top of page

ഇതുപോലെ പ്രചോദനം നല്‍കുന്ന ഒരു ജീവിതകഥ മറ്റൊന്നുണ്ടാകില്ല!!!

സ്നേഹം വിളമ്പുന്ന ‘എന്‍റെ ചോറ്റുപാത്ര’ത്തിന്‍റെ കഥഅമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയുടെ വേദിയില്‍ വളരെ സ്പെഷ്യലായ ഒരതിഥി എത്തിയിരുന്നു. ജീവിതത്തില്‍ തോറ്റുപോയി എന്നു കരുതുന്നവര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, എന്നും പ്രചോദനമാകുന്ന ജീവിതത്തിനുടമ- ശാലിന്‍. കാന്‍സര്‍ രോഗം പിടിമുറുക്കിയ സമയത്ത് തന്നേയും പറക്കമുറ്റാത്ത രണ്ട് കുട്ടികളേയും ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്‍റെ ക്രൂരമനസ്സിനോടും തന്‍റെ ആത്മവിശ്വാസത്തെ ഇടയ്ക്കിടെ പരീക്ഷിക്കുന്ന രോഗത്തോടും പരിഭവമില്ലാതെ, നിറഞ്ഞ ചിരിയോടെ ജീവിത്തെ സ്നേഹിക്കുന്നു ശാലിന്‍. 


ചോറ്റുപാത്രത്തില്‍ സ്നേഹംനിറച്ച ഭക്ഷണവുമായി സൂപ്പര്‍ അമ്മയും മകളും പരിപാടിയുടെ വേദിയില്‍ തന്‍റെ ജീവിതകഥ ശാലിന്‍ പറയുന്നു…“2013ലാണ് ഞാനും മക്കളും തിരുവനന്തപുരത്ത് ഒറ്റപ്പെട്ടുപോയത്. അത് വളരെ മാനസിക സംഘര്‍ഷത്തിലേക്കാണ് കൊണ്ടെത്തിച്ചത്. അവിടെനിന്നും ഓരോന്നോരോന്നായി അതിജീവിക്കുന്നു. 2019ല്‍ വീണ്ടും വയ്യാതാകുന്നു. ഒരു ബിഗ് ബ്രേക്ക് എടുക്കുകയായിരുന്നു പാലിയേറ്റീവ് കെയറിലേക്ക്. അങ്ങനെ കിടന്നപ്പോഴാണ് എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന് ആലോചിക്കുന്നത്. അപ്പോഴാണ് പ്രോജക്ടുകള്‍ സമര്‍പ്പിച്ചാല്‍ സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ ലോണുകള്‍ നല്‍കുന്നുണ്ടെന്ന് അറിയുന്നത്. സെന്‍ട്രല്‍-സ്റ്റേറ്റ് പ്രോജക്ടുകളെക്കുറിച്ചറിയുകയും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആശയം ഉദിക്കുകയുംചെയ്തു. അങ്ങനെയാണ് ലൈവ് ഐസ്ക്രീം എന്ന ആശയം പ്രാവര്‍ത്തികമാവുന്നത്. ഇന്നുവരെ ആരും അത് കൊണ്ടുവന്നിട്ടില്ല. നാളെ ഉദ്ഘാടനമെങ്കില്‍ ഇന്നു രാത്രി ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ലോക്ഡൌണിന്‍റെ മൂന്നാമത്തെ വാര്‍ഷികം ഞങ്ങള്‍ ഇക്കൊല്ലം ആഘോഷിച്ചു.


തന്‍റെ 26ആം വയസ്സില്‍ ക്യാന്‍സറിന്‍റെ സാദ്ധ്യത കണ്ടിട്ട് യൂട്രസ് റിമൂവ്ചെയ്തു. അന്ന് എന്‍റെ മകന് അഞ്ചര മാസമാണ് പ്രായം. യൂട്രസ് ഇരിക്കുന്നത് മരണകാരണമാകുമെന്ന് അറിഞ്ഞിട്ടാണ് അത് മാറ്റിയത്. അന്ന് എല്ലാവരുടേയും പ്രാര്‍ത്ഥന മകന്‍ ഒന്നു നടക്കാറാവുന്നതുവരെ ജീവന്‍ നിലനില്‍ക്കണേയെന്നായിരുന്നു. ഇന്ന് 22 കാരനായ എന്‍റെ മകന്‍ എബിയാണ് എന്നെ നോക്കുന്നത്. ഒരു മകള്‍ കൂടിയുണ്ട്. മൂത്തയാളാണ്. എന്‍റെ അമ്മൂമ്മയ്ക്ക് കാന്‍സറായിരുന്നു. അതിനാല്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. ബ്രസ്റ്റിലും കാന്‍സര്‍ കണ്ടെത്തിയപ്പോള്‍ മാസക്ടമി ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാല്‍ അത് ഭര്‍തൃവീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ അതിന് തയ്യാറെടുക്കുന്ന സമയത്ത് വീട്ടില്‍പ്പോയി അവരെ പറഞ്ഞു സമ്മതിപ്പിച്ചിട്ട് വരാമെന്ന് പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോയ ഭര്‍ത്താവ് പിന്നീട് തിരിച്ചുവന്നില്ല. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട് കാരണം സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കുമുപരി അദ്ദേഹം സ്വന്തം വീട്ടുകാരെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ്. ആ സന്ദര്‍ഭത്തില്‍ ഒരു ആറുമാസത്തോളം ഭ്രാന്തിന്‍റെ അവസ്ഥയിലായിരുന്നു ഞാന്‍. അതില്‍ നിന്നു തിരിച്ചു വരുമ്പോള്‍ 15 വയസ്സുള്ള മകളും 11കാരനായ മകനുമായിരുന്നു ഒപ്പം. എനിക്ക് അപരിചിതമായ തിരുവനന്തപുരം നഗരം. എന്തു ചെയ്യണമെന്ന് അറിയില്ല. അങ്ങനെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ 3000 രൂപയ്ക്ക് അവരുടെ അമ്മയെ നോക്കുന്ന ജോലി തുടങ്ങി. മകള്‍ അന്ന് പത്തിലാണ്. മകളുടെ പഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയില്ലായിരുന്നു. പതിനൊന്ന് വര്‍ഷത്തിനിപ്പുറം മകളിന്ന് ഫാംഡി കോഴ്സ് കഴിഞ്ഞ് ഡോക്ടറാണ്, ഡെല്‍ഹിയില്‍. മകന്‍ മെക്കാനിക്കല്‍ എഞ്ജിനീയറിങ് കഴിഞ്ഞ് മെഷീന്‍ ഡ്രോയിങ് പഠിക്കാന്‍ എറണാകുളത്തുപോയി. അതോടൊപ്പം ചെറിയ സ്ട്രീറ്റ് മോമോസിന്‍റെ ഷോപ്പ് തുടങ്ങിയിട്ടുണ്ട്.

2019ല്‍ ലോക്ക്ഡൌണായെങ്കിലും ഞങ്ങള്‍ മൂന്നുപേരുംകൂടി ഷോപ്പ് ഉദ്ഘാടനംചെയ്തു. മറ്റു വഴിയില്ലായിരുന്നു. കാരണം എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നാണ് ഞങ്ങള്‍ വീണ്ടും തുടങ്ങുന്നത്. തുടങ്ങിയിട്ട് അത് അടച്ചിടേണ്ടിവന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ പട്ടിണിയായി. കടയിലേക്കുള്ള ഐസ്ക്രീമിനു വാങ്ങിവച്ച  ബിസ്ക്കറ്റാണ് മക്കള്‍ കഴിച്ചത്. കമ്യൂണിറ്റി കിച്ചണില്‍നിന്നാണ് ഞങ്ങള്‍ അക്കാലത്ത് ആഹാരം കഴിച്ചത്. 


ആ സമയത്ത് മാസ്ക് കിട്ടാതായി. 108 ആംബുലന്‍സിലെ വൈശാഖിന്‍റെ ആവശ്യപ്രകാരം പൂജപ്പുര ജയിലില്‍ മാസ്ക് കിട്ടുമോ എന്നന്വേഷിക്കാന്‍ പോയി. അന്ന് അവിടെ മാസ്ക് നിര്‍മ്മാണമുണ്ട്. ജയിലിലെത്തി അകത്തുചെന്ന് ഉദ്യോഗസ്ഥനോട് ചോദിച്ചത് മാസ്ക് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുമോ എന്നാണ്. അങ്ങനെ കേരളത്തിലെ വിവിധഭാഗങ്ങളിലുള്ള സ്ത്രീകളെ ഫേസ്ബുക്ക് വഴി മാസ്ക്കുണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിച്ചു. രണ്ടുമാസംകൊണ്ട് ഞങ്ങള്‍ 40,000 രൂപയുണ്ടാക്കി. പിന്നീടാണ് ചോറ്റുപാത്രത്തിലേക്ക് വരുന്നത്. 

ഐസ്ക്രീം ഷോപ്പിലേക്ക് സംഗീത കോളേജിലെ മൂന്നു കുട്ടികള്‍ വന്നു. പിന്നീട് മൂന്നു ദിവസത്തിനുശേഷം അവരെ വഴിയില്‍വച്ചുകണ്ടു. ഉച്ചകഴിഞ്ഞ് മൂന്നുമണി സമയം. അവര്‍ എന്നെക്കണ്ട് ഓടിവന്നു. അവര്‍ ഭക്ഷണംകഴിച്ചിട്ട് വരികയാണെന്നു പറഞ്ഞു. അവരോട് സംസാരിച്ചപ്പോഴാണ് ഹോസ്റ്റലിലും മറ്റും താമസിക്കുന്ന കുട്ടികള്‍ വീട്ടില്‍പ്പോകുമ്പോള്‍ മാത്രമാണ് ഉച്ചയ്ക്ക് ചോറുണ്ണുന്നതെന്ന് അറിഞ്ഞത്. പലര്‍ക്കും ഉച്ചയൂണ് അഫോര്‍ഡബിളല്ല. കൊറോണ വന്നതോടുകൂടി ഷെയര്‍ചെയ്ത് ഊണു കഴിക്കുന്നതും നിന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് എന്‍റെ വീട്ടില്‍ ഒരു ഊണിന് എത്ര ചെലവുവരുമെന്ന് ഞാന്‍ കണക്കുകൂട്ടി. ഏകദേശം 33 രൂപയാകും നമ്മുടെ വീടുകളിലെല്ലാം ഒരു സാധാരണ ഊണിന്. പിന്നീട് ആ കുട്ടികളെ ഇന്‍സ്റ്റഗ്രാമില്‍ കണക്ട് ചെയ്തു. നിങ്ങള്‍ സാധാരണ ചെലവാക്കുന്ന 28 രൂപയുടെകൂടെ ഒരു 7 രൂപകൂടിയിട്ടാല്‍ ഞാന്‍ നിങ്ങള്‍ക്ക് ചോറുതരാമെന്ന് പറഞ്ഞു. അവര്‍ക്ക് സന്തോഷമായി. 

ഇനി അവര്‍ക്കായി ചോറ്റുപാത്രം വാങ്ങിക്കണം. പിന്നീട് അവര്‍ പാത്രം കളഞ്ഞാലോ എന്നു ചിന്തിച്ച് ചോറ്റുപാത്രത്തിന് ഒരു പേരിടാന്‍ തീരുമാനിച്ചു. അങ്ങനെ ഇത് തന്‍റെ സ്വന്തമാണെന്ന തോന്നല്‍ ഉണ്ടാകണമെന്നു കരുതി ‘എന്‍റെ ചോറ്റുപാത്രം’ എന്ന് പേരിട്ടു. പിന്നീട് അവര്‍ വിളിച്ചു തങ്ങള്‍ 5 പേരുണ്ടെന്ന് പറഞ്ഞു. അങ്ങനെ ആരംഭിച്ച എന്‍റെ ചോറ്റുപാത്രത്തിന് 2 വയസ്സുകാരി ഡോറമോള്‍ മുതല്‍ 83 വയസ്സുള്ള അയ്യര്‍ സാര്‍വരെ ഇന്ന് കസ്റ്റമേഴ്സാണ്.”


bottom of page