top of page

“എനിക്ക് സ്ത്രീകളായ ഷെഫുകളൊത്ത് ജോലിചെയ്യാന്‍ ഭയം’

പാചകലോകത്തെപ്പറ്റി ഷെഫ് പിള്ള മനസ്സുതുറക്കുന്നു



തനിക്ക് സ്ത്രീകളായ ഷെഫുകളൊത്ത് ജോലിചെയ്യാന്‍ ഭയമാണെന്ന് പ്രശസ്ത മലയാളി ഷെഫ് സുരേഷ് പിള്ള. അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചണ്‍ കുക്കറി-ചാറ്റ് ഷോയുടെ പുതിയ സീസണില്‍ ആദ്യ അതിഥിയായെത്തിയതായിരുന്നു അദ്ദേഹം. പ്രഫഷണല്‍ പാചകമേഖലയിലേക്ക് ഒരു ഷെഫെന്ന നിലയില്‍ പുരുഷന്മാര്‍ കൂടുതലെത്തുന്നതിനെക്കുറിച്ചും ഈ മേഖലയിലേക്ക് എത്തിപ്പെടാത്ത കഴിവുറ്റ സ്ത്രീകളെക്കുറിച്ചും ആനി ചൂണ്ടിക്കാട്ടിയപ്പോഴാണ് ഷെഫ് പിള്ള ഈ രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെക്കുറിച്ച് സംസാരിച്ചത്. 


കേരളത്തിലെ സ്ത്രീകള്‍ക്ക് കൈപ്പുണ്യമെന്നതും പാചകവൈദഗ്ധ്യവും പ്രകൃത്യാലുള്ളതാണ്. പാചകമെന്നത് വളരെയധികം ക്ഷമയോടുകൂടിചെയ്യേണ്ടതാണ്. അതാണ് പരുഷന്മാര്‍ക്കില്ലാത്തത്. പഴയ മുത്തശ്ശിമാരും മറ്റുമുണ്ടാക്കുന്ന ഭക്ഷണത്തിന് വളരെ രുചിയുണ്ടാകുന്നത് അവര്‍ വളരെ സമയമെടുത്ത് സ്നേഹം നിറച്ച് അത് ചെയ്യുന്നതുകൊണ്ടാണ്. അതിന് കുറുക്കു വഴികളൊന്നുമില്ല.


  ‘ആനീസ് കിച്ചണ്‍’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം       



പക്ഷേ, പ്രഫഷണല്‍ ഷെഫുകളെല്ലാം പുരുഷന്മാരായത് അവര്‍ പ്രഫഷണലി ട്രെയിന്‍ഡ് ആയതുകൊണ്ടാണ്. പാചകം ജോലിയായി സ്വീകരിച്ചതുകൊണ്ട് പരിശീലനം സിദ്ധിച്ചവരാണവര്‍. കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്കുവന്നാല്‍ അവര്‍ക്കായി അനവധി അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ താത്പര്യപൂര്‍വ്വം ഈ മേഖലയിലേക്ക് വരുന്നുണ്ട്. വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും പകുതിയോളം ഷെഫുകള്‍ സ്ത്രീകളാണ്, പ്രത്യേകിച്ചും യൂറോപ്പില്‍. തനിക്ക് സത്യത്തില്‍ പരിശീലനം സിദ്ധിച്ച സ്ത്രീകളായ ഷെഫുകളൊത്ത് ജോലിചെയ്യാന്‍ ഭയമാണെന്ന് ഷെഫ് പിള്ള. അവര്‍ വളരെ കരുത്തരാണ്. പെര്‍ഫെക്ഷനിസ്റ്റുകളാണ്. അവര്‍ സീനിയര്‍ പോസ്റ്റിലാണെങ്കില്‍ അവരുടെയൊപ്പംനിന്നു ജോലിചെയ്യാന്‍ എളുപ്പമല്ല. കേരളത്തിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ സ്വതസിദ്ധമായ പാചക നൈപുണ്യത്തോടൊപ്പം കുറച്ചു പ്രഫഷണല്‍ ട്രെയിനിംഗുംകൂടി ലഭിച്ചാല്‍ അവര്‍ക്ക് സ്വന്തമായി കേറ്ററിംഗ് യൂണിറ്റുംമറ്റും തുടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു പാചക പരിശീലനകേന്ദ്രം തുടങ്ങുമോ എന്ന ആനിയുടെ ചോദ്യത്തിന് തീര്‍ച്ചയായും, തനിക്ക് അങ്ങനെയൊരു ആശയമുണ്ടെന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ മറുപടി. 


കൊല്ലം ജില്ലയിലെ തെക്കുംഭാഗത്ത് ജനിച്ച സുരേഷ് പിള്ള 1993-ൽ തന്‍റെ 17-ാം വയസ്സിൽ കൊല്ലത്തെ ഒരു റെസ്റ്റോറന്‍റില്‍ വെയിറ്ററായാണ് കരിയർ ആരംഭിച്ചത്. പിന്നീട് മലബാർ, കൂർഗി, ചെട്ടിനാട്, കൊങ്കണി തുടങ്ങിയ ദക്ഷിണേന്ത്യൻ പാചകരീതി പഠിച്ചു. തുടർന്ന് ബാംഗ്ലൂരിലെ ദി ലീല പാലസിൽ മാനേജ്‌മെന്‍റ് ട്രെയിനിയായി. 2005-ൽ ലണ്ടനിലെ വീരസ്വാമി റെസ്റ്റോറന്‍റിൽ ചേർന്ന അദ്ദേഹം നിരവധി പ്രമുഖ ഹോട്ടല്‍ ശ്യംഖലകളില്‍ പ്രവര്‍ത്തിച്ചു. ഒപ്പം ബ്രിട്ടീഷ് പൗരത്വം ലഭിക്കുകയും ചെയ്തു. 2017-ൽ, ബിബിസി ടുവിൽ ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ മാസ്റ്റർഷെഫ്: ദി പ്രൊഫഷണല്‍സ് (സീരീസ് 10) ൽ അദ്ദേഹം മത്സരിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം  2021-ൽ ബാംഗ്ലൂരിൽ ‘റസ്റ്റോറന്‍റ് ഷെഫ് പിള്ള’ എന്ന പേരിൽ സ്വന്തം റെസ്റ്റോറന്‍റ് ചെയിന്‍ ആരംഭിച്ചു.


bottom of page