ഗിരീഷ് പുത്തഞ്ചേരിയെന്ന വ്യക്തിയെ, കലാകാരനെ ഓര്‍ക്കുമ്പോള്‍…
മലയാളചലച്ചിത്രഗാനങ്ങള്‍ക്ക് പുതിയ ഭാവുകത്വം നല്‍കിയ ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി. മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം. 1989-ൽ പുറത്തിറങ്ങിയ ‘എൻക്വയറി’ എന്ന ചിത്രത്തിലെ ഗാനരചന നിര്‍വ്വഹിച്ചുകൊണ്ടാണ് മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് അദ്ദേഹം കാൽവയ്ക്കുന്നത്. 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങൾ അദ്ദേഹമെഴുതിയിട്ടുണ്ട്. എഴുതവണ സംസ്ഥാനസർക്കാറിന്‍റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരം കരസ്ഥമാക്കി. 1961ല്‍ കോഴിക്കോട് ജനിച്ച അദ്ദേഹം 2010 ഫെബ്രുവരി 10-ന് മസ്തിഷ്കരക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽവച്ച് അന്തരിച്ചു. അമൃത ടി വി സംപ്രേഷണംചെയ്ത ‘സംഗീത സമാഗമം’ എന്ന പരിപാടിയില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ സംഭാവനകളേയും വ്യക്തിജീവിതത്തിന്‍റെ പ്രത്യേകതകളേയും പ്രഗല്‍ഭരായ ഗായകരും സംവിധായകരും അനുസ്മരിക്കുകയുണ്ടായി.
‘സംഗീത സമാഗമ’ത്തിന്‍റെ അവതാരകനായിരുന്ന മുന്‍മന്ത്രി എം കെ മുനീര്‍ ഗിരീഷ് പുത്തഞ്ചേരിയെ അനുസ്മരിച്ചു. “ഗിരീഷ് ആരെ കണ്ടാലും അവരുടെ പാട്ടുകള്‍ പാടിക്കൊടുക്കും.ഏത് എഴുത്തുകാരനോ സംവിധായകനോ ആകട്ടെ. അവര്‍ക്ക് അത് കേള്‍ക്കുന്നത് വളരെ സന്തോഷമാണുതാനും.. അങ്ങനെ കുറുക്കുവഴിയിലൂടെ ആളുകളുടെ മനസ്സില്‍ കയറിപ്പറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴില്‍ മാത്രമുള്ള ഒരു വാക്കാണ് അന്‍പ് തൊല്ലൈ എന്നത്.. അതിന് സമാനമായ വാക്ക് മലയാളത്തിലില്ല. സ്നേഹിച്ച് കൊല്ലുക, സ്നേഹോപദ്രവം എന്നും പറയാം. ആത്മാര്‍ത്ഥമായാണ് അദ്ദേഹം സ്നേഹിക്കുന്നത്. അതിന്‍റെപേരിലാണ് പിണക്കം മുഴുവന്‍… ഉപദ്രവവും. വളരെ പൊസ്സസ്സീവ് ആയിരുന്നു അദ്ദേഹമെന്നും മുനീര്‍ ഓര്‍ക്കുന്നു.
ഏതൊരു കലാകാരനും, അത് എഴുത്തുകാരനാകട്ടെ, സംവിധായകനാകട്ടെ, നടനാകട്ടെ, സെന്‍റിമെന്‍സ് മനസ്സിലുണ്ടെങ്കിലേ അതിന് സൌന്ദര്യമുണ്ടാവുകയുള്ളൂവെന്ന് ഗായകന്‍ പി.ജയചന്ദ്രന്‍. വികാരങ്ങളുണ്ടെങ്കില്‍ മാത്രമേ കലാകാരനാകൂവെന്ന് സംവിധായകന്‍ കമലും അഭിപ്രായപ്പെട്ടു. അതിന്‍റെ ഉത്തമോദാഹരണമാണ് ഗിരീഷ് പുത്തഞ്ചേരിയെന്ന് ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. “പെട്ടെന്ന് ദേഷ്യംവരും. സങ്കടവും സ്നേഹവുമെല്ലാം അതുപോലെതന്നെ. അതുപോലെ അദ്ദേഹത്തിന് വരികളും പെട്ടെന്നായിരുന്നു വന്നിരുന്നത്”, അദ്ദേഹം പറഞ്ഞു.
ദേവരാജന്‍ മഷൊക്കെ അതുപോലായിരുന്നല്ലോ എന്ന് മുനീര്‍. വികാരങ്ങളുടെ ഒരു വിസ്ഫോടനമായിരുന്നു അദ്ദേഹത്തിലുണ്ടായിരുന്നത്. ദേവരാജന്‍ മാഷിന്‍റെ സംഗീതസൃഷ്ടികള്‍ തനിക്ക് എപ്പോഴും ഒരദ്ഭുതമായിരുന്നുവെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു. പ്രണയം, വിഷാദം, ഭക്തി തുടങ്ങി എല്ലാ വികാരങ്ങളും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. എങ്ങനെ ഈ പ്രണയവികാരമൊക്കെ അദ്ദേഹം ഉള്ളില്‍വച്ചു നടന്നുവെന്ന് താന്‍ അതിശയിച്ചിരുന്നുവെന്നും ജയചന്ദ്രന്‍. “ഗിരീഷ് കുറച്ച് നേരത്തേ ജനിക്കേണ്ട ആളായിരുന്നു. അവരുടെയൊക്കെ ഒരു കോമ്പിനേഷന്‍ നമുക്കുലഭിച്ചേനെ. ബാബുരാജിന്‍റെ കാലത്ത് പുത്തഞ്ചേരി ജനിച്ച് കോഴിക്കോട് അവരൊന്നിച്ചുകൂടിയിരുന്നെങ്കില്‍ അതിമനോഹര ഗാനങ്ങള്‍ മലയാളത്തിനുലഭിച്ചേനെ.”
ജയചന്ദ്രന്‍റെ നിരീക്ഷണം വളരെ കൃത്യമാണെന്നായിരുന്നു കമലിന്‍റെ വാക്കുകള്‍. “കുറച്ചുകൂടി മുന്‍പേ ജനിക്കേണ്ടയാളാണ് ഗിരീഷ്. എങ്കില്‍ അദ്ദേഹം ഗാനരംഗത്ത് അദ്ഭുതങ്ങള്‍ കാട്ടിയേനേ. കാരണം, സിനിമയുടെ രീതികള്‍ മാറിയപ്പോള്‍ പാട്ടിന്‍റെ സിറ്റുവേഷന്‍സ് കുറഞ്ഞുതുടങ്ങി.പലപാട്ടുകളും താന്‍ ഇഷ്ടമില്ലാതെ എഴുതിയതാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു”, കമല്‍ ഓര്‍ക്കുന്നു.
കോഴിക്കോട്ടുകാര്‍ സ്വതവേ സെന്‍റിമെന്‍സുള്ളവരാണെന്നും ഗിരീഷിനൊക്കെ മദ്യത്തിലേക്ക് ആസക്തിപോകുന്നത് മനസ്സ് ശുദ്ധമായതുകൊണ്ടാണെന്നും ജയചന്ദ്രന്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ആശങ്കപ്പെട്ടിരുന്നില്ല. അവരൊക്കെ സമ്പൂര്‍ണ്ണ കലാകാരന്മാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗിരീഷ് പുത്തഞ്ചേരി സ്പെഷ്യല്‍ എപ്പിസോഡില്‍ മലയാളചലച്ചിത്രമേഖലയിലെ മറ്റു പല പ്രഗല്‍ഭരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനെത്തിയിരുന്നു. മുഴുവന്‍ എപ്പിസോഡുകളും കാണാന്‍ അമൃത ടി വി ആര്‍ക്കൈവ്സ് (Amrita TV Archives) സന്ദര്‍ശിക്കൂ.