top of page

തന്നെ ഋഷിരാജ് സിങ് ഐ പി എസ് സസ്പെന്‍റ് ചെയ്യാനൊരുങ്ങിയ സംഭവം വിശദീകരിച്ച് ജ്യോതിക്കുട്ടന്‍



അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാ’മെന്ന മ്യൂസിക്കല്‍ ചാറ്റ് ഷോയിലൂടെ നിരവധി പ്രഗല്‍ഭ ഗായകരാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒരുകാലത്ത് ഗാനമേള വേദികളെ ഹരംകൊള്ളിച്ചവരായിരുന്നു അവര്‍. അതിലൊരു ഗായകനാണ് കേരള പൊലീസില്‍ നിന്നുള്ള ജ്യോതിക്കുട്ടന്‍. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം, മുഴുവന്‍സമയ ഗായകനായി തുടങ്ങി പിന്നീട്, പൊലീസ് സേനയിലെത്തിയ കലാകാരനാണ്. 1991ല്‍ തന്‍റെ 18ആം വയസ്സുമുതലാണ് അദ്ദേഹം ഗാനമേളകളില്‍ പാടിത്തുടങ്ങിയത്. ഇപ്പോഴും സംഗീതം തെല്ലിട ചോരാതെ നിയമം നടപ്പില്‍വരുത്തുന്ന ഒരു കണിശക്കാരനായ ഉദ്യോഗസ്ഥനാണദ്ദേഹം. ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്രയില്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ഗാനമേളാജീവിതം 2005ല്‍ പൊലീസ് സേനയില്‍ സിവില്‍ പൊലീസ് ഓഫീസറായി കയറിയതുവരെ തുടര്‍ന്നു. പിന്നീട് ഗാനമേളകള്‍ക്ക് കുറച്ചിടവേള വന്നു.

മലയാളികളുടെ പ്രിയ ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് ഒരിക്കല്‍ ജ്യോതിക്കുട്ടനെ സസ്പെന്‍റ് ചെയ്യാനൊരുങ്ങിയിട്ടുണ്ട്. ആ കഥ ‘പാടാം നേടാ’മിന്‍റെ വേദിയില്‍ അവതാരകനായ പ്രമുഖ ഗായകന്‍ എം ജി ശ്രീകുമാറിനോടും അതിഥിയായെത്തിയ സംഗീത സംവിധായകന്‍ ശരത്തിനോടും അദ്ദേഹം പങ്കുവച്ചു.


‘ജനങ്ങളോടൊപ്പം 50 വര്‍ഷം’ എന്ന പേരില്‍ പോലീസിന്‍റെ 50ആം വാര്‍ഷികത്തിന്‍റെ പ്രോഗ്രാം റിഹേഴ്സല്‍ നടക്കുന്ന കാലം. അന്ന് ഐ ജിയായിരുന്ന ഋഷിരാജ് സിങ്ങിനായിരുന്നു പരിപാടിയുടെ നടത്തിപ്പു ചുമതല. എല്ലാ ദിവസവും രാവിലെ റിഹേഴ്സല്‍ ഉണ്ട്. ഒരു ദിവസം രാവിലെ ക്ഷേത്രത്തില്‍ പോയി തൊഴിതിട്ടാണ് താന്‍ റിഹേഴ്സല്‍ ക്യാമ്പിനെത്തിയതെന്ന് ജ്യോതിക്കുട്ടന്‍. അവിടെയുണ്ടായിരുന്ന ഋഷിരാജ് സിങ് തന്നെ കണ്ടു. അപ്പോള്‍ത്തന്നെ എസ് ഐയെ വിളിച്ചു പറഞ്ഞു, 'ഒരാള്‍ മുണ്ടുടുത്തു വന്നു. അയാളെ വിളിച്ച് അയാളുടെ യൂണിറ്റേതാണെന്നറിഞ്ഞിട്ട് സസ്പെന്‍റ് ചെയ്യണ’മെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റൊന്നും നോക്കാതെ, വിശദീകരണവും ചോദിക്കാതെ ഒറ്റയടിക്ക് അദ്ദേഹം സസ്പെന്‍ഷന് ഉത്തരവിടുകയായിരുന്നു. അപ്പോള്‍ ആ എസ് ഐ ഓടി തന്‍റെ അടുത്തെത്തി എന്താണ് മുണ്ടുടുത്തുവന്നതെന്ന് ചോദിച്ചു. താന്‍ അമ്പലത്തില്‍ പോയിട്ടാണ് വന്നതെന്ന് മറുപടി നല്‍കി. അദ്ദേഹം ഇക്കാര്യം ഋഷിരാജ് സിങ്ങിനെ അറിയിച്ചു. 'അമ്പലം, പള്ളി, മോസ്ക് ഇതൊന്നും എനിക്ക് കേള്‍ക്കണ്ട. ഇനി മുതല്‍ ആരും റിഹേഴ്സല്‍ ക്യാമ്പില്‍ മുണ്ടുടുക്കാന്‍ പാടില്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ താന്‍ പാട്ട് പാടിയപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായെന്നും 'താന്‍ കലക്കിയടോ കലക്കി'യെന്ന് പറഞ്ഞ് തന്നെ അഭിനന്ദിച്ചുവെന്നും ജ്യോതിക്കുട്ടന്‍ ഓര്‍ക്കുന്നു.


കേരളാ കേഡറിൽ 1985 ബാച്ച് ഐ പി എസ് ഓഫീസറായിരുന്നു ഋഷിരാജ് സിങ്. മലയാള സിനിമയോടും ഗാനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ ഇഷ്ടം പ്രസിദ്ധമാണ്. മലയാളം അറിയാതിരുന്ന ഋഷിരാജ് സിങ് പിന്നീട് 'വൈകും മുൻപേ’ എന്ന പേരിൽ മലയാളത്തിൽ പുസ്തകവുമെഴുതി. ജയിൽ വകുപ്പ് മേധാവിയായിരുന്ന അദ്ദേഹം 2021 ജൂലൈ 31 ന് സർവീസിൽ നിന്ന് വിരമിച്ചു.


bottom of page