top of page

“ജനുവരി ഒന്നാം തീയതി ഞാന്‍ കൈനീട്ടം കൊടുക്കണമെന്ന് റിമിയും പക്രുവും മറ്റും ആവശ്യപ്പെടുമായിരുന്നു!”

: നാദിര്‍ഷ

എല്ലാ വര്‍ഷവും ജനുവരി ഒന്നാം തീയതി താന്‍ കൈനീട്ടം കൊടുക്കണമെന്ന് റിമി ടോമി, ഗിന്നസ് പക്രു, പ്രദീപ് തുടങ്ങിയവര്‍ ആവശ്യപ്പെടുമായിരുന്നുവന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. ജനുവരി ഒന്നാം തീയതി പരിപാടിയുണ്ടെങ്കിലും അവിടെനിന്നും പണം വാങ്ങാതെ താന്‍തന്നെ കൈനീട്ടം നല്‍കണമെന്ന് അവര്‍ പറയും. അങ്ങനെയെങ്കില്‍ ആ വര്‍ഷം അവര്‍ക്ക് ഗംഭീരമാണെന്ന് പറയാറുണ്ട്. ഒരു രൂപ നാണയമാകും കൊടുക്കാറ്. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കോമഡിഷോ ‘കോമഡി മാസ്റ്റേഴ്സി’ന്‍റെ വേദിയില്‍ വിധികര്‍ത്താവായി എത്തിയപ്പോഴാണ് നാദിര്‍ഷ ഇതു വെളിപ്പെടുത്തിയത്. തങ്ങളുടെ ജീവിതത്തിലുള്ള ചില ‘അന്ധ’വിശ്വാസങ്ങളെക്കുറിച്ചാണ് അവതാരകയായ എലീന പടിക്കല്‍ വിശിഷ്ടാതിഥികളായ നാദിര്‍ഷ, ഗിന്നസ് പക്രു, ജാഫര്‍ ഇടുക്കി എന്നിവരോട് ചോദിച്ചത്.



നാദിര്‍ഷായുടെ കൈനീട്ടം കിട്ടിയാല്‍ ആ വര്‍ഷം വളരെ നല്ലതായിരിക്കുമെന്നും അത് ശീലമാക്കി പിന്നീട് താന്‍ പോയി നിന്നുതുടങ്ങിയതായും ഗിന്നസ് പക്രു. അതുപോലെ നാദിര്‍ഷ ഉദ്ഘാടനം ചെയ്ത കടകളെല്ലാം നല്ല പുരോഗതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതു സംബന്ധിച്ച ഒരു രസകരമായ ഓര്‍മ്മയും നാദിര്‍ഷ പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ മിമിക്രിയൊക്കെ ചെയ്യുന്ന സമയം. തന്‍റെ ഒരു കസിന്‍റെ കടയുടെ ഉദ്ഘാടനത്തിന് നടന്‍ സൈനുദ്ദീനെയാണ് ക്ഷണിച്ചിരുന്നത്. ഉദ്ഘാടനദിവസം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ നാദിര്‍ഷായും പോയിരുന്നു. എന്നാല്‍, സിനിമാ ഷൂട്ടിംഗിന് അത്യാവശ്യമായി പോകേണ്ടിവന്നതിനാല്‍ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ഇനിയെന്തുചെയ്യുമെന്ന് ആശങ്കയോടിരുന്ന നാദിര്‍ഷയെക്കൊണ്ടുതന്നെ ബന്ധു കട ഉദ്ഘാടനം ചെയ്യിച്ചു. ഇതുകണ്ട് ചടങ്ങിനെത്തിയവരെല്ലാം അമ്പരന്നു. കാരണം, തലേ ദിവസംവരെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ക്കെല്ലാം ഓടി നടന്നിരുന്ന പയ്യന്‍ ഉദ്ഘാടകനായപ്പോള്‍ പലരും ‘അയ്യേ’ എന്നു പറഞ്ഞു. പക്ഷേ, ആ തുടക്കം പാഴായില്ലെന്ന് നാദിര്‍ഷ. പിന്നീട്, ഇതേ ബന്ധുവിന്‍റെ നാല് കടകളാണ് താന്‍ ഉദ്ഘാടനംചെയ്തത്. ഇക്കാര്യം തന്‍റെ സുഹൃത്ത് ജോര്‍ജ്ജിനോട് പറഞ്ഞപ്പോളുണ്ടായ അദ്ദേഹത്തിന്‍റെ രസകരമായ കമന്‍റിനെക്കുറിച്ചും നാദിര്‍ഷ പറഞ്ഞു. അത് നാലുപേര് കൂടി തുടങ്ങിയ കടയാണെന്നും നാലുപേരും തല്ലിപ്പിരിഞ്ഞ് നാലു കടകള്‍ തുടങ്ങിയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ കമന്‍റ്.

ഇതുകേട്ട്, തനിക്കും ഒരു കൈനീട്ടം തരണമെന്നും താന്‍ തുടങ്ങാന്‍പോകുന്ന ഷോപ്പിന്‍റെ ഉദ്ഘാടനം ചെയ്തു തരണമെന്നും ആവശ്യപ്പെട്ട അവകാരക എലീനയോട് അതിന് നല്ല പ്രതിഫലം തരേണ്ടിവരുമെന്ന് നാദിര്‍ഷ. ഇതിന് ഒരുപകഥകൂടിയുണ്ടെന്നും നാദിര്‍ഷ ആഗ്രഹിക്കുന്ന തുക പ്രതിഫലം കൊടുത്താല്‍ മാത്രമേ കൈനീട്ടത്തിനും മറ്റും ഫലം കിട്ടുകയുള്ളൂവെന്നായിരുന്നു ഗിന്നസ് പക്രുവിന്‍റെ മറുപടി.


bottom of page