‘ബിഗിലി’ന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഐ എം വിജയന്‍
മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെയാകമാനം അഭിമാനതാരമാണ് ഫുട്ബോള്‍ താരം ഐ എം വിജയന്‍. തന്‍റെ 18ആം വയസ്സില്‍ സംസ്ഥാന പൊലീസ് സേനയില്‍ ജോലിനേടിയ അദ്ദേഹം, ഫുട്‍ബോളര്‍ എന്നനിലയില്‍ മാത്രമല്ല ചലച്ചിത്ര നടനെന്ന നിലയിലും ശ്രദ്ധേയനാണ്. 2019 ഒക്ടോബറില്‍ പുറത്തിറങ്ങിയ, വിജയ് നായകനായ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം ‘ബിഗിലി’ല്‍ വിജയന്‍ ഒരു പ്രധാന വില്ലന്‍കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ അതിഥിയായി പങ്കെടുക്കവേ തന്‍റെ കരിയറിന്‍റെ ബഹുമുഖത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.
പ്രശസ്ത തമിഴ് സംവിധായകന്‍ ആറ്റ്ലി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് ദളപതി വിജയ് ഇരട്ട റോളുകളിലെത്തിയ ‘ബിഗില്‍’, 2019ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു ഐ എം വിജയനെത്തിയത്. ചിത്രത്തിന്‍റെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കവേ നടന്‍ വിജയുമൊത്തുള്ള ഒരു സംഘട്ടനരംഗത്തിലെ മറക്കാനാവാത്ത കാര്യവും അദ്ദേഹം പങ്കുവച്ചു. റെയില്‍വേ സ്റ്റേഷനില്‍ വിജയ്യുമൊത്തുള്ള ഒരു സംഘട്ടനരംഗമുണ്ട്. ഒരു രംഗത്തില്‍ താന്‍ നായകനെ നെഞ്ചത്ത് ചവിട്ടണം. എന്നാല്‍ വലിയ വിജയ് ആരാധകനായ തനിക്ക് അതുചെയ്യാന്‍ മടിതോന്നിയെന്നും ഇതറിഞ്ഞ വിജയ് തന്‍റെ അരികിലെത്തി തന്‍റെ കയ്യെടുത്ത് അദ്ദേഹത്തിന്‍റെ ഇടതു നെഞ്ചില്‍ തട്ടിയിട്ട് “ഇങ്കെ ചവിട്ടിടൂ സാര്‍…” എന്നു പറഞ്ഞത് തനിക്ക് ഇപ്പോഴും അദ്ഭുതകരവും മറക്കാനാവാത്തതുമായ അനുഭവമാണെന്ന് ഐ എം വിജയന്‍ പറഞ്ഞു. വിജയ് ഏറെ എളിമയുള്ളയാളാണ്. അദ്ദേഹത്തിന്‍റെ എളിമയും സ്നേഹവും പെരുമാറ്റവുമെല്ലാം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് വിജയന്‍ ഓര്‍മ്മിക്കുന്നു.
ജയരാജ് സംവിധാനം ചെയ്ത ‘ശാന്തം’ എന്ന ചിത്രത്തിലൂടെയാണ് ഐ എം വിജയന്‍ അഭിനയരംഗത്തേക്ക് എത്തിയത്. 2001-ലെ 48-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്ക്കാരം ഈ ചിത്രം നേടി. 2003ലെ അര്‍ജുന അവാര്‍ഡ് വിജയികൂടിയാണ് അദ്ദേഹം.