കുട്ടിക്കാലത്തും സ്കൂള്‍-കോളേജ് പഠനകാലത്തുംമറ്റും ഇരട്ടപ്പേര് കിട്ടാത്തവര്‍ ചുരുക്കമായിരിക്കും. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കോമഡി ഷോ ‘കോമഡി മാസ്റ്റേഴ്സി’ന്‍റെ വിധികര്‍ത്താക്കളായ നാദിര്‍ഷ, ഗിന്നസ് പക്രു, പ്രത്യേക അതിഥിയായെത്തിയ നടന്‍ സിജു വിത്സന്‍ എന്നിവരുടെ ഇരട്ടപ്പേരുകള്‍ എന്താണെന്നായിരുന്നു അവതാരകയായ എലീന പടിക്കലിന്‍റെ ചോദ്യം. തനിക്കുണ്ടായിരുന്ന ഇരട്ടപ്പേരുകള്‍ എലീനയും വെളിപ്പെടുത്തി. തന്നെ കുട്ടിക്കാലത്ത് ചിവീട്, എലി എന്നിങ്ങനെയായിരുന്നു വിളിച്ചിരുന്നതെന്ന് എലീന. പിന്നീട് ആങ്കറിങ്ങിലേക്കെത്തിയപ്പോള്‍ നിര്‍ത്താതെ വര്‍ത്തമാനം പറയുന്നുവെന്ന കാരണത്താല്‍ ചാള മേരിയെന്നും വിളിച്ചിരുന്നു. ‘കോമഡി മാസ്റ്റേഴ്സ് ’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
താനങ്ങനെ ഇരട്ടപ്പേരുകള്‍ വിളിക്കാറില്ലെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. പക്ഷേ, തന്‍റെ ഇരട്ടപ്പേര് മാവേലി എന്നായിരുന്നു. തന്‍റെ വീട്ടുപേര് മാവേലി എന്നാണ്. എന്നാല്‍, ആ പേര് കിട്ടിയത് മറ്റൊരു കാരണംകൊണ്ടാണെന്ന് നാദിര്‍ഷ. താന്‍ അഞ്ചാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പില്‍ പോയിത്തുടങ്ങിയ ആളായതിനാല്‍ സ്കൂള്‍-കോളേജ് കാലഘട്ടത്തില്‍ കൃത്യമായി ക്ലാസ്സില്‍ പോയിരുന്നില്ല. പിന്നീട് ജോലി ലഭിച്ചപ്പോഴും കൃത്യമായി പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ എല്ലായിടത്തും തന്നെ വല്ലപ്പോഴും വരുന്നയാളെന്ന നിലയില്‍ മാവേലി എന്നാണ് വിളിച്ചിരുന്നതെന്ന് നാദിര്‍ഷ. ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലായിടത്തും ആളുകള്‍ മാവേലി എന്നുതന്നെയാണ് വിളിക്കാന്‍ തുടങ്ങിയതെന്ന് നാദിര്‍ഷ ഓര്‍ക്കുന്നു.
തനിക്ക് വീണ ഇരട്ടപ്പേര് പിന്നീട് യഥാര്‍ത്ഥ പേരായി മാറിയ ആളാണ് താനെന്ന് ഗിന്നസ് പക്രു. അജയ് കുമാർ എന്നാണ് ശരിയായ പേരെങ്കിലും തന്‍റെ ആദ്യ ചിത്രമായ ‘അമ്പിളി അമ്മാവനി’ല്‍ ഉണ്ടപ്പക്രു എന്നായിരുന്നു കഥാപാത്രത്തിന്‍റെ പേര്. പിന്നീട് യുവജനോത്സവങ്ങളിലും മറ്റും ആ പേര് പ്രചരിക്കുകയും പക്രുവെന്നത് തന്‍റെ പേരായിത്തീരുകയുമായിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കൊച്ചജി എന്ന് വിളിച്ചിരുന്നു. കോളേജിലെത്തിയപ്പോള്‍ കൊച്ചേട്ടനായി.
ചെറുപ്പത്തില്‍ തന്നെ ചട്ടു എന്നു വിളിക്കുമായിരുന്നുവെന്ന് നടന്‍ സിജു വിത്സന്‍. പക്ഷേ, അതിന്‍റെ കാരണം താന്‍ പറയില്ലെന്നും താരം. വീട്ടില്‍ തന്നെ ഓമനിച്ചു വിളിക്കുന്ന പേരൊന്നുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ തെറിവിളിയായിരുന്നുവെന്നും സിജു. തന്‍റെ മാതാപിതാക്കള്‍ക്ക് പച്ചക്കറി കടയുണ്ടായിരുന്നതിനാല്‍ പച്ചക്കറി എന്നും വിളിച്ചിരുന്നു. കോളേജിലെത്തിയപ്പോള്‍ മറ്റൊരു പേര് വീണു, എന്നാല്‍ അത് തനിക്ക് പുറത്തു പറയാനേ പറ്റില്ലെന്നും സിജു വിത്സന്‍ പറഞ്ഞു. ഇത്രയധികം പേരുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിജുവിനെ ഇപ്പോള്‍ പ്രേക്ഷകര്‍ സ്നേഹപൂര്‍വ്വം ചേകവര്‍ എന്നും പണിക്കരെന്നുമാണ് വിളിക്കുന്നതെന്നായിരുന്നു എലീനയുടെ കമന്‍റ്. വിനയൻ രചനയും സംവിധാനവും നിർവഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ സാമൂഹിക പരിഷ്കർത്താവും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു അവതരിപ്പിച്ചത്.