കിഫ്ബിയുടെ കരുത്തിൽ, കേരളത്തിൻ്റെ കുതിപ്പ്..

0
940

രണ്ടായിരത്തി ഇരുപത് ജൂണ്‍ മുപ്പതിനു ചേര്‍ന്ന കിഫ് ബോർഡ് യോഗം, മൂന്ന് പദ്ധതികള്‍ക്ക് ധന അനുമതി നല്കി. ആകെ 472 കോടി 40 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുപ്പത്തി ഒമ്പതാം കിഫ് ബോർഡ് യോഗം ധന അനുമതി നല്കിയത്. തലേന്ന് ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 1530 കോടി 32 ലക്ഷം രൂപയ്ക്കുള്ള 52 പദ്ധതികള്‍ക്ക് അംഗീകാരം നല്കിയിട്ടുണ്ട്. കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ തുക 56,393 കോടി 83 ലക്ഷം രൂപയാണ്. ദേശീയപാതയുടെ വികസനത്തിനായി സ്ഥലമെടുക്കുന്നതിന്, സംസ്ഥാനത്തിന്‍റെ വിഹിതമായി കിഫ്ബി 5374 കോടി രൂപ നല്കി. വിവിധ വകുപ്പുകള്‍ക്കായി ആകെ 42,405 കോടി 20 ലക്ഷം രൂപയുടെ 730 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്കി. വ്യവസായ പാർക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988 കോടി 63 ലക്ഷം രൂപ കിഫ്ബിയിലൂടെ നല്കാനായി അംഗീകരിച്ചിട്ടുണ്ട്. ജൂണ്‍ 29, 30 തിയതികളിലായി കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും ജനറല്‍ ബോഡി യോഗവും ചേർന്നു. ജനറൽ ബോഡി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നത്. കിഫ്ബി അനുമതി നല്കിയ പ്രധാനപ്പെട്ട പന്ത്രണ്ട് പദ്ധതികള്‍ ഇനി പറയുന്നവയാണ്.

01.- കേന്ദ്ര സർക്കാർ അംഗീകരിച്ച കൊച്ചി-ബെംഗളുരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കിഫ് ബോർഡ് 1030 കോടി 80 ലക്ഷം രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനായി നേരത്തെ അനുവദിച്ച തുകയില്‍ ഉള്‍പ്പെടുന്നതാണ് ഇത്.

02.- തീരദേശ ഹൈവേയുടെ അലൈന്‍മെന്‍റിൽ ഉള്‍പ്പെട്ട അഴീക്കോട്-മുനമ്പം പാലത്തിന്‍റെ നിർമാണത്തിനായി 140 കോടി ഒരു ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ അഴീക്കോടിനേയും എറണാകുളം ജില്ലയിലെ വൈപ്പിന്‍ മണ്ഡലത്തിലെ മുനമ്പത്തേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

03.-പാലക്കാട് ജില്ലയിലെ പെരുമാട്ടി, പട്ടന്‍ചേരി, എലപ്പുള്ളി, നല്ലെപ്പുള്ളി ഭാഗങ്ങളിലേക്കുള്ള സമഗ്ര ജല വിതരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി 77 കോടി 21 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. മീനാക്ഷിപുരത്തെ വാട്ടർ ട്രീറ്റ് മെന്‍റ് പ്ലാന്‍റും ജലസംഭരണിയും 350 കിലോമീറ്റർ നീളത്തിൽ വിതരണ പൈപ്പുകളും ക്ലിയർ വാട്ടർ പമ്പിംഗ് മെയിനും ഉള്‍പ്പെടുന്നതാണ് പദ്ധതി.

04.- മൂലത്തറ വലതുകര കനാലിന്‍റെ വികസനത്തിനായി 255 കോടി 18 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. കോരയാർ മുതല്‍ വരട്ടയാർ വരെ ജലസേചന സൌകര്യം ഒരുക്കാനുള്ളതാണ് ഈ പദ്ധതി. ചിറ്റൂർ താലൂക്കിലെ കോഴിപതി, എരുത്തിയാംപതി വില്ലേജുകള്‍ക്കാണ് പദ്ധതികൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുക.

05.- പത്തനംതിട്ട ജില്ലയിലെ ഏഴംകുളം-കൈപ്പട്ടൂർ റോഡ് മെച്ചപ്പെടുത്തുന്നതിനായി 41 കോടി 18 ലക്ഷം രൂപയാണ് കിഫ്ബി അനുവദിച്ചത്. സംസ്ഥാന പാതയിൽ ഏഴംകുളം ജംങ്ഷനിൽ നിന്ന് തുടങ്ങുന്ന പ്രധാന ജില്ലാ റോഡാണിത്. പത്ത് കിലോ മീറ്ററും 208 മീറ്ററുമാണ് റോഡിന്‍റെ നീളം. പദ്ധതി പൂർത്തിയാകുമ്പോള്‍ ദേശീയപാത 183 A-യില്‍ നിന്ന് പത്തനാപുരത്തേക്കുള്ള ഗതാഗതം കൈപ്പട്ടൂരില്‍ നിന്ന് വഴിതിരിച്ചു വിടാനും അടൂർ ടൌണിലെ തിരക്ക് കുറയ്ക്കാനും കഴിയും.

06.-രാമക്കല്‍മേട്-കമ്പംമേട്-വണ്ണപുരം റോഡ് മെച്ചപ്പെടുത്താന്‍ കിഫ്ബി പണം അനുവദിച്ചു. 73 കോടി 21 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, കല്ലാർ, കമ്പംമേട്, നെടുങ്കണ്ടം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. 28 കിലോമീറ്ററും നൂറു മീറ്ററുമാണ് റോഡിന്‍റെ നീളം.

07.-പൊന്നാനി നിളാതീരം ഇന്‍ഡോർ ആന്‍റ് അക്വാട്ടിക് കോംപ്ലക്സിന് കിഫ്ബി പണം അനുവദിച്ചു. ഒരു ഇന്‍ഡോർ സ്റ്റേഡിയവും നീന്തല്‍കുളവും ഓപ്പണ്‍ എയർ ജിമ്മും കബഡി കോർട്ടും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഈ പദ്ധതിക്കായി 14 കോടി 9 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റന്‍ , വോളിബോള്‍, ബാസ്കറ്റ് ബോള്‍, തായ്കോണ്‍ഡോ, ടേബിള്‍ ടെന്നീസ്, എയർ റൈഫിള്‍, സ്ക്വാഷ്, ഗുസ്തി എന്നീ കായിക ഇനങ്ങള്‍ക്കുള്ള സൌകര്യമുണ്ടാകും.

08.-പതിനാലു ചരിത്ര നിർമിതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കിഫ്ബി പണം മുടക്കും. തലശ്ശേരി കേന്ദ്ര ബിന്ദുവാക്കി കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൈതൃക നിർമ്മിതികളെ സംരക്ഷിക്കുകയും അവയുടെ ചരിത്രം പുതുതലമുറയ്ക്കും വിനോദ സഞ്ചാരികള്‍ക്കും ഉപയോഗപ്പെടുന്ന വിധം അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. നാല് സഞ്ചാര ഇടനാഴികള്‍ ഉള്‍പ്പെടുന്ന പദ്ധതിക്കായി 41 കോടി 38 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. തുറമുഖ നഗര ഇടനാഴി, നാടന്‍കല ഇടനാഴി, സാംസ്കാരിക ഇടനാഴി, പഴശ്ശി ഇടനാഴി എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

09.- ആലപ്പുഴയിലെ ചെത്തി ബീച്ചിന്‍റെ ചന്തം കൂട്ടുന്ന പദ്ധതിയ്ക്ക് കിഫ്ബി സാമ്പത്തിക സഹായം ചെയ്യും. പദ്ധതിക്കായി 21 കോടി 36 ലക്ഷം രൂപയാണ് അനുവദിച്ചത്. സ്പോർട്സ് സോണ്‍, ആക്ടിവിറ്റി സോണ്‍, ഫാമിലി സോണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മൂന്ന് കിലോമീറ്റർ നീളമുള്ള ചെത്തി ബീച്ചിന്‍റെ വികസനം നടത്തുക.

10.-എംജി സർവ്വകലാശാലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി 50 കോടി 28 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. സർവ്വകലാശാലയില്‍ 1,55,375 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബഹുനില കെട്ടിടം നിർമിക്കും. കെട്ടിടത്തിൽ ഇന്‍സ്ട്രുമെന്‍റേഷന്‍ ലാബ്, കമ്പ്യൂട്ടർ സയന്‍സ് ലാബ്, പ്യൂർ ആന്‍റ് അപ്ലൈഡ് സയന്‍സ് ലാബ്, എന്‍വയോണ്‍മെന്‍റല്‍ ലാബ്, ബയോ സയന്‍സ് ലാബ് , കെമിക്കല്‍ ലാബ് എന്നിവ സ്ഥാപിക്കും.

11.-കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തെ ലെവല്‍ ക്രോസ് 291-നു പകരമായുള്ള റെയിൽ മേല്‍പ്പാലത്തിന് കിഫ്ബി 40 കോടി 40 ലക്ഷം രൂപ അനുവദിച്ചു. 480 മീറ്ററിലേറെ നീളമുള്ള മേല്‍പ്പാലത്തിനായി 41 സെന്‍റ് ഭൂമി ഏറ്റെടുക്കും.

12.- തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇന്‍ഫ്രാസ്ട്രക്ചർ സൌകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 20 കോടി 27 ലക്ഷം രൂപ കിഫ്ബി അനുവദിച്ചു. ഭാഷാ ബ്ലോക്കിന്‍റെ നിർമാണം, ഫിസിക്സ് ലാബ് ബ്ലോക്ക്, ഓറിയന്‍റല്‍ ബ്ലോക്കിന്‍റെ നവീകരണം, ഫൂട്ട് ഓവർ ബ്രിഡ്ജ്, ഓപ്പണ്‍ എയർ തിയേറ്റർ എന്നിവ കിഫ്ബി ഫണ്ടിംഗില്‍ നിർദ്ദേശിച്ചിരിക്കുന്നു.

ഇന്‍റർനാഷണല്‍ ഫിനാന്‍സ് കോർപ്പറേഷനിൽ നിന്ന് 1100 കോടി രൂപ കിഫ്ബി കടമെടുക്കുന്നതിന് ബോർഡ് യോഗം അംഗീകാരം നല്കി. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള രണ്ടായിരം കോടി രൂപയുടെ ഫണ്ട് കിഫ്ബിയിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കുന്നതിനുള്ള നിർദ്ദേശത്തിനും കിഫ്ബി ബോർഡ് അംഗീകാരം നല്കി. പദ്ധതികളുടെ നടത്തിപ്പിനായി 8206. 39 കോടി രൂപ കിഫ്ബിയുടെ പക്കലുണ്ട്. കേരളത്തിന്‍റെ കുതിപ്പിന് കരുത്തേകാന്‍ കിഫ്ബി കൂടെയുണ്ട്. കേരളത്തിന്‍റെ ഒട്ടുമിക്ക അടിസ്ഥാന സൌകര്യ വികസന പദ്ധതികളിലും കിഫ്ബിയുടെ കയ്യൊപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here