യോഗ്യരായവർക്ക് അർഹമായ ശമ്പളം നൽകേണ്ടി വരും,ഒരു കൂട്ടർക്ക് സുഖം വിവാദങ്ങൾ മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

0
1119

മികച്ച യോഗ്യതയും അനുഭവസമ്പത്തുമുള്ള വിദഗ്ധർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ് ബി യിലെ ശമ്പളം സംബന്ധിച്ച് വാർത്താ ലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന കിഫ് ബി പോലുള്ള സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അവർ അർഹിക്കുന്ന ശമ്പളം നൽകേണ്ടി വരും.നിലവിലുള്ള തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പണിയെടുക്കുന്ന മാധ്യമ സ്ഥാനങ്ങളിൽ ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള ശമ്പളം ലഭിച്ചില്ലെങ്കിൽ നിങ്ങൾ തൃപ്തരാകുമോ എന്ന മറുചോദ്യവും മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ഉന്നയിച്ചു.

കി ഫ്ബി ഏതെങ്കിലും ഒരു വിഭാഗത്തിന്റേതല്ല. നാടിനു മൊത്തം വേണ്ടിയുള്ളതാണ്. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് എല്ലാവരും എടുത്തു പറയുന്നു.ഇതേ ആരോഗ്യ മേഖലയുടെ വികസനത്തിൽ കിഫ് ബി യുടെ ഫണ്ടില്ലേ? കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യമേഖലയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസനപ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് കാണാതെ പോകുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. അതുപോലെ തന്നെ വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ കിഫ് ബി ഫണ്ടുപയോഗിച്ച് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 50000 കോടിയുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടിട്ട് അതിലേറെയാണ് ഇപ്പോൾ കിഫ് ബി ചെയ്തു കൊണ്ടിരിക്കുന്നത്. കിഫ് ബി യുടെ പ്രവർത്തന മികവ് കൊണ്ട് പല അന്താരാഷ്ട്ര സ്ഥാപനങ്ങളും സംസ്ഥാനത്തെ സഹായിക്കാൻ മുന്നോട്ട് വരികയാണ്. എന്നാൽ ഇതൊന്നും കാണാതെ ചിലർ വിവാദങ്ങളിൽ മാത്രം സുഖം കണ്ടെത്തുകയാണ്. ഇതിന്റെയെല്ലാം ഗുണഫലം എൽ ഡി എഫ് സർക്കാർ കൊണ്ടുപോകുമോ എന്ന അസ്വസ്ഥതയാണവർക്ക് എന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കോവിഡുമായി ബന്ധപ്പെട്ട പതിവ് വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here