top of page

“എല്ലാ മാസവും ബാബുമാര് മലമുകളില്‍ കുടുങ്ങിയെങ്കിലെന്ന് ചിന്തിക്കാറുണ്ട്”: മുന്‍ NSG കമാന്‍റോ പി.വി.മനീഷ്



ഓരോ ഭാരതീയന്‍റേയുമുള്ളില്‍ ഭീതിയുടേയും ഒപ്പം രാജ്യസ്നേഹത്തിന്‍റേയും കനലുകള്‍ കോരിയിട്ട മറക്കാനാവാത്ത ഏടാണ് 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ മുംബൈയിൽ 2008 നവംബർ 26-ന്‌ പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരരുടെ ആസൂത്രിതമായ നിരവധി ആക്രമണങ്ങൾ ഉണ്ടായി. നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്‍റിലെ ഒബ്റോയി ട്രിഡന്‍റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്‍റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്‍റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്, മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ, പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. 

Watch Full Episode

ആനീസ് കിച്ചന്‍റെ റിപ്പബ്ലിക് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ 2008ലെ ഭീകരര്‍ക്കെതിരായ സൈനിക നീക്കത്തില്‍ പങ്കെടുത്ത മുന്‍ NSG കമാന്‍റോ പി.വി.മനീഷ് അതിഥിയായെത്തി. ഒബ്റോയ് ഹോട്ടല്‍ ആക്രമിച്ച ഭീകരരെ തുരത്തുന്നതിനിടയില്‍ ഗ്രനേഡ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അദ്ദേഹം, ബോധരഹിതനാകുന്നതിന് മുന്‍പ് ഒരു ഭീകരനെ വധിക്കുകയും വിദേശികളുള്‍പ്പടെ 39 പേരെ രക്ഷിക്കുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ് വലതുവശം തളര്‍ന്ന അദ്ദേഹം നീണ്ടകാലത്തെ ചികിത്സയ്ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മാറ്റാന്‍ ശ്രമിച്ചാല്‍ ജീവനുതന്നെ ആപത്തായതിനാല്‍, ഗ്രനേഡിന്‍റെ ഒരു ചീള് ഇപ്പോഴും ശിരസ്സില്‍ പേറുന്നു ഈ ധീരസൈനികന്‍. അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത ധീരതയ്ക്കുള്ള ആദരമെന്നനിലയില്‍, 2009ല്‍ ധീരതയ്ക്കുള്ള ശൌര്യചക്ര അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചു.


ഒരു സൈനികനെന്ന നിലയില്‍ തന്‍റെ ഡ്യൂട്ടി രാജ്യത്തെ സേവിക്കുകയെന്നതാണെന്ന് പി വി മനീഷ്. ഒരു സൈനികന്‍ ദുഃഖിക്കുന്നത് അവനെ വിശ്വസിക്കുന്ന സാധാരണ ജനങ്ങല്‍ക്ക് ബുദ്ധിമുട്ടാകും എന്ന് ചിന്തിക്കുന്ന ഒരു സൈനികനാണ് താന്‍. അതുകൊണ്ടാണ് താന്‍ എപ്പോഴും പോസിറ്റീവായി ചിരിച്ചുകൊണ്ട് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സൈനികനെന്നതിലുപരി ഒരു സാധാരണ മനുഷ്യന്‍റെ വികാരങ്ങളും ജീവിതത്തോടുള്ള ഒരുതരം സ്വാര്‍ത്ഥതയുമൊക്കെ എങ്ങനെയാണ് മറികടക്കുന്നതെന്നും അതിന് പരിശീലനം ലഭിച്ചിട്ടുണ്ടോ അതോ സ്വയം പരിശീലിക്കുകയായിരുന്നോ എന്നുമുള്ള ആനിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.  


തങ്ങള്‍ക്ക് അത്തരം പരിശീലനം ലഭിക്കാറുണ്ട്. 2008ലെ മുംബൈ തീവ്രവാദ ആക്രമണ സമയത്ത്, ഒബ്റോയ് ഹോട്ടലിലാണ് താന്‍ സൈനിക ഓപ്പറേഷനില്‍ പങ്കെടുത്തത്. ആ സമയത്ത് തന്‍റെ ഭാര്യയെക്കുറിച്ചോ ആറുമാസം മാത്രമുള്ള മകനെക്കുറിച്ചോപോലും തനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ലെന്ന് മനീഷ്. കാരണം, ഓരോ സെനികനും രാജ്യത്തിനുവേണ്ടി കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെടുമ്പോള്‍ മാരകമായ പരിക്കുകളോ മരണമോതന്നെ സംഭവിക്കാം. എന്നിരുന്നാലും, അപ്പോള്‍ അവര്‍ക്ക് തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊന്നും ഓര്‍മ്മയുണ്ടാകില്ല. മറിച്ച്, രാജ്യത്തെ ജനങ്ങളെക്കുറിച്ചും തന്‍റെ കര്‍ത്തവ്യത്തെക്കുറിച്ചും മാത്രമേ ബോധമുണ്ടാവുകയുള്ളൂ. ആ ഒരു സത്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്നും നമ്മുടെ രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുന്നത്. പ്രിയപ്പെട്ടവരുടെ മുഖം ഓര്‍മ്മവന്നാല്‍ താന്‍ ചിലപ്പോള്‍ സ്വാര്‍ത്ഥനായേക്കാം. തങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്ന ബോദ്ധ്യം എപ്പോഴുമുണ്ടെന്നും എന്നാലതില്‍ ആത്മാര്‍ത്ഥമായിട്ടുള്ള ഒരു ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ധീര സൈനികരുടെ ത്യാഗത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. അതിനെപ്പറ്റി അറിയാത്തതിനാലോ അല്ലെങ്കില്‍ അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ചിന്തിക്കുന്നതിനാലോ ആകും ഇത്തരമൊരു ചിന്താഗതി. നമുക്ക് സ്വാതന്ത്രം നേടിത്തന്ന മഹാത്മാക്കളെക്കുറിച്ച് സ്കൂളിലെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ 75 വര്‍ഷമായി നമ്മുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്ന ധീരസൈനികരെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇന്ന്, ഭാവിയില്‍ ആരായിത്തീരണമെന്ന് കുട്ടികളോട് ചോദിച്ചാല്‍ എഞ്ചിനീയര്‍, ഡോക്ടര്‍ എന്നിങ്ങനെയാകും ഉത്തരം. നമ്മുടെ രാജ്യത്തെ ശക്തവും സുരക്ഷിതവുമായി നിലനിര്‍ത്തുന്ന ധീരജവാന്മാരുടെ ജീവിതത്തെക്കൂടി കുട്ടികള്‍ക്ക് പഠിപ്പിച്ചാല്‍ 99 ശതമാനം പേരും തനിക്ക് സൈന്യത്തില്‍ ചേരണമെന്നാകും പറയുക. അത്രയധികം വീരോചിതമായ ത്യാഗത്തിന്‍റെ കഥകളാണ് ഓരോ സൈനികനും പറയാനുള്ളത്, മനീഷ് പറഞ്ഞു.


ചിലപ്പോള്‍ തമാശയ്ക്ക് താന്‍ ഒരു കാര്യ ചിന്തിക്കാറുണ്ടെന്ന് മനീഷ്. അടുത്തകാലത്ത്  പാലക്കാട് മലകയറ്റത്തിനിടെ കുടുങ്ങിപ്പോയ ബാബുവിനെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യമാണ് എത്തിയത്. ജനങ്ങളെല്ലാം അത് ആവേശത്തോടെയാണ് കണ്ടത്. രക്ഷാദൌത്യത്തിനൊടുവില്‍ സുരക്ഷിതനായി താഴെയെത്തിയപ്പോള്‍ തനിക്ക് ഒരു സൈനികനാകണമെന്നാണ് ആഗ്രഹമെന്ന് ബാബു പറഞ്ഞു. തുടര്‍ന്നുള്ള ഒരാഴ്ചയോളം മാധ്യമങ്ങളിലെല്ലാം സൈനികരെ പുകഴ്ത്തുന്നതും ഏതു പ്രതിസന്ധിയിലും നമ്മെ രക്ഷിക്കുന്നവരായി ആഘോഷിക്കുന്നതുമാണ് നമ്മള്‍ കണ്ടത്. അപ്പോള്‍ താന്‍ ചിലപ്പോള്‍ ചിന്തിക്കാറ്, എല്ലാ മാസവും ഓരോ ബാബുമാര് ഇതുപോലെ മലമുകളില്‍ കുടുങ്ങിയെങ്കില്‍ എന്നാണ്. അപ്പോഴെങ്കിലും നമ്മള്‍ സൈന്യത്തെക്കുറിച്ച് ഓര്‍ക്കുമല്ലോ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2008ലെ മുംബൈ ഭീകരാക്രമണത്തിനെതിരായ സൈനികനീക്കത്തിനിടെ മലയാളിയായ ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനും വീരമൃത്യു വരിച്ചിരുന്നു. 


bottom of page