top of page

വരുംതലമുറയ്ക്ക് ദോഷമുണ്ടാക്കുന്ന ഒരു കഥാപാത്രത്തേയും അവതരിപ്പിക്കില്ലെന്ന്

ശപഥമെടുത്ത ക്യാപ്റ്റന്‍ രാജു

സ്വഭാവ നടനായിട്ടൂം വില്ലനായും ഒപ്പം ഹാസ്യകഥാപാത്രമായും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രിയനടനാണ് ക്യാപ്റ്റന്‍ രാജു. 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്ന അദ്ദേഹം, പട്ടാളജീവിതത്തിനുശേഷമാണ് ചലച്ചിത്രരംഗത്തേക്കു കടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലായി 600 ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്‍റെ 68ആം വയസ്സില്‍ നമ്മേ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ അനശ്വരമാണ്.


Watch Full Episodes

അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ പങ്കെടുക്കവേ അദ്ദേഹം തന്‍റെ ജീവിതാദര്‍ശവും വീക്ഷണവും അവതാരകയും നടിയുമായ ആനിയൊട് പങ്കവയ്ക്കുകയുണ്ടായി.

എന്‍ എന്‍ പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ചെകുത്താനായി അഭിനയിച്ചതിനുശേഷം തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങളാണ് തനിക്ക് കിട്ടിയതെന്നും എന്നാല്‍ സ്ത്രീകളെയൊക്കെ ഉപദ്രവിക്കേണ്ട സീന്‍ വരുമ്പോള്‍ തനിക്ക് വളരെ മനഃപ്രയാസമുണ്ടാകുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അങ്ങനെയുള്ള ചിത്രങ്ങള്‍ താന്‍ ഒഴിവാക്കുമായിരുന്നുവെന്നും നടന്‍ ക്യാപ്റ്റന്‍ രാജു ഒര്‍മ്മിച്ചു. താന്‍ മറ്റൊരു തീരുമാനംകൂടിയെടുത്തുവെന്നും, തലമുറകള്‍ക്ക് ദോഷംവരുന്ന മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയുപയോഗിക്കുന്ന വേഷങ്ങള്‍ താനൊരിക്കലും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്ര സിനിമ നഷ്ടപ്പെട്ടാലും, ലക്ഷങ്ങള്‍ നഷ്ടപ്പെട്ടാലും തന്‍റെ തീരുമാനത്തിന് മാറ്റമുണ്ടാകില്ല. എന്തെങ്കിലും നന്‍മചെയ്യും, നല്ലകാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കും. അതിനുള്ള മാറ്റര്‍ തന്‍റെ തലയ്ക്കകത്തുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെറും അറിവല്ല, തിരിച്ചറിവുവരുന്ന കാര്യങ്ങള്‍ താന്‍ പറഞ്ഞുകൊടുക്കും. “പാചകത്തെക്കുറിച്ചാണെങ്കിലും താന്‍ പഠിക്കും, അറിവുനേടാന്‍ ശ്രമിക്കും അതിന് ദോഷമൊന്നുമില്ലല്ലോ”, അന്ന് അദ്ദേഹം പറഞ്ഞു.

മലയാളം സീരിയലുകളിലും അഭിനയിച്ചിരുന്ന ക്യാപ്റ്റന്‍ രാജു, 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറി. മസ്തിഷ്ക്കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2018 സെപ്റ്റംബർ 17-ന് അന്തരിച്ചു.




bottom of page