പഴയകാല ഗാനമേള വേദികളെ ത്രസിപ്പിച്ച സൂപ്പര്‍ ഗായകരെ ഒരിക്കല്‍ക്കൂടി മലയാളിപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടിയാണ് അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാം’. പ്രശസ്ത പിന്നണി ഗായകന്‍ എം. ജി. ശ്രീകുമാര്‍ അവതാരകനായെത്തുന്ന ഈ പരിപാടിയുടെ ഓണം സ്പെഷ്യല്‍ എപ്പിസോഡില്‍ ഗായിക റിമി ടോമി അതിഥിയായെത്തിയിരുന്നു. ‘ഗാനമേളകളുടെ റാണി’ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന അനുഗൃഹീത ഗായിക ആലീസ് ഉണ്ണിക്കൃഷ്ണന്‍ (കലാഭവന്‍ ആലീസ്) തന്‍റെ ആലാപനമാധുര്യംകൊണ്ട് പ്രേക്ഷകമനം നിറച്ച ആ എപ്പിസോഡില്‍ ശബ്ദം ഇത്ര നന്നായി അവര്‍ സൂക്ഷിക്കുന്നതെങ്ങനെയെന്നായിരുന്നു റിമിയുടെ ചോദ്യം. അനായാസമായി തനിക്ക് പാടാന്‍ സാധിക്കുന്നതിന്‍റെ രഹസ്യം എന്താണെന്ന് ആലീസ് വേദിയില്‍ വെളിപ്പെടുത്തി.
അത് തന്‍റെ ഉപാസനയുടെ ഭാഗമായി ലഭിച്ച ഗുണമാണെന്ന് ആലീസ് ഉണ്ണിക്കൃഷ്ണന്‍. തന്റെ ഭര്‍ത്താവ് ഹിന്ദുമതവിശ്വാസിയായതിനാല്‍ 15 വര്‍ഷം മുന്‍പ് താന്‍ ഹിന്ദുമത വിശ്വാസത്തിലേക്ക് മാറിയെന്നും ലളിതാ സഹസ്രനാമവും വിഷ്ണു സഹസ്രനാമമവും താന്‍ നിരന്തരം ചൊല്ലുമെന്നും അവര്‍ പറഞ്ഞു. നാല്‍പ്പത് മിനിട്ടോളം അത് ചൊല്ലുന്നത് ശരിക്കും ഒരു മികച്ച ബ്രീത്തിംഗ് എക്സസൈസ് കൂടിയാണ്. ലളിതാ സഹസ്രനാമം ശരിയായി ഉച്ചരിക്കുന്ന ഒരാള്‍ക്ക് ശ്വാസോച്ഛ്വാസത്തിന് പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ഹിന്ദു ആചാരാനുഷ്ഠാനങ്ങളും സഹസ്രനാമങ്ങളും ആചാര്യന്മാര്‍ എഴുതിവച്ചിരിക്കുന്നതും നമ്മുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കുതകുന്നതാണ്. അതില്‍ മതവും ജാതിയുമൊന്നുമില്ലെന്നും ആലീസ് കൂട്ടിച്ചേര്‍ത്തു.
നമ്മുടെ ശ്വാസകോശത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ പാടാനേ പറ്റില്ലെന്നും സംഗതികളൊക്കെ തൊണ്ടയില്‍ വരണമെങ്കില്‍ ശ്വാസ ഗതിയെ നിയന്ത്രിക്കാതെ പറ്റില്ലെന്നും ആലീസ് പറഞ്ഞു. എത്ര സംഗീതജ്ഞാനമുള്ള ആളാണെങ്കിലും ശ്വാസഗതിയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ നന്നായി പാടാന്‍ കഴിയില്ല. സംസ്കൃതവാക്കുകള്‍ മികച്ച ഉച്ചാരണശുദ്ധിതരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇത് ഒരു മികച്ച ഉപദേശമാണെന്നായിരുന്നു എം ജി ശ്രീകുമാറിന്‍റെ മറുപടി.