കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. ദിവസം തോറും വര്‍ദ്ധിക്കുന്ന മരണസംഖ്യ ചിന്തിക്കുന്നതിനും അപ്പുറമാണ്. എങ്കിലും പകച്ച് നില്‍ക്കാനോ തോറ്റ് കൊടുക്കാനോ ലോകജനത ഒരുക്കമല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിൽ പ്രധാനമാണ് ലോക്ക് ഡൗണ്‍. ചൈനയില്‍ കൊറോണ നിയന്ത്രണത്തിന് പ്രധാനമായിട്ടും സ്വീകരിച്ച മാര്‍ഗമാണ് ലോക്ക് ഡൗൺ. എന്താണ് ലോക്ക് ഡൗണ്‍ എങ്ങനെയാണ് കോവിഡ് വ്യാപനം തടയാന്‍ ഇത് സഹായിക്കുക എന്ന് നോക്കാം…
ലോക്ക് ഡൗണ്‍ എന്നത് ഒരു അടിയന്തര പ്രോട്ടോക്കോളാണ്. ജനങ്ങള്‍ക്ക് ഒരു പ്രദേശത്ത് നിന്നോ അല്ലെങ്കില്‍ അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പുറത്ത് ഇറങ്ങാനുള്ള അനുമതി ഉണ്ടാകില്ല. എന്നാല്‍ അവശ്യ സര്‍വീസുകളെ പൊതുവ ലോക്ക് ഡൗണ്‍ ബാധിക്കാറില്ല. അവശ്യ സര്‍വീസുകള്‍ ഏതൊക്കെ എന്നത് ഓരോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും തീവണ്ടികളും മെട്രോയും നിർത്തി വയ്ക്കും. പഴം, പച്ചക്കറി, കുടിവെള്ളം, കാലിത്തീറ്റ, പലചരക്ക് എന്നിവയുടെ വിതരണം, ഫാര്‍മസി, മരുന്ന്, പാല് പ്ലാന്റുകള്‍, ഡയറി യൂണിറ്റുകള്‍, മെഡിക്കല്‍ ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മാണം, ആരോഗ്യ സര്‍വീസുകള്‍, എല്‍ പി ജി വിതരണം, ബാങ്കുകള്‍, എടിഎമ്മുകള്‍, പോസ്റ്റ് ഓഫീസുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ എന്നിവയാണ് അവശ്യ സര്‍വീസുകളായി കണക്കാക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു മാസം തടവും പിഴയും ശിക്ഷയായി ലഭിക്കും
ലോക്ക് ഡൗണിന്റെ ചരിത്രം ഇങ്ങനെ, 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ സിവിലിയന്‍ വ്യോമാതിര്‍ത്തി മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. 2008 ഏപ്രില്‍ 10 ന് വെടിവെയ്പ്പ് ഭീഷണിയെ തുടര്‍ന്ന് രണ്ട് കനേഡിയന്‍ സ്കൂളുകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബോസ്റ്റണ്‍ മാരത്തണ്‍ ബോംബാക്രമണം ആസൂത്രണം ചെയ്ത തീവ്രവാദികളെ പിടികൂടുന്നതിനായി 2013 ഏപ്രില്‍ 19 ന് ബോസ്റ്റണ്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു