ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ആനി
തൊണ്ണൂറുകളില്‍ മലയാള സിനിമയ്ക്ക് ലഭിച്ച കുട്ടിത്തംനിറഞ്ഞ സുന്ദരമുഖമായിരുന്നു ആനി. 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് ആനി അഭിനയ രംഗത്തെത്തിയത്. 1996ല്‍ പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചത്.
ആണായിട്ടാണ് ആദ്യ സിനിമയില്‍ ആനി അഭിനയിക്കുന്നത്. ‘അമ്മയാണേ സത്യം’ എന്ന ചിത്രത്തിലെ ആ റോള്‍ സ്വീകരിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആനി പങ്കുവച്ചു. അമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയുടെ ക്രിസ്തുമസ് സ്പെഷ്യല്‍ എപ്പിസൊഡില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു ആനി.
പാര്‍വ്വതി എന്ന കൌമാരക്കാരി തോമസ്സായി പകര്‍ന്നാടുന്ന ആ റോള്‍ സ്വീകരിക്കുന്നതിന് തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് ആനി. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ അവസരം വന്നുചേരുന്നത്. ഒരു സിനിമാ താരമാകാന്‍ പോകുന്നതിന്‍റെ ആവേശത്തിലായിരുന്നു താന്‍. ആ കഥാപാത്രത്തെപ്പറ്റി ആഴത്തില്‍ ചിന്തിക്കുവാനുള്ള പ്രായമായിരുന്നില്ല. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് തോന്നിയിരുന്നു. പക്ഷേ, ആദ്യ ചിത്രമായിരുന്നതിനാല്‍ അങ്ങനെ ചിന്തിച്ചിട്ട് കാര്യമില്ലെന്ന് ആനി. മേനോൻ അങ്കിൾ (സംവിധായകന്‍ ബാലചന്ദ്രമേനോന്‍) എല്ലാം വിശദമായി പറഞ്ഞുതന്നിരുന്നു. ആദ്യം കുറച്ചുദിവസം തന്നെ സെറ്റില്‍ കൊണ്ടുപോയി ഷൂട്ടിംഗും മറ്റും എങ്ങനെയാണ് നടക്കുന്നതെന്ന് കാണിച്ചു തരുമായിരുന്നു. പിന്നീടാണ് തന്‍റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തില്‍ പെണ്ണ് ആണാവുകയാണെന്ന് പറഞ്ഞു. കഥാപാത്രമായി മാറാന്‍ ഒറ്റക്കാര്യമേ അദ്ദേഹം തന്നോട് പറഞ്ഞിട്ടുള്ളൂ- ചുറ്റുമുള്ള ആൺകുട്ടികളെ ശ്രദ്ധിക്കുക. അവരുടെ ഭാവഹാവാദികള്‍ നോക്കുക. അവര്‍ എങ്ങനെയാണ് മുണ്ട് മടക്കിക്കുത്തുന്നത്, എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ നോക്കുന്നത്, പ്രേമിക്കുന്നത് എന്നൊക്കെ. പരമാവധി എന്തൊക്കെ അവരില്‍നിന്ന് പഠിക്കാമോ അതെല്ലാം പഠിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ അപ്പന്‍റെയും അമ്മയുടേയും സമ്മതത്തോടെ താന്‍ ആണ്‍പിള്ളേരെയെല്ലാം വായിനോക്കി എന്ന് ആനി. അതൊരുവല്ലാത്ത ഫീലായിരിക്കുമെന്നും തനിക്ക് അതോര്‍ത്തിട്ടുതന്നെ കൊതിതോന്നുന്നുവെന്നുമായിരുന്നു അവതാരക സ്വാസികയുടെ കമന്‍റ്.
അമൃത ടിവിയിലൂടെ 2015ലാണ് ആനി തന്‍റെ തിരിച്ചുവരവ് നടത്തിയത്- ആനീസ് കിച്ചണ്‍ എന്ന കുക്കറി-ചാറ്റ് ഷോയിലൂടെ. 2020 വരെ നീണ്ടുനിന്ന ആനീസ് കിച്ചണ്‍ പുതിയ രൂപത്തിലും ഭാവത്തിലും മടങ്ങിവരികയാണ്, 2024 ജാനുവരി 04 മുതല്‍.