top of page

“എന്‍റെകൂടെ അഭിനയിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടാണോ ലാലേട്ടന്‍ അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് വിചാരിച്ചു”: മഞ്ജു വാര്യര്‍



ലാലേട്ടന്‍റെ മുന്നില്‍നിന്ന് ഡയലോഗ് പറയാനുള്ള വിറയല്‍ തനിക്ക് അന്നും ഇന്നുമുണ്ടെന്ന് മഞ്ജു വാര്യര്‍. മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിന്‍റെ നാഴികക്കല്ലുകളായ ഹിറ്റ് സിനിമകളുടെ അണിയറപ്രവര്‍ത്തകരും നടീനടന്മാരും അതിഥികളായെത്തുന്ന ചാറ്റ്ഷോയായ അമൃത ടി വിയുടെ ‘ലാല്‍സലാം’ എന്ന പരിപാടിയില്‍ ‘ആറാം തമ്പുരാന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ നായികയെന്ന നിലയില്‍ പങ്കെടുക്കുകയായിരുന്നു താരം. ഒരു പക്ഷേ, മലയാള സിനിമയില്‍ നായികാനായകന്മാര്‍ കണ്ടുമുട്ടുന്ന അതി മനോഹരമായ ഒരു സന്ദര്‍ഭം ഇതുപോലെ മറ്റൊന്നുണ്ടാകില്ലെന്നും അതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ജഗന്നാഥന്‍ ഉണ്ണിമായയെ കണ്ടുമുട്ടുന്ന സന്ദര്‍ഭവും, ആ സംഗീതവും, ആ രംഗത്തിന്‍റെ ഭംഗിയും സ്ക്രിപ്റ്റും ഡയലോഗും സംവിധാനവുമെല്ലാം ഇക്കാലത്തും എല്ലാവരും എടുത്തു പറയുന്ന കാര്യമാണ്. 


തനിക്ക് ഭയമാണെന്ന് മഞ്ജു വെറുതെ പറയുന്നതാണെന്നും ആ സീനില്‍ മഞ്ജു ഇറങ്ങിവന്ന് പെര്‍ഫോം ചെയ്തപ്പോള്‍ താന്‍ പേടിച്ചുപോയെന്നും ലാലിന്‍റെ മറുപടി.


“ലാലേട്ടനെ ആദ്യമായി കണ്ടപ്പോഴുള്ള പേടിയും വിറയലുമൊക്കെ തനിക്ക് ഇപ്പോഴും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോഴുണ്ട്. ‘ആറാം തമ്പുരാനി’ലേക്ക് ക്ഷണം കിട്ടിയപ്പോള്‍ എല്ലാവരും തന്നെ വളരെയധികം അഭിനന്ദിച്ചു. ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനപ്പുറം എന്തുവേണമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, ലാലേട്ടനെ ഒന്നു കാണാന്‍ സാധിക്കുമല്ലോ എന്ന ആവേശത്തിലായിരുന്നു ഞാന്‍. അതുവരെ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല”, മഞ്ജു പറഞ്ഞു. സെറ്റില്‍വച്ച് വളരെ സ്നേഹത്തോടെയാണ് അദ്ദേഹം സംസാരിച്ചത്, എങ്കിലും, ദൂരെ മാറിനിന്ന് ഒരു പേടിയോടെയും ബഹുമാനത്തോടെയുംകൂടിയെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ഷൂട്ടിംഗ്  സമയത്ത് ലാലേട്ടന്‍ വളരെ ലാഘവത്തോടെ, ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ വിചാരിച്ചു, ഞാന്‍ പുതിയ കുട്ടിയായതുകൊണ്ട് ലാലേട്ടന് എന്‍റെകൂടെ അഭിനയിക്കാന്‍ താത്പര്യമില്ലാഞ്ഞിട്ടാണോ അങ്ങനെ ചെയ്യുന്നതെന്ന്. എന്നാല്‍, അതേ സീന്‍ ഡബ്ബിംഗ് തീയറ്ററില്‍ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് മനസ്സിലായത്. നമ്മള്‍ കണ്ണിന്‍റെ മുന്നില്‍ കണ്ടതിലും ഒരു പതിനായിരം മടങ്ങ് സ്ക്രീനില്‍ റീപ്രൊഡ്യൂസ് ചെയ്ത് കാണുക എന്ന മാജിക് ഞാന്‍ നേരിട്ട് കണ്ടത് ‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തിലാണ്.”


അതുപോലൊരു മാജിക്കുള്ള കുട്ടിയാണ് മഞ്ജു വാര്യരുമെന്ന് മോഹന്‍ലാല്‍. “നമ്മള്‍ ഈ കാണുന്ന മഞ്ജു വാര്യരല്ല ഒരു സീന്‍ ചെയ്യുന്ന സമയത്ത്. അതൊരു ഭാഗ്യമാണ്… അതൊരു അദ്ഭുതമാണ്…” അദ്ദേഹം പറഞ്ഞു.

വിസ്മയം എന്ന വാക്ക് മലയാളത്തില്‍ ഉപയോഗിക്കുന്നത് ലാലേട്ടനെ ബന്ധപ്പെടുത്തിയിട്ടാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് മഞ്ജു.  അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്ന് തെളിയിക്കുന്ന ഒരു സ്ക്രീന്‍ പ്രസന്‍സ്, ചാം (charm), മാജിക്, ഇങ്ങനെയുള്ള എല്ലാ വിശേഷണങ്ങള്‍ക്കും അര്‍ഹനായിട്ടുള്ളയാള്‍ ലാലേട്ടനാണെന്നും മഞ്ജു പറഞ്ഞു.



മഞ്ജുവിന്‍റെ വ്യക്തിത്വത്തില്‍ കണ്ട നന്മയെന്താണെന്നായിരുന്നു ലാലിനോട് അവതാരക മീരാ നന്ദന്‍റെ ചോദ്യം. തന്‍റെ പ്രൊഫഷനെ ഒരു നടി/നടന്‍ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ളതാണ്. അക്കാര്യത്തില്‍ മഞ്ജുവിനെപ്പോലെ ഒരാളെ താന്‍ കണ്ടിട്ടില്ലെന്ന് ലാല്‍. കൂടെ അഭിനയിക്കുമ്പോള്‍ നമുക്കും ഒരു എനര്‍ജി കിട്ടും. ആറാം തമ്പുരാനിലെ ആ രംഗം എങ്ങനെ നന്നായി എന്നുചോദിച്ചാല്‍ അത് മഞ്ജുവിന്‍റെ കഴിവാണെന്നും മഞ്ജു ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് തന്‍റെ കഥാപാത്രം മറുപടി പറയുന്നതെന്നും ലാല്‍. കൂടുതല്‍ പഠിക്കാനും ഓരോ സന്ദര്‍ഭവും കൂടുതല്‍ കൂടുതല്‍ നന്നാക്കാനുമുള്ള മഞ്ജുവിന്‍റെ താത്പര്യവും തന്‍റെ പ്രൊഫഷനെ വളരെ സത്യസന്ധമായി സ്വീകരിക്കുന്ന ഒരു നടിയെന്ന നിലയിലും മഞ്ജു വാര്യര്‍ക്ക് ഒരു ബിഗ് സല്യൂട്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.


2017 ഓഗസ്റ്റ് 18-ന് അമൃത ടിവിയിൽ പ്രീമിയർ ചെയ്‌ത ‘ലാല്‍സലാം’ ഒരു ടെലിവിഷന് അവതാരകനെന്ന നിലയില്‍ മോഹന്‍ലാലിന്‍റെ ആദ്യ പരിപാടിയുമാണ്. ഓരോ എപ്പിസോഡും മോഹൻലാലിൻ്റെ ഒരു പ്രശസ്ത ചിത്രത്തെ ആസ്പദമാക്കിയുള്ളതാണ്. നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്ന സാമൂഹിക പ്രവർത്തകരെയും മറ്റും ആദരിക്കുന്നതോടൊപ്പം പ്രമുഖ കലാകാരന്മാരുടെ കലാപ്രകടനങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടുന്നു.


ലാല്‍സലാമിന്‍റെ മുഴുവന്‍ എപ്പിയോഡുകളും കാണാന്‍ Amrita TV Archives സന്ദര്‍ശിക്കൂ…


bottom of page