top of page

“എടാ നീയാണോ അച്ചന്‍റെ സ്പൈ?” എന്ന് സിദ്ദിഖ് ചോദിച്ചു

കലാഭവന്‍റെ ഓര്‍മ്മകളുമായി കെ. എസ്. പ്രസാദ്കൊച്ചിൻ കലാഭവന്‍റെ ആദ്യകാല മിമിക്രി കലാകാരന്മാരില്‍ പ്രധാനിയാണ് കെ. എസ്. പ്രസാദ്. സിനിമകളില്‍ സാന്നിദ്ധ്യമുറപ്പിച്ചില്ലെങ്കിലും മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന മിമിക്സ് പരേഡ് വേദികളിലും ടെലിവിഷന്‍ പരിപാടികളിലും പതിറ്റാണ്ടുകളായി നിറസാന്നിദ്ധ്യമാണദ്ദേഹം.

കൊച്ചിൻ കലാഭവന്‍റെ 'മിമിക്സ് പരേഡ്' എന്ന കലാരൂപത്തിന് തുടക്കം കുറിച്ച  പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് കെ. എസ്. പ്രസാദ്. സ്വകാര്യ ടെലിവിഷൻ ചാനലുകൾ വരുന്നതിനു മുൻപ് തന്നെ മിമിക്സ് പരേഡ് വീഡിയോകൾ കാസറ്റ് ആക്കി ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്തു രംഗത്തിറക്കിയത് ഇദ്ദേഹമാണ്.


തന്‍റെ കലാജീവിതത്തെക്കുറിച്ചും കലാഭവനിലെ അനുഭവങ്ങളെക്കുറിച്ചും അമൃത ടി. വിയുടെ ആനീസ് കിച്ചണില്‍ അതിഥിയായെത്തിയപ്പോള്‍ കെ. എസ്. പ്രസാദ് മനസ്സുതുറക്കുകയുണ്ടായി. തന്‍റെ അരങ്ങേറ്റംതന്നെ ഒരു കള്ളനായിട്ടായിരുന്നെന്ന് കെ. എസ്. പ്രസാദ്. “മൂന്നിലും നാലിലുമൊക്കെ പഠിക്കുമ്പോള്‍ സ്റ്റേജില്‍ നൃത്തംചെയ്ത് തുടങ്ങിയതാണ്. ‘ആലിബാബയും 40 കള്ളന്മാരും’ എന്ന  കഥ, ചെറിയ സ്റ്റേജായതിനാല്‍ ‘ആലിബാബയും 10 കള്ളന്മാരും’ എന്ന നാടകമായി അവതരിപ്പിച്ചപ്പോള്‍ കള്ളന്മാരിലൊരാളായിട്ടായിരുന്നു തുടക്കം. പിന്നീട് അഞ്ചിലും ആറിലുമൊക്കെ പരിപാടികള്‍ക്ക് പേരുകൊടുക്കാന്‍ തുടങ്ങി”, പ്രസാദ് പറഞ്ഞു. ഏഴാം ക്ലാസ്സിലുംമറ്റും പഠിക്കുമ്പോള്‍ കൊച്ചിന്‍ ഹനീഫ, ആലപ്പി അഷ്റഫ്, നെടുമുടി വേണു, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ മിമിക്രിചെയ്യുന്നത്കണ്ടാണ് താനും ഈ രംഗത്തേക്കിറങ്ങിയത്. സംവിധായകനും നടനുമായ ലാല്‍ ആറാം ക്ലാസ്സുമുതല്‍ തന്‍റെ സഹപാഠിയാണ്. സിദ്ധിഖുമായും ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ട്. കലാഭവന്‍ മണിയെ കലാഭവനിലേക്ക് ഇന്‍റര്‍വ്യൂചെയ്ത് എടുത്തതും താനായിരുന്നുവെന്ന് പ്രസാദ് ഓര്‍ക്കുന്നു.


സിനിമയില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച അച്ചന്‍ കഥാപാത്രവുമായി കലാഭവന്‍റെ സ്ഥാപകന്‍ ആബേലച്ചന് യാതോരു സാമ്യവുമില്ലെന്ന് കെ. എസ്. പ്രസാദ്. “അച്ചന്‍ മികച്ചൊരു സംഘാടകനായിരുന്നു. കലാഭവന്‍റെ തൊട്ടുപിറകിലാണ് എന്‍റെ വീട്. പരിപാടികഴിഞ്ഞ് വെളുപ്പാന്‍ കാലത്ത് വന്ന് കിടന്നാലും രാവിലെ 8 മണിക്ക് അച്ചന്‍ ആ വഴിപോകുമ്പോള്‍ എന്നെ വിളിക്കും. തലേ ദിവസത്തെ പരിപാടികളെക്കുറിച്ച് വിശദമായി ചോദിച്ചറിയും. ആര്‍ക്കാണ് കൈയടി കിട്ടിയത്, ആര്‍ക്കെങ്കിലും കൂവല്‍ കിട്ടിയോ, ഏത് ഐറ്റത്തിനായിരുന്നു കൂടുതല്‍ കയ്യടി, ലൈറ്റും സൌണ്ടുമൊക്കെ കൃത്യമായിരുന്നോ, എല്ലാവരും കൃത്യ സമയത്ത് എത്തിയോ- ഇതൊക്കെ ചോദിക്കും. ഗാനമേളയുടെ കാര്യവും ഇങ്ങനെ ഓരോന്നും അന്വേഷിക്കും. പത്തുമണികഴിഞ്ഞാല്‍ അച്ചന്‍ ആക്ടീവാകും. പരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരെ വിളിക്കും. എന്താണ് ഇന്നലെ താമസിച്ച് വന്നത്, ഇന്നലെ എന്താണ് പാട്ടുപാടാന്‍ നീ ലേറ്റായിട്ട് സ്റ്റേജില്‍ കയറിയത്, ഇങ്ങനെ ഓരോരുത്തരേയും വിളിച്ച് ക്ലിയര്‍ ചെയ്തുകൊണ്ടേയിരിക്കും. ഇതാരാണ് ഈ ന്യൂസൊക്കെ കൊടുക്കുന്നതെന്ന് എല്ലാവരും വിചാരിക്കും. സിദ്ദിഖ് ഒരിക്കല്‍ ചോദിച്ചു, ‘എടാ നീയാണോ അച്ചന്‍റെ സ്പൈ’ എന്ന്. ഞാന്‍ മാത്രമല്ല, ഗാനമേളയിലും അച്ചന് സ്പൈ ഉണ്ട്, പക്ഷേ, അതാരെന്ന് അച്ചന്‍ പറയില്ല”, പ്രസാദിന്‍റെ വാക്കുകളിങ്ങനെ.


മിമിക്രി എന്ന കലാരൂപത്തെ മുഖ്യധാരയിലെത്തിക്കാൻ മിമിക്സ് പരേഡ് എന്ന കൂട്ടായ്മുടെ സംഭാവന ചെറുതല്ല. കലാഭവന്‍റെ  നേതൃത്വത്തിൽ ആദ്യമായി ഒന്നരമണിക്കൂർ നീണ്ടു നിന്ന മിമിക്രി പരിപാടിക്ക് കെ. എസ്.  പ്രസാദിനൊപ്പം കലാഭവന്‍ അൻസാറുമുണ്ടായിരുന്നു. പിന്നീട്, സിദ്ദിഖ്, ലാൽ, റഹ്മാൻ, വർക്കിച്ചൻ പേട്ട എന്നിവരുംകൂടിയെത്തിയതോടെ ഈ രണ്ടു പേരിൽ നിന്ന് ആ സംഘം ആറു പേരടങ്ങുന്ന "മിമിക്സ് പരേഡ്" എന്ന കലാകൂട്ടായ്മയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഇന്നും മലയാളി കലാസ്വാദകര്‍ക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മയാണ് അക്കാലത്തെ മിമിക്സ് പരേഡ് വേദികള്‍.


‘ആനീസ് കിച്ചന്‍റെ’ പുതിയ സീസന്‍ എപ്പിസോഡുകള്‍ കാണാന്‍ Amrita TV Shows യൂട്യൂബ് ചാനലും പഴയ സീസണുകളുടെ എപ്പിസോഡുകള്‍ക്കായി Amrita TV Cookery Show യൂട്യൂബ് ചാനലും സന്ദര്‍ശിക്കുക.

bottom of page