top of page

‘ദൈവമുണ്ട്…!’ ബിബിന്‍ ജോര്‍ജ്ജിന്‍റെയും പിഷാരടിയുടെയും രസകരമായ അനുഭവങ്ങള്‍



തനിക്കേറ്റവും സ്നേഹമുള്ളവരെയാണ് രമേഷ് പിഷാരടി കൂടുതലും കളിയാക്കാറുള്ളതെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജ്. പിഷാരടി തന്നെ കളിയാക്കിയ രസകരമായ കഥ ബിബിന്‍ പങ്കുവച്ചിരുന്നു. മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ അമൃത ടി വിയുടെ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ വേദിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്.


“ഞങ്ങള്‍ ‘അമര്‍ അക്ബര്‍ അന്തോണി’ക്കുമുന്‍പ് അമേരിക്കയില്‍ ജയറാം ഷോ ചെയ്തു. വലിയൊരു താരനിരതന്നെ പങ്കെടുക്കുന്നുണ്ട്. ആ തിമിംഗല സ്രാവുകളുടെയിടയില്‍ ഞാനും വിഷ്ണുവുമൊക്കെയുണ്ട്. ഷോയില്‍ വിഷ്ണുവിന് പിന്നെയും റോളുണ്ട്, എനിക്ക് റോളില്ല. എനിക്ക് ആകെയുള്ള വേഷം വിഷ്ണു പുലികളിക്കുമ്പോള്‍ ഒരു സായിപ്പിന്‍റെ വേഷത്തില്‍ തോക്കുമായി ഞാന്‍ വരണം. മൂന്നരമണിക്കൂര്‍ ഷോയുണ്ട്. ഷോ തുടങ്ങുന്നതിനും ഒരു മണിക്കൂര്‍ മുന്‍പേ ഞാന്‍ മേക്കപ്പിട്ട് വെളുത്ത വിഗ്ഗുമിട്ട് ഇരിക്കും. രമേഷേട്ടന്‍ വന്ന് എന്നെ കണ്ടിട്ട് നാണമില്ലേടാ എന്നു പറഞ്ഞ് ഒരു പോക്കുപോകും. എല്ലാ വേദികളിലും എന്നെ ആ വിഗ്ഗിന്‍റെ പേരില്‍ കളിയാക്കും. ഉമ്മന്‍ ചാണ്ടിയുടെ മുടി സ്ട്രെയിറ്റ് ചെയ്തതാണ് ഒരെണ്ണം. പിന്നെപ്പറയും തമിഴ്നാടിന്‍റെ വൈക്കോലാണ് ഒരെണ്ണം… ഇങ്ങനെയിങ്ങനെ…”


ഇതിനു മറുപടിയുമായി രമേഷ് പിഷാരടിയെത്തി. 


“ഷോ രാത്രി എട്ടരയ്ക്കാണെങ്കില്‍ വൈകുന്നേരം അഞ്ചുമണിക്കേ ഒരുങ്ങിയിരിക്കുന്നതില്‍ ഒരു ദുരുദ്ദേശ്യമുണ്ട്. ഓഡിറ്റോറിയത്തിന്‍റെ പുറത്ത് വണ്ടിയില്‍നിന്ന് ഇന്ന സാധനം എടുത്തുകൊണ്ടു വാ എന്നു പറഞ്ഞാല്‍, ‘അയ്യോ മറ്റേ ബാഗ് അവിടെയായിപ്പോയി’ എന്നു പറയും. മുന്‍പില്‍ പോയി ഓഡിയോ ചെക്ക് ചെയ്യ് എന്ന് പറഞ്ഞാല്‍ ‘കോസ്റ്റ്യൂമിട്ടുപോയി ചേട്ടാ…’ എന്നു പറയും.” അഞ്ച് മണിക്ക് വിഗ്ഗുമിട്ടിരിക്കുന്നത് പണിയെടുക്കാതിരിക്കാനാണെന്ന് പിഷാരടി. അതുകൊണ്ടാണ് താനതു പറയുന്നത്.


ബിബിന്‍ കഥ തുടര്‍ന്നു:

“ആ വിഗ്ഗിനെ കളിയാക്കലാണ് രമേഷേട്ടന്‍റെ പ്രധാന പരിപാടി. നിനക്ക് നല്ല മുടിയുണ്ടല്ലോ… പണിയെടുത്ത് തിന്നൂടെ… എന്തിനാണ് ഈ വിഗ്ഗുംവച്ചിരിക്കുന്നത് എന്നിങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കാണെങ്കില്‍ ആ ഷോ എങ്ങനെയെങ്കിലും കഴിഞ്ഞ്, തിരികെപോയാല്‍ മതിയെന്നായി. ഞാന്‍ പറഞ്ഞു- ‘ചേട്ടാ, ദൈവമുണ്ട്, ട്ടോ…’

‘ആ ദൈവമുണ്ടടാ, അല്ലെങ്കില്‍ നിനക്കീ വിഗ്ഗ് കിട്ടില്ലല്ലോ…’ എന്ന് പറഞ്ഞിട്ട് രമേഷേട്ടന്‍പോയി. 


അങ്ങനെ ജയറാം ഷോ വളരെ ഗംഭീരമായിട്ട് കഴിഞ്ഞു. ഞങ്ങളുടെ സിനിമയൊക്കെയിറങ്ങി. കുറേക്കാലത്തിനുശേഷം രമേഷേട്ടന്‍റെ വിളിയെത്തി. ‘നീയെവിടുണ്ട്?’ ഞാന്‍ ഇന്നയിടത്തുണ്ടെന്ന് മറുപടി പറഞ്ഞു. ഉടന്‍ രമേഷേട്ടന്‍റെ വാക്കുകള്‍- ‘ദൈവമുണ്ടെടാ…!’ ഞാന്‍ പറഞ്ഞു. ‘ദൈവമുണ്ട്. അതിന്…?’ ഉടനെ വീണ്ടും അദ്ദേഹം ഇങ്ങോട്ട്- ‘ദൈവമുണ്ടെടാ…’ എന്താ കാര്യമെന്നു ഞാന്‍. മറ്റൊന്നുമല്ല, നേരത്തെ ഞാന്‍ വാഴക്കാലയിലെ ഒരു കടയില്‍നിന്നാണ് വിഗ്ഗ് വാടകയ്ക്കെടുത്തത്. വര്‍ഷങ്ങള്‍ക്കുശേഷം, ‘ആടുപുലിയാട്ടം’ എന്ന സിനിമയില്‍ ഒരു സായിപ്പിന്‍റെ വേഷം രമേഷേട്ടന്‍ ചെയ്തപ്പോള്‍ അതേ വിഗ്ഗാണ് കിട്ടിയത്!”


താന്‍ മേക്കപ്പിടാനിരുന്ന സമയം മേക്കപ്പ്മാന്‍ ആ വിഗ്ഗെടുത്തപ്പോള്‍ എവിടെയോ കണ്ടപോലെ ഒരു പരിചയംതോന്നിയെന്ന് പിഷാരടി. ദൈവമുണ്ടെന്നും എല്ലാം തിരികെക്കിട്ടുമെന്നും പിഷാരടിയുടെ കമന്‍റ്.


ഇതുപോലെ ദൈവമുണ്ടെന്നു കാണിച്ചുതന്ന ഒരു രസകരമായ സന്ദര്‍ഭത്തിന്‍റെ ഓര്‍മ്മയും പിഷാരടി പങ്കുവച്ചു.


“ചില സമയത്ത് ദൈവം കേറി വര്‍ക്ക് ചെയ്യും. ഞാനും ധര്‍മ്മജനുംകൂടി ചെറിയ ചില ഡിസ്ക്കഷനും എഴുത്തിനുംവേണ്ടി മൂന്നു ദിവസത്തേക്ക് ഒരു റൂമെടുത്തു. റൂം വാടക 25000/- രൂപയായി. അത് തുല്യമായി ഷെയര്‍ചെയ്യാമെന്നേറ്റ് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് വീട്ടിലെത്തി ധര്‍മ്മനെ വിളിച്ചപ്പോള്‍ പല ഒഴിവുകഴിവുകളും പറയാന്‍ തുടങ്ങി. ഇലക്ഷനും മറ്റുമായിരുന്നതുകൊണ്ട് തന്‍റെ അക്കൌണ്ടില്‍ ഒറ്റപ്പൈസയില്ലെന്ന് ധര്‍മ്മജന്‍. അവസാനം 12,500/- എന്നുള്ളത് 2500/- ആയി ബാക്കി പിന്നെ തരാമെന്നു പറഞ്ഞ് ആ തുക ധര്‍മ്മന്‍ ഗൂഗില്‍ പേവഴി അയച്ചു. മെസേജ് കണ്ട് ഞാന്‍ തിരിച്ചുവിളിച്ചു- ‘ധര്‍മ്മജാ, ദൈവമുണ്ട്!’ ‘എന്താടാ…?’ എന്ന് ധര്‍മ്മജന്‍. ‘കുത്തിയപ്പോള്‍ ഒരു പൂജ്യം കൂടിയാരുന്നു. 25000/- ആണ് വന്നേക്കുന്നത്. ഇനി ബാക്കി 12500ന് ചന്ദനം ചാലിച്ചു തൊട്ടാല്‍മതി, ഞാന്‍ തരൂല്ലാ…’ എന്നു പറഞ്ഞു”, പിഷാരടിയുടെ അനുഭവമിങ്ങനെ. 


bottom of page