പ്രതീക്ഷയേകി ‘മിസ്റ്റർ പി’

0
1108

എണ്ണായിരത്തിലധികം ജീവന്‍, തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥ, ഇനി എന്ത് എന്നറിയാതെ തളര്‍ന്ന് നില്‍ക്കുന്ന ഒരു ജനതയ്ക്ക് മേല്‍ കോവിഡ് എന്ന മഹാമാരി നിരന്തര പ്രഹരമേല്‍പ്പിക്കുമ്പോള്‍ ആശ്വാസത്തിനുള്ള വക കാത്തിരിക്കുകയാണ് ഇറ്റലി. നൂറ്റിയൊന്നാമത്തെ വയസില്‍ കോവിഡില്‍ നിന്ന് മുക്തി നേടിയ മിസ്റ്റര്‍ പി ആണ് ദുരന്തഭൂമിയായി മാറിയ ഇറ്റലിക്ക് പ്രതീക്ഷ നല്‍കുന്നത്. 60 വയസിന് മുകളിലുള്ളവരെ വൈറസ് വിടാതെ പിന്തുടരുമ്പോള്‍ 101 വയസുള്ള ഒരു വൃദ്ധന്‍ കോവിഡിനെ അതിജീവിച്ചിരിക്കുന്നു. ഇറ്റലിക്കെന്നല്ല ലോകത്തിന് മുഴുവന്‍ ഭാവിയെക്കുറിച്ച് പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും  നല്‍കിയിരിക്കുകയാണ് മിസ്റ്റര്‍ പി. പേര് വെളിപ്പെടുത്താത്ത ഇദ്ദേഹത്തെ ഒരാഴ്ച മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലെ റിമിനിയിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കോവിഡില്‍ നിന്ന് രക്ഷപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മിസ്റ്റര്‍ പി.

കോവിഡിനെ മാത്രമല്ല, 1919 ല്‍ ജനിച്ച മിസ്റ്റര്‍ പി സ്പാനിഷ് ഫ്ലൂവിനേയും ലോകമഹായുദ്ധത്തേയും അതിജീവിച്ചു എന്നതാണ് ആശ്ചര്യകരമായ മറ്റൊരു കാര്യം. അഞ്ച് കോടിയിലധികം ജനങ്ങളുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂ ലോകത്തെ വിറപ്പിച്ച കാലഘട്ടത്തിലാണ് മിസ്റ്റര്‍ പി ജനിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം രോഗം ഭേദമാകുന്ന ലക്ഷണം കണ്ടപ്പോള്‍ തന്നെ ഇത് ചര്‍ച്ചാ വിഷയമായെന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു. ” 100 ല്‍ കൂടുതല്‍ പ്രായമുള്ള ഒരാള്‍ കോവിഡ് ബാധയില്‍ നിന്ന് രക്ഷപ്പെട്ടു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരണ വാർത്തകള്‍ മാത്രമാണ് കേള്‍ക്കുന്നത്. പക്ഷേ മിസ്റ്റര്‍ പി അതിനെ അതിജീവിച്ചിരിക്കുന്നു എന്നും വൈസ് മേയർ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ  ഇറ്റലിയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഭീതിയോടെയാണ് ലോകജനത കാണുന്നത്. ദിനംപ്രതി വര്‍ദ്ദിക്കുന്ന മരണസംഖ്യ രാജ്യത്തെ തികച്ചും നിശബ്ദമാക്കി. എങ്കിലും മിസ്റ്റര്‍ പി യെ പോലെ കോവിഡിനെ പൊരുതി തോല്‍പിച്ചവര്‍ ഇറ്റലിക്ക് നല്‍കുന്ന ശുഭാപ്തി വിശ്വാസം ചെറുതൊന്നുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here