കോമഡി മാസ്റ്റേഴ്സില്‍ ഒരു പാട്ട് വര്‍ത്താനം!
പ്രശസ്തമായ മലയാളം ഗാനങ്ങളില്‍ നമ്മള്‍ പാടി ശീലിച്ച ചില വരികളുണ്ടാവും. എന്നാല്‍, നാം കരുതുന്നതായിരിക്കില്ല ശരിയായ വരി, അല്ലെങ്കില്‍ ഒരു വാക്ക്. ചിലതൊക്കെ സൌകര്യപൂര്‍വ്വം നാം മാറ്റിപ്പാടുന്നതാവും, തെറ്റിപ്പോയെന്ന് അറിഞ്ഞുകൊണ്ടുതന്നെ! ഇങ്ങനെ കാലങ്ങളായി നാം തെറ്റിപ്പാടുന്ന വരികളെ തിരുത്തുകയാണ് ദിവാകൃഷ്ണ എന്ന യുവാവ്. കുട്ടിക്കാലംമുതലേ പാട്ടിനോടുള്ള ഇഷ്ടംകൊണ്ടാണ് ദിവാകൃഷ്ണ ഈ ദൌത്യത്തിനിറങ്ങിപ്പുറപ്പെട്ടത്. തന്‍റെ ഇന്‍സ്റ്റഗ്രാം പേജായ ‘പാട്ട് വര്‍ത്താന’ത്തിലൂടെയാണ് ദിവ പാട്ടുകളുടെ ശരിയായ വരികളെക്കുറിച്ചും പാട്ടുകള്‍ക്ക് പിന്നിലെ അറിയാക്കഥകളെക്കുറിച്ചും പറയുന്നത്.
അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കോമഡി ഷോ ആയ ‘കോമഡി മാസ്റ്റേഴ്സി’ല്‍ ദിവ അതിഥിയായി എത്തിയിരുന്നു.
സിനിമാമോഹവുമായി നടന്നിരുന്നകാലത്ത് കാര്യങ്ങളൊന്നും വിചാരിച്ച രീതിയില്‍ പോകാതെ വന്നപ്പോള്‍ നിരാശയില്‍നിന്ന് മനസ്സിന്‍റെ ശ്രദ്ധയൊന്നു തിരിക്കാന്‍ തുടങ്ങിയ കാര്യമായിരുന്നു ‘പാട്ട് വര്‍ത്താന’മെന്ന് ദിവാകൃഷ്ണ. കുറച്ചു ഷോര്‍ട് ഫിലിംസും, മ്യൂസിക് വീഡിയോസുമൊക്കെ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.
‘കോമഡി മാസ്റ്റേഴ്സി’ന്‍റെ വേദിയിലെത്തിയ ദിവ, ചില വരികളുടെ പാടിപ്പതിഞ്ഞ തെറ്റുകള്‍ തിരുത്തുകയുണ്ടായി.’ തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലെ “ഒരു സിംഹമലയും കാട്ടില്‍…” എന്ന ഗാനം എഴുതിയിരിക്കുന്നത് കൈതപ്രമാണ്. അതിനിടയില്‍ ഒരു റാപ് പോര്‍ഷന്‍ വരുന്നുണ്ട്. ആ വരികള്‍ എന്താണെന്ന് മിക്കവര്‍ക്കും വലിയധാരണയുണ്ടാകില്ല.
“സിത്താറില്‍ തരഫിട്ട് ചിട്ടവച്ച് താളമിട്ട്
ചിട്ടസ്വമൊരുക്കി പാടടി സരിഗമ,
എച്ചുകട്ട മൃദംഗത്തില്‍ എട്ടുകട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി പാടടി പധനിസ” എന്നാണ് ആ വരികളെന്ന് ദിവ പറഞ്ഞു. സുരേഷ് പീറ്റേഴ്സാണ് ഈണം പകര്‍ന്ന് ആ വരികള്‍ പാടിയിരിക്കുന്നത്.
‘മഴവില്ല്’ എന്ന ചിത്രത്തിലെ ഗാനം “പൊന്നോലത്തുമ്പി… പൂവാലിത്തുമ്പി…ആട് ആട് നീയാടാട്…” എന്നാണ് നാം പാടാറുള്ളത്, പക്ഷേ ശരിയായ വരികള്‍ “പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ…” എന്നാണ്.
‘യോദ്ധ’യിലെ “പടകാളി ചണ്ടി, ചങ്കരി, പോര്‍ക്കലി…” എന്നത് ഒരു ദേവി സ്തുതിയാണ്. ബിച്ചു തിരുമലയാണ് രചന. ആ വരികളും ശരിയായി പാടുന്നവര്‍ കുറവ്.
“പടകാളി, ചണ്ഡി, ചങ്കരി,
പോര്‍ക്കലി, മാര്‍ഗ്ഗിനി, ഭഗവതി അടിയനിൽ
അലിവോടിന്നിത്തിരി കനിയണമേ…” എന്നാണ് ശരിയായ വരികള്‍.
നാദിര്‍ഷയെ കാണുമ്പോള്‍ ചോദിക്കണമെന്ന് കരുതിയിരുന്ന ഒരു ചോദ്യമുണ്ടെന്ന് ദിവാകൃഷ്ണ. “മക്കസായി മക്കസായി റംബംബോ…” എന്ന വരിയുടെ അര്‍ത്ഥം എന്താണെന്നായിരുന്നു ദിവയുടെ ചോദ്യം. അത് ഒരു മലേഷ്യന്‍ വാക്കോ മറ്റോ ആണെന്നും ‘നമസ്ക്കാരം’ എന്നാണ് അതിന്‍റെ അര്‍ത്ഥമെന്നാണ് തനിക്ക് തോന്നുന്നതെന്നും നാദിര്‍ഷ. ആ വാക്കിന് താനുത്തരവാദിയല്ലെന്നും നാദിര്‍ഷ കൂട്ടച്ചിരികള്‍ക്കിടയില്‍ പറഞ്ഞു. അതുപോലെ കലാഭവന്‍ മണിയെക്കുറിച്ച് താന്‍ എഴുതിയ “ഏറ്റവും നല്ല മികച്ച നടനുള്ള…” എന്ന ഗാനത്തിലും തെറ്റുണ്ടെന്ന് നാദിര്‍ഷ. ഏറ്റവും നല്ല മികച്ച നടന്‍ എന്നു പറയില്ല. നല്ല നടന്‍ അല്ലെങ്കില്‍ മികച്ച നടനെന്നാകാം. അന്ന് ഒരൊഴുക്കിന് പാടിപ്പോയതാണെന്നും ആരും അന്നത് ശ്രദ്ധിച്ചില്ലെന്നും നാദിര്‍ഷ ഓര്‍ക്കുന്നു. പിന്നീട്, പാട്ട് പുറത്തിറങ്ങിയതിനുശേഷം നടന്‍ സിദ്ധിഖാണ് ആ തെറ്റ് ചൂണ്ടിക്കാണിച്ചതെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ താന്‍ മറുപടി പറഞ്ഞത് ‘നല്ലതിന്‍റെ നല്ലത്’ എന്ന അര്‍ത്ഥത്തിലാണ് താനങ്ങനെ എഴുതിയതെന്നാണ്. പക്ഷേ, താന്‍ തെറ്റ് സമ്മതിക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു.