഴിച്ചാലുണ്ടാകുന്ന ഭാവമാറ്റങ്ങളും ചുറ്റുമുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാനാവും. പിന്നെ മദ്യം കഴിച്ച് വാഹനം ഓടിച്ചാൽ കിട്ടുന്ന ശിക്ഷ വേറെ. ഇതൊന്നും ഇല്ലാതെ ദിവസം മുഴുവൻ കിക്കായി നീറി നീറി നില്ക്കാൻ നല്ലതാണ് മയക്കുമരുന്ന് എന്ന് പൊതുവെ അറിയപ്പെടുന്ന ഡ്രഗ്സും നാർകോട്ടിക്‌സും എന്നതാണ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം. പക്ഷെ അതവരുടെ തലച്ചോറിനെയാണ് നീറ്റിക്കൊണ്ടിരിക്കുന്നത് എന്നവർ അറിയുന്നില്ല.

ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമായ അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന പരിപാടിയിൽ ഈയിടെ വന്ന ഒരു കേസിൽ മയക്കുമരുന്ന് ഉപയോഗം ഒരു കുടുംബം തകർത്ത, 5 മക്കളെ വഴിയാധാരമാക്കിയ സംഭവം ഉണ്ട്. ബാറിലെ ജീവനക്കാരനായിരുന്ന ഭർത്താവിനെ ബാറിലുള്ളവർ പിത്തിഡിൻ എന്ന വേദന സംഹാരി മരുന്ന് സ്ഥിരമായി നൽകി മയക്കി കഞ്ചാവ് പോലുള്ള ലഹരി മരുന്നുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കടത്താൻ ഉപയോഗിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

സത്യാവസ്ഥ എന്ത് തന്നെ ആയാലും മയക്കുമരുന്ന് കടത്താൻ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരെ ഡ്രഗ് മാഫിയ ഉപയോഗിക്കുന്ന കാര്യം സത്യമാണ്. ഇവർ കുട്ടികളെയാണ് ഏറ്റവും നല്ല ഇരകളായി ലക്ഷ്യമിടുന്നത് എന്നതാണ് ഏറ്റവും ആശങ്കയുളവാക്കുന്ന കാര്യം. ഡ്രഗ് മാഫിയയുടെ ഏജന്റായി
പ്രവർത്തിച്ചിരുന്ന, കൊച്ചിയിൽ സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്ന വാൻ ഡ്രൈവർ പോലീസ് പിടിയിലായിട്ട് അധികം നാളായില്ല.സിനിമാ സെറ്റുകളിലെ ലഹരിമരുന്ന് ഉപയോഗം ഷെയ്ൻ നിഗം പ്രശ്നത്തോടെ ചർച്ചയായതാണ്. അന്യ സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി സംസ്ഥാനാന്തര യാത്രകൾ നടത്തുന്നത് ഇവരെ കാരിയർമാരായി ഉപയോഗിക്കാൻ മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്നുണ്ട്.മദ്യം തകർത്ത കുടുംബങ്ങളെക്കാൾ കൂടി വരികയാണ് മയക്കുമരുന്ന് തകർക്കുന്ന ബാല്യങ്ങളും കുടുംബങ്ങളും. സാമൂഹികമായും മതപരമായും മദ്യപാനത്തിനു വിലക്ക് വരുമ്പോൾ ലഹരിക്കായി ഇവർ മയക്കുമരുന്നിലേക്കു തിരിയുന്നു. ഇത് മുതലാക്കി ലഹരിമരുന്ന് എത്തിക്കാൻ രാജ്യത്തും വിദേശത്തുമായി പറന്നു കിടക്കുന്ന വൻ ശൃംഖലയാണ് മയക്കുമരുന്ന് മാഫിയകൾക്കുള്ളത്.ഒരു തലമുറയെത്തന്നെ മയക്കുമരുന്നിന് അടിമകളും അക്രമാസക്തരായ മനോരോഗികളും ആക്കാൻ കഴിവുള്ള ഈ സാമൂഹ്യവിരുദ്ധരെ ഇല്ലായ്മ ചെയ്യാൻ നാമോരോരുത്തരും തന്നെ പ്രതിരോധം തീർക്കണം.

കേരളം സർക്കാരിന്റെ വിമുക്തി എന്ന ലഹരിവിരുദ്ധ പ്രസ്ഥാനം ഇങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സഹകരണത്തോടെ ലഹരിയെ നമ്മുടെ കുഞ്ഞുമക്കളിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്. കുടുംബശ്രീ മുതൽ റെസിഡന്റ്‌സ് അസോസിയേഷനുകളും സ്‌കൂൾ വിദ്യാർത്ഥികളും മറ്റു സാമൂഹിക സംഘടനകളെയും കോർത്തിണക്കുന്ന പരിപാടിയിൽ നമുക്കും പങ്കുചേരാം. നമ്മുടെ പ്രദേശത്തു മയക്കുമരുന്ന് വില്പന ശ്രദ്ധയിൽ പെട്ടാൽ, സംശയകരമായ രീതിയിൽ വസ്തുക്കളോ സിറിഞ്ചുകളോ ശ്രദ്ധയിൽപെട്ടാൽ, ഏതെങ്കിലും കടകളിൽ വിദ്യാർഥികൾ കൂടുതലായി ആകര്ഷകരാകുന്നത് കണ്ടാൽ നിങ്ങൾക്ക് വിമുക്തി സെന്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാം. കേരളത്തിലെ വിവിധ ജില്ലകളിലെ വിമുക്തി സെന്ററുകളുടെ നമ്പർ കേരളം സർക്കാരിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.

https://vimukthi.kerala.gov.in/district-offices/
അല്ലെങ്കിൽ കേരള പോലീസിന്റെ ക്രൈം സ്റ്റോപ്പർ നമ്പറായ 1090 ലും വിവരം അറിയിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here