‘ആനീസ് കിച്ചിണി’ല്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കി അഭിരാമി
തൊണ്ണൂറുകളുടെ അവസാനം മലയാള സിനിമയ്ക്കു ലഭിച്ച നായികയാണ് അഭിരാമി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2004-ൽ ചലച്ചിത്രമേഖലയിൽ നിന്ന് വിരമിച്ച അവർ പഠനത്തിനും ശേഷം ജോലിസംബന്ധമായും അമേരിക്കയിൽ സ്ഥിരതാമസമാക്കി.
അമേരിക്കയില്‍ കോര്‍പ്പറേറ്റ് മേഖലയില്‍ ജോലിചെയ്തിരുന്ന കാലത്ത് പിരിമുറക്കമേറിയ ഒരാഴ്ചത്തെ സ്ട്രസ് ബസ്റ്ററാണ് പാചകമെന്ന് അഭിരാമി. ഓഫീസില്‍ നിന്നിറങ്ങി ഗ്രോസറി സ്റ്റോറില്‍പോയി അവിടെ ഏറെ സമയം ചിലവഴിച്ച്, വണ്ടിനിറച്ച് പഴങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങി വീട്ടിലെത്തി അവ പാകംചെയ്തു കഴിക്കുന്നത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് അഭിരാമി. തനിക്ക് അത്തരം ഷോപ്പിംഗില്‍ മാത്രമേ താത്പര്യമുള്ളൂ. തന്നെ തുണിക്കടയില്‍ കൊണ്ടുവന്നുവിട്ടാല്‍ അഞ്ചു മിനിട്ടിനുള്ളില്‍ ‘അയ്യോ, എന്നെ വിടൂ സാമീ…! എന്നു പറഞ്ഞ് താന്‍ ഇറങ്ങിപ്പോകും.പക്ഷെ, തന്നെ ഗ്രോസറി സ്റ്റോറില്‍ കൊണ്ടുവിട്ടാല്‍ ഒരു മൂന്നു മണിക്കൂര്‍ അവിടെ സുഖമായി ചിലവഴിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പാചകംകഴിഞ്ഞ് ക്ഷീണിക്കുമ്പോള്‍ മറ്റ് കാര്യംനോക്കിപ്പോകുമോ എന്ന ആനിയുടെ ചോദ്യത്തിന് പാചകം കഴിയുമ്പോള്‍ അത് കഴിക്കാനുള്ള ആവേശമാണുണ്ടാവുകയെന്നും അത് തനിക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്നും അഭിരാമി.
Watch Full Episodes
എന്നാല്‍ മറ്റൊരു കാര്യമുണ്ടെന്നും വീട്ടില്‍ നാലുപേരുണ്ടെങ്കില്‍ നാലുപേരോടും ചോദിച്ചുകൊണ്ടിരിക്കാന്‍ പാടില്ലെന്നും തങ്ങള്‍ ഉണ്ടാക്കുന്നത് കഴിച്ചിട്ടു പൊയ്ക്കൊള്ളാന്‍ അവരോട് പറയണമെന്നും അഭിരാമി. താനൊക്കെ ഇനി ആ രീതി പഠിക്കണമെന്നായിരുന്നു ആനിയുടെ കമന്‍റ്. പക്ഷേ, അപ്പറഞ്ഞതില്‍ കാര്യമുണ്ടെന്നും ആനി പറയുന്നു. നമ്മള്‍ എല്ലാവരോടും ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ച് അവയെല്ലാം ഉണ്ടാക്കുമ്പോഴേക്കും നമ്മുടെ ആരോഗ്യം പോയിക്കിട്ടും. മാത്രമല്ല പൊതുവേ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെപ്പറ്റി ഒട്ടും ശ്രദ്ധയില്ലാത്തവരുമാണ്. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ കഴിക്കുക, വിശപ്പടക്കുക, കിടന്നുറങ്ങുക എന്നതു മാത്രമാണ്. അവര്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യരുതെന്നും സ്ത്രീകള്‍ക്ക് ആരോഗ്യമുണ്ടെങ്കിലല്ലേ, കുടുംബത്തെ നോക്കാന്‍ അവര്‍ക്ക് സാധിക്കുള്ളൂവെന്നും ആനി കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ നമ്മളെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റുള്ളവരെ നമുക്കെങ്ങനെ ശ്രദ്ധിക്കാന്‍ സാധിക്കുമെന്ന് അഭിരാമി ചോദിക്കുന്നു. നമ്മള്‍ ആദ്യം നമ്മളെ സ്നേഹിക്കുക, അതിനുശേഷം ബാക്കിയുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ മതിയെന്നായിരുന്നു അഭിരാമിയുടെ തമാശകലര്‍ന്ന മറുപടി.
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘കഥാപുരുഷന്‍’ (1995) എന്ന ചിത്രത്തിലൂടെയാണ് ദിവ്യ എന്ന അഭിരാമി സിനിമാലോകത്തേക്കെത്തുന്നത്. 1999ല്‍ ‘പത്രം’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തു. തുടര്‍ന്ന് ‘ഞങ്ങള്‍ സന്തുഷ്ടരാണ്’, ‘മില്ലെന്നിയം സ്റ്റാര്‍സ്’, ‘ശ്രദ്ധ’ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു. 2014ല്‍ ‘അപ്പോത്തിക്കിരി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന്‍റെ കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവാണ് ‘ഗരുഡ’നിലെ ശ്രീദേവി എന്ന കഥാപാത്രം.