പ്രേംനസീര്‍ ദൈവതുല്യന്‍; മോഹന്‍ലാല്‍ ഇന്‍സ്റ്റന്‍റ് പെര്‍ഫോമര്‍:
- Amrita Television
- May 25, 2023
- 1 min read
പഴയകാലത്തെയും ഇക്കാലത്തെയും സൂപ്പര്‍ സ്റ്റാറുകളെക്കുറിച്ച് ക്യാപ്റ്റന്‍ രാജു പറഞ്ഞത്

വില്ലന്‍ വേഷങ്ങളിലൂടെ അരങ്ങേറി മലയാള സിനിമയിലെ മികച്ച സ്വഭാവനടനായും ഒപ്പം ഹാസ്യവേഷങ്ങളിലും തിളങ്ങിയ നടനാണ് ക്യാപ്റ്റന്‍ രാജു (രാജു ഡാനിയേൽ). ഇന്ത്യന്‍ ആര്‍മിയിലെ സേവനത്തില്‍നിന്നും വിരമിച്ചതിനു ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്കെത്തിയത്.

പ്രേംനസീറുള്‍പ്പെടെയുള്ള പഴയകാല സൂപ്പര്‍ സ്റ്റാറുകളോടൊപ്പവും പുതിയകാലത്തെ സൂപ്പര്‍ സ്റ്റാറുകളോടൊപ്പവും പ്രവര്‍ത്തിച്ച അനുഭവവും വ്യത്യാസവും അദ്ദേഹം പങ്കുവച്ചിരുന്നു. അമൃത ടി വിയിലെ സൂപ്പര്‍ഹിറ്റ് കുക്കറി-ചാറ്റ്ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ പങ്കെടുക്കവേയായിരുന്നു അദ്ദേഹം ഒര്‍മ്മകള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.

മോഹന്‍ലാല്‍ ഒരു ഇന്‍സ്റ്റന്‍റ് പെര്‍ഫോമറാണ്, എന്തുചെയ്താലും പ്രേക്ഷകര്‍ ഉടനടി സ്വീകരിക്കും.
മമ്മൂട്ടിയാകട്ടെ ഒരു കഥാപാത്രത്തെ ലഭിച്ചാല്‍ അതിന്‍റെ ആഴത്തിലേക്ക് പോകും, ആഴത്തില്‍പോയി മുങ്ങിത്തപ്പും. ആഴക്കടലില്‍ ഓക്സിജന്‍ ലഭിക്കില്ലല്ലോ. മമ്മൂട്ടി ഹീലിയവുമായാണ് ആഴത്തിലേക്ക് പോകുന്നത്. പ്രേം നസീറാകട്ടെ, വളരെ കെയറിംഗാണ്. ഷൂട്ടിംഗിനിടയ്ക്ക് ആണി നിറഞ്ഞ തടിക്കഷണങ്ങളുടെ മുകളിലേക്ക് താന്‍ വീഴാന്‍ തുടങ്ങിയപ്പോള്‍, അദ്ദേഹം തന്നെ തടഞ്ഞുവെന്നും ഇതുപോലെ മറ്റാര്ചെയ്യുമെന്നും രാജു പറഞ്ഞു. അതുപോലെ ഷൂട്ടിംഗ് അവസാനിപ്പിച്ച് പോകാറാകുമ്പോള്‍ നസീര്‍ തന്‍റെ അടുത്തുവന്ന് പെയ്മെന്‍റ് ഒക്കെ കിട്ടിയോ എന്ന് ചോദിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ഇതൊന്നും പറയാതിരിക്കാനാവില്ല. ദൈവതുല്യനായിരുന്നു പ്രേംനസീറെന്നും അദ്ദേഹത്തിന് തുല്യനായി മറ്റാരുമില്ലെന്നും രാജു കൂട്ടിച്ചേര്‍ത്തു.
Watch Full Episodes
അഭിനയത്തോടൊപ്പം 1997ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ ക്യാപ്റ്റന്‍ രാജു സംവിധായകനായും അരങ്ങേറി. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘മിസ്റ്റർ പവനായി 99.99’ (2012) ആയിരുന്നു. 2018 സെപ്റ്റംബറില്‍ 68ആം വയസ്സില്‍ മസ്തിഷ്ക്കാഘാതത്തെത്തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ അദ്ദേഹം അന്തരിച്ചു.