ഐസൊലേഷന്‍ ഐ സി യുവില്‍ക്കിടന്ന ബാലയോട് നേഴ്സ് രൂക്ഷമായി പറഞ്ഞത്!

തമിഴ്നാട്ടില്‍നിന്നും വന്ന് മലയാള സിനിമയില്‍ തന്‍റേതായ ഇടംനേടിയ താരമാണ് ബാല കുമാര്‍ എന്ന ബാല. സപ്പോർട്ടിംഗ് റോളുകൾക്ക് പ്രശസ്തനായ അദ്ദേഹം തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ചലച്ചിത്ര സംവിധായകനും പ്രൊഡ്യൂസറുംകൂടിയാണ് അദ്ദേഹം. അടുത്തിടെ കരള്‍രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാല, അതിവേഗമാണ് ആരോഗ്യം വീണ്ടെടുത്ത്, പരിപാടികളില്‍ തന്‍റെ സാന്നിദ്ധ്യമറിയിച്ചുതുടങ്ങിയത്. ചികിത്സയ്ക്കുശേഷം മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ അമൃത ടി വിയുടെ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ മൂന്നാം സീസണില്‍ അദ്ദേഹം അതിഥിയായി എത്തിയിരുന്നു. ഈ പരിപാടിയില്‍വച്ചാണ് ആശുപത്രിവാസക്കാലത്തെ രസകരമായ അനുഭവം ബാല വെളിപ്പെടുത്തിയത്.
തങ്ങളുടെ നിത്യജീവിതത്തില്‍ത്തന്നെ കൊച്ചുകൊച്ചു തമാശകള്‍ നമുക്കു കാണാന്‍ കഴിയുമെന്ന് ബാല. തന്‍റെ ആശുപത്രിവാസക്കാലത്തുപോലും അനേകം തമാശകള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് അദ്ദേഹം പങ്കുവച്ചത്.
“ഐസൊലേഷന്‍ ഐ സി യുവിലായിരുന്നു എന്നെ കിടത്തിയിരുന്നത്. ആളുകളുടെ മുഖംപോലും കാണാന്‍ പറ്റില്ല. കണ്ണാടിയില്ല, ക്ലോക്കില്ല. ടി വിയില്‍ സീരിയലോ മറ്റോവരും. പക്ഷേ, എനിക്ക് പരിചയമില്ലാത്തതായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു നേഴ്സ് എന്‍റെ അരികിലൂടെ പോയി. അവര്‍ എന്നെ തന്നെ നോക്കിക്കൊണ്ടേയിരുന്നു. എനിക്കാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴും ആ നേഴ്സ് എന്നെ അല്പം രൂക്ഷമായിത്തന്നെ നോക്കിക്കൊണ്ടു നിന്നു. എന്നിട്ട് പറഞ്ഞു- “വളരെ മോശം കേട്ടോ…!” വളരെ സീരിയസായിട്ടാണ് അവര്‍ അതു പറഞ്ഞത്. “അല്ല, അതെല്ലാം കഴിഞ്ഞില്ലേ, ഇപ്പോള്‍ ഓപ്പറേഷനെല്ലാം കഴിഞ്ഞ്… ഇപ്പോ ഒരു നല്ല ലൈഫാണിത്.” എന്നു ഞാന്‍ മറുപടി പറഞ്ഞു. “അതല്ല, നിങ്ങള്‍ ഉണ്ണി മുകുന്ദനോട് കാണിച്ചത് വളരെ മോശമായിപ്പോയി. ആ പടത്തിലെ ഹീറോയിനെ എടുത്തുകൊണ്ടുപോയില്ലേ നിങ്ങള്‍? ‘ഷെഫീക്കിന്‍റെ സന്തോഷ’ത്തില്‍ ഇത്രയും വില്ലത്തരം നിങ്ങള്‍ കാണിക്കുമോ. അയാളല്ലേ പ്രണയിച്ചത്. അയാളല്ലേ കെട്ടേണ്ടത്?” നേഴ്സ് ചോദിച്ചു. “ക്ഷമിക്കണം… സോറി…!” എന്നു താന്‍ മറുപടി പറഞ്ഞെന്ന് ബാല.
അന്യഭാഷാ നടന്മാര്‍ സാധാരണയായി അവരവരുടെ ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങളെയാണ് മലയാള സിനിമയില്‍ ഏറെയും അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍, മറ്റുള്ളവരെക്കൊണ്ടു ഡബ്ബുചെയ്തിട്ടാണ് നായകനായെത്തിയ ‘കളഭം’ എന്ന ചിത്രം മുതല്‍ ഇങ്ങോളമുള്ള എല്ലാ മലയാള സിനിമയിലും ബാല അഭിനയിച്ചിട്ടുള്ളത്. അതൊരു വലിയ നേട്ടംതന്നെയാണെന്ന് രമേഷ് പിഷാരടി. ആദ്യംതൊട്ടേ എല്ലാ സംവിധായകരോടും താന്‍ തന്നെ ഡബ്ബ് ചെയ്യട്ടേയെന്ന് ചോദിക്കുമായിരുന്നുവെന്നും, എന്നാല്‍ ആരും അതിന് സമ്മതിച്ചില്ലെന്നും ബാലയുടെ മറുപടി. “ഏയ് ഒരിക്കലും പാടില്ലെന്നായിരുന്നു” അവരുടേയൊക്കെ മറുപടി. പിന്നെ ചോദിക്കുന്നത് നിര്‍ത്തിയെന്നും ബാല. അടുത്തകാലത്ത് ഒരു ഇന്‍റര്‍വ്യൂവില്‍ താന്‍ വളരെ സീരിയസായിട്ട് ദേഷ്യപ്പെട്ട് സംസാരിച്ചു. താന്‍ സീരിയസായിട്ട് സംസാരിച്ചുവെങ്കിലും മലയളികളെല്ലാം അത് കോമഡിയായിട്ടാണ് എടുത്തതെന്നും ബാല കൂട്ടിച്ചേര്‍ത്തു.