top of page

“അതൊരു ദൈവികമായ ഇടപെടലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്…”

‘ആരോമലേ…’ എന്ന എ.ആര്‍.റഹ്മാന്‍ ഗാനത്തിലേക്ക് എത്തിച്ചേര്‍ന്ന വഴികളെക്കുറിച്ച് അല്‍ഫോണ്‍സ്

ഗൌതം മേനോൻ സംവിധാനം ചെയ്തതും 2010-ൽ പുറത്തിറങ്ങിയതുമായ ഒരു തമിഴ് റൊമാന്റിക് ചിത്രമാണ് ‘വിണ്ണൈത്താണ്ടി വരുവായ’. സിലമ്പരശൻ, തൃഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഹിന്ദു-തമിഴ് യുവാവും ക്രിസ്ത്യന്‍-മലയാളി യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിലെ ‘ആരോമലേ…’ എന്ന മലയാളം ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനമാലപിച്ചതാകട്ടെ, പ്രശസ്ത സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫും.


പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ അല്‍ഫോണ്‍സ് അതിഥിയായെത്തിയിരുന്നു. ‘ആരോമലേ…’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലേക്ക് എത്തിച്ചേര്‍ന്ന വഴികളോര്‍ക്കുകയാണ് ഈ വേദിയിലദ്ദേഹം. അല്‍ഫോണ്‍സിന്‍റെ വാക്കുകള്‍:


“എന്‍റെ ആദ്യ ചിത്രമായ ‘വെള്ളിത്തിര’യുടെ ഓഡിയോ ലോഞ്ചിന് എ ആര്‍ റഹ്മാന്‍ വന്നിരുന്നു. ആ ചടങ്ങില്‍ ഞാന്‍ സ്റ്റേജില്‍ പാടിയിരുന്നു. പ്രോഗ്രം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, സിംഗറാകാനാണോ അതോ മ്യൂസിക് ഡയറക്ഷനാണോ താത്പര്യം എന്ന്. മ്യൂസിക് ഡയറക്ഷനാണ് എനിക്ക് താത്പര്യമെന്ന് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, നല്ല അവസരം കിട്ടിയാല്‍ പാടാമെന്നുള്ള ആഗ്രഹവും പങ്കുവച്ചു. അതൊക്കെ കഴിഞ്ഞ്, ഏകദേശം 10 വര്‍ഷത്തോളം കഴിഞ്ഞിട്ടാണ് ഈ വിളി വരുന്നത്. വയ്യാതെ കിടക്കുന്ന ഒരു സമയമായിരുന്നു. ഒരു നാലു മാസത്തോളം സുഖമില്ലാതെ കിടപ്പിലായിരുന്നു. അപ്പോള്‍, ഞാന്‍ സര്‍വ്വവും, എന്‍റെ ഭാവിയുള്‍പ്പെടെ, ദൈവത്തില്‍ സമര്‍പ്പിച്ച് നിന്ന ഒരു സമയത്താണ് ഈ വിളി വരുന്നത്. ഞാനത് കാണുന്നത് എനിക്ക് തിരിച്ചുവരാന്‍ വേണ്ടിയുള്ള ദൈവത്തിന്‍റെ ഒരു ഇടപെടലായിട്ടാണ്.


ആ ചിത്രത്തില്‍ ‘ആരോമലേ… എന്ന പാട്ട് ഇല്ലായിരുന്നു. പക്ഷേ, അവസാന മിനുട്ടില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പാട്ടാണത്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഏറെ പ്രധാന്യത്തോടെ അത് കൊണ്ടുവരികയുംചെയ്തു. അതൊരു ഡിവൈന്‍ ഇന്‍റര്‍വെന്‍ഷനാണെന്നാണ് ഞാനെപ്പോഴും വിചാരിക്കുന്നത്!”


‘വിണ്ണൈത്താണ്ടി വരുവായ’യില്‍ ആറ് ഗാനങ്ങളാണ് എ ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്യേണ്ടിയിരുന്നത്. ഒരു മലയാളം ഗാനംകൂടിയായാല്‍ നന്നായിരിക്കുമെന്ന് റഹ്മാനാണ് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് അല്‍ഫോണ്‍സിന്‍റെയും കൈതപ്രത്തിന്‍റെയും പേരുകള്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു.


ഭദ്രൻ സം‌വിധാനം ചെയ്ത ‘വെള്ളിത്തിര’ എന്ന ചിത്രത്തിലൂടെയാണ് അൽഫോൻസ് ചലച്ചിത്രസംഗീതലോകത്തേയ്ക്ക് കടന്ന് വന്നത്. നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ശാസ്ത്രീയസംഗീതം അഭ്യസിച്ചതോടൊപ്പം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ ക്ലാസിക്കൽ ഗിത്താറിലും വെസ്റ്റേൺ മ്യൂസിക് തിയറിയിലും പഠനം നടത്തിയിട്ടുണ്ട്.


bottom of page