ഒന്നിനും ഒരു ഉറപ്പില്ലാത്ത കാലത്തും പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ പതിനായിരങ്ങള്‍ വിശ്വാസം അർപ്പിച്ചിരിക്കുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി, കേരള പ്രവാസി ക്ഷേമ ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലെ നിക്ഷേപം ഇതിനകം നൂറു കോടി രൂപയിലേറെയായി. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഇരുപത് രാജ്യങ്ങളില്‍ ഉള്ള പ്രവാസികളുടെ നിക്ഷേപമാണിത്. പദ്ധതിയില്‍ അംഗമായ 877 പേരിൽ 352 പേർ നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികളാണ്. ലോകത്തെങ്ങുമില്ലാത്ത വിധം പത്തു ശതമാനം, ലാഭ വിഹിതം നല്കുന്ന പദ്ധതിയാണിത്. 2019 ഡിസംബറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവാസി ഡിവിഡന്‍റ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ് പ്രവാസി ഡിവിഡന്‍റ് പദ്ധതി. 3 ലക്ഷം മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സർക്കാർ വിഹിതം ഉള്‍പ്പെടെ നിക്ഷേപകർക്ക് 10 ശതമാനം ഡിവിഡന്‍റ് ലഭിക്കും. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്‍റ് നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കും. നിക്ഷേപകർക്ക് , നാലാം വർഷം മുതല്‍ പ്രതിമാസ ഡിവിഡന്‍റ് ലഭിക്കും വിധമാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം, പങ്കാളിക്ക് ഡിവിഡന്‍റ് ലഭിക്കും. അതിനുശേഷം, നോമിനിക്ക് , മൂന്ന് വർഷത്തെ ഡിവിഡന്‍റ് സഹിതം, നിക്ഷേപച്ച തുക ലഭിക്കുന്നതാണ് ഈ പദ്ധതി. കേരള സർക്കാർ, കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഈ പണം വിനിയോഗിക്കുന്നു. ഭാവി സുരക്ഷിതമാക്കാനുള്ള സുവർണ അവസരം പ്രയോജനപ്പെടുത്താന്‍ പ്രവാസികളോട് കിഫ്ബി അഭ്യര്‍ത്ഥിക്കുന്നു. പ്രവാസി ഡിവിഡന്‍റ് പദ്ധതിയില്‍ അംഗമാകാന്‍ താത്പര്യമുള്ളവർ http://pravasikerala.org/dividend/ എന്ന ലിങ്ക് സന്ദർശിക്കുക.