top of page

‘സംഗീതത്തില്‍ കോപ്പിയടിയെന്നത് വലിയ കുറ്റമല്ല’

ഓര്‍മ്മകളുടെ മണിച്ചിത്രത്താഴ് തുറന്ന് ഫാസില്‍

ഫാസിലിന്‍റെ സിനിമകളില്‍ പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കാലാതിവര്‍ത്തിയായ ഒട്ടനേകം ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയത്. നല്ലഗാനങ്ങളുടെ പിറവിക്ക് സംവിധായകനെന്ന നിലയില്‍ ഫാസിലിന്‍റെ സംഭാവനയെന്താണെന്നായിരുന്നു അമൃത ടി വിയുടെ സമാഗമം പരിപാടിയിലെത്തിയ ഫാസിലിനോട് അവതാരകനായ നടന്‍ സിദ്ദിഖിന്‍റെ ചോദ്യം. സംഗീത സംവിധായകരെ പ്രകോപിപ്പിക്കുക എന്നതാണ് തന്‍റെ സംഭാവനയെന്ന് ഫാസിലിന്‍റെ മറുപടി. തനിക്ക് ശ്രുതി, ലയം, താളം ഒന്നുമറിയില്ല. ഒരു പാട്ടിന് താളം പിടിക്കുവാന്‍പോലും തനിക്കറിയില്ല പക്ഷേ, തനിക്ക് ഒരു ചെവിയുണ്ട്. തനിക്ക് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുമെന്ന് താന്‍ മനസ്സിലാക്കിയിട്ടുണ്ട്. സംഗീതത്തില്‍ കോപ്പിയടിയെന്നത് വലിയ കുറ്റമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഫാസില്‍. അവയൊന്നും ആരും കൊണ്ടുവന്നതല്ലെന്നും ഇവിടെത്തന്നെയുള്ളതാണെന്നും സംഗീതജ്ഞര്‍ അതില്‍നിന്നെടുത്ത് നമുക്ക് തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരാഗങ്ങളെ ഉപയോഗിച്ച് സിനിമയ്ക്ക് വേണ്ടുന്ന ഭാവങ്ങളെ ഉണര്‍ത്താന്‍ സംഗീതം സഹായിക്കും. സംഗീതം ഫാഷന്‍ പോലാണെന്നും ഒരു ചക്രമെന്നതുപോലെ പണ്ടുകേട്ടതുതന്നെയാണ് വീണ്ടും കറങ്ങിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകനോടൊപ്പം താനുമിരുന്ന് പല പല ഗാനങ്ങളുടേയും ഈണങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും അത് കോപ്പിയടിയെന്ന് ഒരിക്കലും പറയാനാകില്ലെന്നും മറിച്ച്, അത് തങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളിയേ…’ എന്ന ഗാനത്തിന്‍റെ പിറവിയെക്കുറിച്ചും തന്‍റെ സിനിമാഗാനങ്ങളുടെ രചനയില്‍ ബിച്ചു തിരുമലയുടെ സവിശേഷമായ പങ്കിനെക്കുറിച്ചും ഫാസില്‍ സംസാരിച്ചു. മഞ്ഞില്‍ വിരിഞ്ഞ പൂവ്, മണിച്ചിത്രത്താഴ് എന്നീ സിനിമാപ്പേരുകള്‍ ബിച്ചുവിന്‍റെ ഗാനങ്ങളില്‍നിന്നാണ് എടുത്തിട്ടുള്ളത്.


രണ്ടാം വയസ്സില്‍ മരിച്ചുപോയ തന്‍റെ അനിയനെയോര്‍ത്താണ് ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളിയേ എന്ന ഗാനം രചിച്ചതെന്ന് സമാഗമത്തില്‍ അതിഥിയായെത്തിയ ബിച്ചു തിരുമല പറഞ്ഞു. ബാലഗോപാല്‍ എന്നായിരുന്നു അനിയന്‍റെ പേര്. ആ ഗാനം, ലോകചുറ്റിയ ഒരു ബ്രിട്ടീഷ് ഗായകന്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമചെയ്ത് അതേ ഈണത്തില്‍ പാടിയതും ബിച്ചു ഓര്‍മ്മിച്ചു.

Singing and swinging on top of a pinewood O! nightingale…

When I'm oiling my baby will you be able to sing a song? എന്നായിരുന്നു ആ വരികള്‍.


മണിച്ചിത്രത്താഴ് സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കാന്‍ തനിക്ക് ആദ്യം മടിയായിരുന്നുവെന്ന് അതിഥിയായെത്തിയ പ്രശസ്ത സംഗീതജ്ഞന്‍ എം ജി രാധാകൃഷ്ണന്‍. സിനിമ പുറത്തിറങ്ങിയതിനുശേഷം ഫാസിലിന് ഒന്നും സംഭവിച്ചില്ലെങ്കിലും തനിക്കും ബിച്ചു തിരുമലയ്ക്കും ആശുപത്രിവാസമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.


മുപ്പതോളം ചലച്ചിത്രങ്ങൾ സം‌വിധാനംചെയ്ത ഫാസിൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെയാണ് ഈ രംഗത്തേക്കെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും അദ്ദേഹം സം‌വിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്‍റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്, എന്നെന്നും കണ്ണേട്ടന്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഹിറ്റ്ചിത്രങ്ങളില്‍ ചിലതാണ്.




bottom of page