ധര്‍മ്മജനോട് പൊട്ടിത്തെറിച്ച് പിഷാരടി!
സ്റ്റേജില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ കോമ്പോയാണ് സിനിമാ-മിമിക്രി താരങ്ങളായ രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന തങ്ങളുടെ കൂട്ടുക്കെട്ടിന്‍റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളും പിഷാരടി പങ്കുവയ്ക്കാറുണ്ട്. ഒരിക്കല്‍ ധര്‍മ്മജനൊപ്പമുള്ള ഒരു പരിപാടിക്കായി പോയപ്പോഴുള്ള രസകരമായ സംഭവം രമേഷ് പിഷാരടി അമൃത ടി വിയുടെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്‍റ് അപ് കോമഡി ഷോ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ വേദിയില്‍ പങ്കുവച്ചു.
തങ്ങളുടെ പ്രോഗ്രാമിനു മുന്‍പായി അവിടുത്തെ കുട്ടികളുടെ രണ്ടുമൂന്നു ഡാന്‍സുണ്ട്. ധര്‍മ്മജനാകട്ടെ പരിപാടിക്കെത്തിയിട്ടുമില്ല. തനിക്കാകട്ടെ ടെന്‍ഷനടിച്ചിട്ട് വയ്യതാനും. തുടക്കം മുതല്‍ ധര്‍മ്മജന്‍ വേണ്ടതാണ്. തങ്ങളിരുവരുമൊന്നിച്ചാണ് എല്ലാ സ്കിറ്റുകളും അവതരിപ്പിക്കേണ്ടതും. വിളിച്ചിട്ട് ധര്‍മ്മജന്‍ മൊബൈല്‍ഫോണെടുക്കുന്നുമില്ല. കുറെ പ്രാവശ്യം വിളിച്ചപ്പോള്‍ ധര്‍മ്മജന്‍ ഫോണെടുത്തിട്ടു പറഞ്ഞു, “എന്‍റെ ഫോണിന്‍റെ ബാറ്ററി ഇപ്പോള്‍ തീരും. നീ ടെന്‍ഷനടിക്കേണ്ട. ഞാനൊരു 10 മിനിറ്റുകൊണ്ടെത്തും. എനിക്കീ ഉത്സവപ്പറമ്പിലെ ഒച്ച കേള്‍ക്കാം. അതിന്‍റെ അടുത്തു ഞാനെത്തി. ടെന്‍ഷനടിക്കേണ്ട…” എന്നു പറഞ്ഞു ഫോണ്‍ വെച്ചു. ധര്‍മ്മജന്‍ ഇടയ്ക്ക് കള്ളവും പറയാറുണ്ട്. അതുകൊണ്ട് ടെന്‍ഷനടിക്കേണ്ടെന്ന് പറഞ്ഞാലും തനിക്ക് ടെന്‍ഷനുണ്ട്.
ഫോണ്‍ ഓഫായിപ്പോയി. നാല് ഡാന്‍സുകള്‍ ഏകദേശം കഴിയാറായി. അതുകഴിഞ്ഞാല്‍ പരിപാടി തുടങ്ങണം. താന്‍ ഡാന്‍സ് ടീച്ചറിനോട് ഒരെണ്ണംകൂടി അവതരിപ്പിക്കാമോ എന്നു ചോദിച്ചു. കഴിഞ്ഞ വര്‍ഷം കളിച്ച ഒരു ഡാന്‍സ് അവതരിപ്പിക്കാമെന്നവര്‍ ഏറ്റു. അതു കഴിഞ്ഞിട്ടും ധര്‍മ്മജന്‍ എത്തിയില്ല. ഒരെണ്ണം കൂടി അവതരിപ്പിക്കാമോ എന്ന് ചോദിച്ചപ്പോള്‍ നല്ലതു നാലെണ്ണം കളിച്ചിട്ട് ഇനി മോശമായാല്‍ പ്രശ്നമാകുമെന്ന് ടീച്ചറിന് അങ്കലാപ്പ്. എങ്ങനെങ്കിലും ടീച്ചറിനെ സമ്മതിപ്പിച്ച് അവര്‍ ഒരു ഡാന്‍സ് കൂടി കളിച്ചിട്ടും ധര്‍മ്മജന് എത്തിയിട്ടില്ല. ഇനി ഡാന്‍സിന്‍റെ കാര്യം ചോദിക്കാനാണെങ്കില്‍ തന്‍റെ അടുത്തേക്ക് വരരുതെന്ന് ഡാന്‍സ് ടീച്ചര്‍ നിലപാടെടുത്തു. താനിങ്ങനെയൊരു പ്രശ്നത്തില്‍പ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചപ്പോള്‍ ടീച്ചര്‍തന്നെ ഒരു ഡാന്‍സ് അവതരിപ്പിക്കാമെന്നേറ്റു. ഡാന്‍സ് കോസ്റ്റ്യൂമൊന്നുമില്ലാതെ ഇട്ടിരുന്ന ചുരീദാറിന്‍റെ ഷാളൊക്കെ ചുറ്റി അവര്‍ നൃത്തത്തിന് തയ്യാറെടുത്തു. ആകെ ടെന്‍ഷനടിച്ച് സ്റ്റേജിന്‍റെ അരികിലെത്തി താന്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ഏറ്റവും മുന്നിലായി ആളുകളുടെയിടയില്‍ കടലയും കൊറിച്ചുകൊണ്ട് ധര്‍മ്മജനിരിക്കുന്നു. ആകെ ദേഷ്യത്തില്‍, ഒരാളെ വിട്ട് ധര്‍മ്മജനെ താന്‍ സ്റ്റേജിന്‍റെ പിറകിലേക്ക് വിളിപ്പിച്ചു. “എന്ത് തോന്നിവാസമാടാ നീ കാണിക്കുന്നത്? എന്ത് ഉത്തരവാദിത്തമാ നിനക്ക്. നീ നേരത്തേ വരണ്ടേ?” എന്നു പറഞ്ഞപ്പോള്‍ ധര്‍മ്മജന്‍റെ മറുപടിയിങ്ങനെ- “അതിനു പിള്ളേരുടെ പരിപാടി കഴിയാതെ നമ്മുടെ പരിപാടി തുടങ്ങില്ലല്ലോ…” എന്ന്!