കോവിഡ്-19നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്നതാണ് ഗവേഷണ ലോകത്ത് നിന്നെത്തുന്ന വാർത്തകള്‍. 54 സ്ഥലങ്ങളിലാണ് കോവിഡ്-19ന്റെ പ്രതിരോധ മരുന്നു വികസിപ്പിക്കാനുള്ള ആഗോള തല ഗവേഷണം പുരോഗമിക്കുന്നത്. ഇതിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. ചൈനയിലും യുഎസിലുമാണ് ഗവേഷണം നടക്കുന്നത്. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസും, ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസുമാണ് മരുന്നു വികസിപ്പിക്കാനുള്ള പ്രയത്നത്തില്‍ മുന്നില്‍. ഇസ്രയേലും രംഗത്തുണ്ട്. ഇതിനായി തുടക്കമിട്ട ആഗോള സംയോജക സമിതിയിൽ ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ജൈവസാങ്കേതിക വകുപ്പിന്റെ ഈ തീരുമാനം. ഇന്ത്യയിൽ തന്നെ 20 സ്ഥലങ്ങളിൽ മരുന്നും വാക്സിനും കണ്ടിപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. മലേറിയ, ഡെങ്കി എന്നിവയ്ക്കെതിരായ മികച്ച കിറ്റ് നിർമിക്കുന്ന ഇന്ത്യ വൈകാതെ കോവിഡ് കിറ്റും പുറത്തിറക്കാനുള്ള സാധ്യതയേറെയാണ്.
കോവിഡ് 19നെ നിർവീര്യമാക്കിയും ഡിഎൻഎ– ആർഎൻഎ ജനിതക ഘടകങ്ങളും, മാംസ്യ ഘടനകൾ വേർതിരിച്ചും വിവിധ രീതികളിലായാണ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നത്. ജന്തുക്കളിലും തുടർന്നു മനുഷ്യരിലും പലതും വൈകാതെ പരീക്ഷിച്ചു തുടങ്ങും. കോവിഡ്-19നു പുറമെ നിപ്പ, എച്ച്ഐവി, കാൻസർ, ഹെപ്പറ്റൈറ്റിസ് ബി, സിക്ക, സാർസ്, എബോള, ചിക്കുൻഗുനിയ, ടിബി, പ്ലേഗ്, ഇൻഫ്ളുവൻസ, വെസ്റ്റ് നൈൽ, സ്മോൾപോക്സ് തുടങ്ങി വിവിധ തരം വൈറൽ രോഗങ്ങൾക്കുള്ള പ്രതിവിധിയും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ.