ഇറ്റലി ഇന്ന് ലോകത്തിന്റെ കണ്ണീരാണ്. ചൈനയെ വിറപ്പിച്ച കോവിഡ് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ രാജ്യത്തേയും തകര്‍ത്തെറിയുമെന്ന് അവര്‍ കരുതിയില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങളും ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മോര്ച്ചറികളുമായി ഇറ്റാലിയന്‍ ജനത നിസഹായരായി നില്‍ക്കുകയാണ്. രണ്ട് പേജില്‍ ഒതുങ്ങിയിരുന്ന ചരമ വാര്‍ത്തകള്‍ 10 പേജ് ആയി പത്രങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍ എന്തൊരു വിധിയെന്ന് പറഞ്ഞ് ലോക ജനത കണ്ണീരണിഞ്ഞു. ഓരോ 24 മണിക്കൂറിലും 600 ല്‍ അധികം പേര്‍ക്കാണ് ജീവന് നഷ്ടപ്പെടുന്നത്. മരിച്ചിട്ടും വിടാതെ പിന്തുടരുന്ന ദുരിതവും പേറി പള്ളി സെമിത്തേരികളില്‍ ശവസംസ്കാരത്തിനായി ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് കൂട്ടായി ബന്ധുക്കളില്ല. പകരം വൈദികനും ശവം അടക്കുന്നയാളും മാത്രം. എങ്കിലും തളര്‍ന്ന് മാറി ഇരിക്കാന്‍ ഇറ്റാലിയന്‍ ജനത തയ്യാറല്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95 കാരി അല്മാ ക്ലാര കോര്സിനിക്ക് മൂന്നാഴ്ചയ്ക്കകം അസുഖം പൂര്‍ണമായി ഭേദമായി എന്ന വാര്‍ത്ത തിരിച്ചു വരവിന്റെ പാതയിലേക്ക് നടന്ന് കയറാന്‍ ഇറ്റലിക്ക് പ്രേരണയാണ്.
കോവിഡ് ഇറ്റലിയില്‍ വളരെ പെട്ടെന്നാണ് പടര്‍ന്ന് പിടിച്ചത്. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. രാജ്യത്ത് ആദ്യമായി രോഗം ബാധിച്ച വ്യക്തി രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ പല പ്രദേശങ്ങളിലേക്കും രോഗം പടര്‍ന്നു. ഒപ്പം ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ആയുര്ദൈർഘ്യമുളള രാജ്യമെന്ന ബഹുമതി കോവിഡിന്റെ കാര്യത്തില്‍ ഇറ്റലിക്ക് വിനയായി. രോഗ പ്രതിരോധ ശേഷി കുറവുള്ള പ്രായമായവരാണ് കൊറോണയ്ക്ക് കീഴടങ്ങുന്നവരില്‍ ഭൂരിപക്ഷവും. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ലൊംബാർഡിയിലാണ് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വൈറസ് പല സ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടാകണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലി ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ വേണ്ടി ഇപ്പോള്‍ സൈന്യത്തെ വിളിച്ചിരിക്കുകയാണ് ഇറ്റലി. കൂടാതെ സഹായവുമായി ക്യൂബയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദരും എത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട് എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. എങ്കിലും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യ മന്ത്രാലയത്തിന് ആശങ്കയുണ്ട്. വൈറസുമായുള്ള യുദ്ധത്തില്‍ ഇറ്റലി പൊരുതുകയാണ്. വിജയിക്കാന്‍ കഴിയട്ടെ എന്ന പ്രാർത്ഥനയുമായി ലോകജനതയും ഒപ്പമുണ്ട്.